Tuesday, April 1, 2014

രണ്ടാമന്‍

എന്റെ മറ്റൊരു രൂപമുണ്ട് 
നിഴലില്ലാത്ത ഗന്ധമില്ലാത്ത 
ഒരഞ്ജാത രൂപം.

ഞാന്‍ നന്മ വിതയ്ക്കുന്നിടത്ത്
തിന്മയുടെ കള നടുന്നവന്‍.

എന്റെ കഞ്ഞി പാത്രത്തില്‍ 
ഉപ്പ്‌ കൂട്ടുന്നവന്‍.

എന്റെ ചായ കോപ്പയില്‍
കയ്പ്പ്‌ കലര്‍ത്തുന്നവന്‍.

ഉണക്കാനിട്ട തൂവെള്ള കുപ്പായത്തില്‍
മഷിയൊഴിച്ചു മറഞ്ഞു നിന്നവന്‍.

കറുപ്പില്‍ കരി തേച്ചു കറുകറുപ്പെന്നു
പറ്റിച്ചവന്‍.

കണ്ണുകള്‍ പൊത്തിപിടിച്ചിട്ടു
കറുത്ത വാവെന്നു പറഞ്ഞവന്‍.

കണ്ണിലെ കരട് മാറ്റി കണ്ണീരില്‍ വെള്ളം കൂട്ടി 
മുഖം പൊത്തി ചിരിക്കാന്‍ പഠിപ്പിച്ചവന്‍.

' അഹങ്കാരി ' എന്നെഴുതിയ കടലാസൊട്ടിക്കാന്‍
നെറ്റിയില്‍ പശ തേയ്ച് തന്നവന്‍.

പുഞ്ചിരിച്ചുകൊണ്ട് കൊലക്കത്തി
പുറകിലൊളിപ്പിക്കുന്നതെങ്ങനെയെന്നു
കാട്ടി തന്നവന്‍.

എതിര്‍ക്കാന്‍ വരുന്നവന് നേരെയുതിര്‍ക്കാന്‍ 
കൂരമ്പുകള്‍ക്കു മൂര്‍ച്ചയേറ്റിത്തന്നവന്‍.

ഭീഷണി മുഴക്കിയവനേഷണി കേറ്റാന്‍
ഉച്ചഭാഷിണിയില്‍ പാഷാണം കലക്കിയവന്‍.

ഒച്ച കൂട്ടി പിച്ച തെണ്ടാന്‍ പിച്ച പാത്രത്തില്‍
പച്ച നോട്ടിട്ട് തന്നവന്‍.

ആലസ്യത്തില്‍ ഏലസ്സ് കെട്ടി മേദസ്സു കൂട്ടാന്‍
സ്വാദുള്ള ശ്രോതസ്സ് കാട്ടി തന്നവന്‍.

" പ്രേമത്തിന് കണ്ണില്ലാ " യെന്നതിനെ 
കാമത്തിനു കണ്ണില്ലായെന്നു തിരുത്തി വായിപ്പിച്ചന്‍.

മുഴുപ്പുള്ള കൊഴുപ്പ്‌ തേടി ഒഴുക്കുള്ള പുഴ കടക്കാന്‍
ചൂട്ട്‌ കത്തിച്ചു കൂട്ട് വന്നവന്‍.

അടി വയറ്റില്‍ മുള്ളാണി കേറ്റിയിട്ട്
രതി വേദനയെന്നോതിയവന്‍.

പിന്നൊരിക്കല്‍ പിണങ്ങി പിരിയാനവനോട് 
ശണ്ട കൂടിയപ്പോഴവനുണ്ട് ചോദിക്കുന്നു 
എന്റെയുള്ളില്‍ കൂടുകൂട്ടാനൊരിടം തരുമോന്നു.

ഇല്ലായെന്നാവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ 
ഒരു മടിയും കാട്ടാതെ കഴുത്തില്‍ കയര്‍ കുരുക്കിട്ട്
ഭൂമി തുരന്നവന്‍ താഴേക്കു ചാടി.

നഷ്ടപ്പെട്ടതറിയാതെ ഞാനിപ്പോഴും 
കണ്ണാടിയിലെന്റെ മുഖം പരതുന്നു. 

14 comments:

  1. ഒന്നാമൻ, ആ സ്ഥാനത്തിനൊത്ത കഴിവ് പുറത്തെടുത്താൽ രണ്ടാമൻ അധികം ശല്യത്തിനു വരില്ലെന്നു തോന്നുന്നു. :)


    നല്ല കവിത. ഇഷ്ടമായി.


    ശുഭാശംസകൾ......

    ReplyDelete
    Replies
    1. അത് വളരെ ശരിയാണ്.. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി :)

      Delete
  2. രണ്ടും ഒന്നാമന്‍

    ReplyDelete
    Replies
    1. അങ്ങനെയും പറയാം അല്ലെ സാര്‍ ?:)

      Delete
  3. ആദ്യമായി ഞാന്‍ വായിച്ച ബ്ലോഗ്‌ കവിത ..നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. നന്ദി നിമിത :) വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും :)

      Delete
  4. പലപ്പോഴും ഈ രണ്ടാമന്മാരാണ് മനുഷ്യനെ കേടാക്കുന്നത്. എന്നാൽ രണ്ടാമനില്ലാതെ നമുക്ക് ജീവിക്കാനാകുമോ ? അതുമില്ല. നല്ല നടപ്പുള്ള ഒരു രണ്ടാമനെയാണ് നമുക്ക് വേണ്ടത്- തിന്മയിലേക്ക് പോകുമ്പോൾ നമ്മളെ കൈ പിടിച്ചു വലിച്ചു അങ്ങോട്ട്‌ പോകണ്ട എന്ന് പറയുന്ന ഒരു നല്ല രണ്ടാമനെ.

    ആശംസകളോടെ

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍ :) വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും :)

      Delete
  5. ഒന്നാമൻ തന്നെയല്ലേ രണ്ടാമൻ?!

    ReplyDelete
  6. അങ്ങനെയുമാകാം സാര്‍ :)

    ReplyDelete
  7. ഞാനാരെന്ന സത്യം നീയറിയുന്നതിനെക്കാൾ എന്ത് കൊണ്ടും നല്ലത് ഞാൻ അറിയുന്നത് തന്നെയാണ് ...എങ്കിൽ പിന്നൊരിക്കലും ഞാനാരെന്ന ചോദ്യം എന്നിൽ ഉദിക്കുകയുമില്ല ....നിന്നിൽ മുളയ്ക്കുകയുമില്ല ......

    മനോഹരമായിരിക്കുന്നു ...

    ReplyDelete
    Replies
    1. നമുക്കിടയില്‍ മറവിയുടെ പലക വാതില്‍ കൊട്ടിയടക്കപ്പെടും വരെ.. നന്ദി ബിസ്മിത :)

      Delete
    2. നമ്മൾ കൊട്ടിയടക്കപ്പെടും വരെ...........

      Delete
    3. ........തുടരുന്ന ചില നേര്‍ത്ത ടെലിപ്പതിക് തരംഗങ്ങള്‍ മുറിയാതിരിക്കട്ടെ :)

      Delete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....