Monday, August 15, 2011

കഥകേൾക്കാൻ


അവളെന്നെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. അവളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.  പറഞ്ഞിരന്നത് പോലെ മുടിയിൽ വെള്ള റോസപ്പൂവ് ചൂടിയിരുന്നു.  കയ്യിൽ വെറോണിക്ക ഷെസ്ഫീൽഡിന്റെ ' റെഡ്ജീൻ ' കരുതിയിരുന്നു. എന്നെ തിരിച്ചറിയാൻ ഞാൻ ആ പുസ്തകത്തിലെ എഴുപത്തിരണ്ടാം പേജിലെ  മൂന്ന് മുതലുള്ള വരികൾ  കാണാതെ  പറയേണ്ടതുണ്ട്. അവൾക്കരികിലേക്ക് നടന്നുക്കൊണ്ട് ഞാനത് മനസിലോർത്തു പഠിച്ചു.
 " അവൻ പുറപ്പെട്ടത് മുതൽ അവൾ കാത്തിരിക്കുകയാണു, ഇനിയൊരു തിരിച്ചു വരവിനായി. അവളവനോട് ഒന്നും പറഞ്ഞുകഴിഞ്ഞിരുന്നില്ല. ഇനിയും പറയാനേറെ. അവന്റെ മാറിൽ തലചായ്ച്ച് ഇനിയും എത്ര രാത്രികളിൽ കഥാലോകം സൃഷ്ടിക്കണം. അതിനായി ഇനിയവൻ വരുമോ?  ഒരിക്കലും പറഞ്ഞു തീരാത്ത അവളുടെ കഥകൾ  സൃഷ്ടിക്കപ്പെട്ടുക്കൊണ്ടിരുന്നു."
മനസ്സിലിത് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അവളുടെ മുന്നിലെത്തിയപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞു.
       "ഞാൻ പുറപ്പെട്ടതു മുതൽ നിന്നെക്കാണാനുള്ള തിടുക്കാത്തിലായിരുന്നു.  ഇനിയൊരു തിരിച്ചുവരവു പ്രതീക്ഷിച്ചതല്ല. നിന്നെക്കേൾക്കാനും, അറിയാനും ഇനിയുമേറെ. നിന്റെ മടിയിൽ തലവെച്ച്, നീ സൃഷ്ടിക്കുന്ന കഥാലോകത്ത് ഉറക്കമിളിക്കാൻ  കഴിയുമെന്നു കരുതിയില്ല". ഞാൻ പറഞ്ഞത് പൂർണ്ണമായും ശരിയാണെന്നു തോന്നുന്നു. അവളെന്നെ അകത്തേക്കു കൂട്ടിക്കൊണ്ട് പോയി. 

വഴിതെറ്റിയത് മുതൽജീവിത യാത്രയിൽ എപ്പഴോ എവിടെയോ വച്ച് വഴിതെറ്റി. അതോ വഴി മാറി നടന്നതോ. അറിയില്ല. വഴിതെളിക്കേണ്ടവർ യാത്രയുടെ ആരംഭത്തിൽത്തന്നെ യാത്ര മതിയാക്കി തിരികെ പോയി. മാതവിന്റെ അടിവയറ്റിൽ നിന്നും ഭൂമി മാതാവിന്റെ അടിവയറ്റിലേക്കു. പക്ഷെ ആത്മാവ് ശാസ്ത്രത്തെ തെറി പറഞ്ഞ്, വിശ്വാസത്തിന്റെ വഴിയിൽ ഒളിഞ്ഞും അപൂർവം ചിലപ്പോൾ തെളിഞ്ഞും സഞ്ചരിക്കുന്നു.
                                                 വഴിതെറ്റിയടുത്തേക്ക് പോകും മുൻപ് ഒരു കര്യം..വഴി തെറ്റിയത് മരുഭൂമിയിൽ വച്ചോ കടൽത്തീരത്ത് വച്ചോ അല്ല. തിരക്കേറെയുള്ള ഒരു തെരുവിൽ വച്ചാണത് സംഭവിച്ചത്.  നിശബ്ദമായി വഴിക്കാട്ടുന്ന സൂചനാ ബോർഡുകൾ ഉണ്ടായിട്ടും എവിടേക്ക് തിരിയണമെന്നറിയാതെ, ആകെ വിയർത്ത്, അഴുക്കുപിടിച്ച്, താടിയും മുടിയും വളർന്ന്, ദുർഗന്ധം പരത്തിക്കൊണ്ട്, കണ്ണുകൾ തുറന്നു എന്നാൽ  കാഴ്ച നഷ്ടപ്പെട്ടവനെ പോലെ എവിടെയെന്നില്ലാതെ അലയാൻ തുടങ്ങി. കഴ്ചകൾക്ക് നിറമില്ലായിരുന്നു. എല്ലാം കറുപ്പും വെളുപ്പും മാത്രം. ചിലപ്പോൾ ഇരുട്ടിന്റെ കറുപ്പ്. അപ്പോൾ അടിവയറ്റിൽ നിന്നും കടൽ ഇരമ്പുന്നത് പോലെ എന്തോ ഒന്നു മുകളിലെക്ക് ഉരുണ്ട് വരും. ഉടൻ കൈകാലുകൾ കുഴഞ്ഞു താഴേക്കു വീഴും. വിശപ്പെന്ന പ്രതിഭാസമയിരുന്നു അത്. കണ്ണുകൾ തുറക്കുമ്പോൾ മുലപ്പാലിന്റെ നിറമുള്ള എന്തോ ഒന്ന് എന്റെ മുഖത്തേക്കു തെറിച്ച് വീഴും. അതിനു പിന്നാലെ വീഴുന്ന വെള്ളിനാണയങ്ങൾക്കും മുഷിഞ്ഞ നോട്ടുകൾക്കും എന്റെ വിശപ്പടക്കാനാകും.
                                               ഒരു ദരിദ്ര സ്ത്രീയുടെ ഗർഭപാത്രത്തിലേക്കു തെറിച്ചു വീണ ദരിദ്ര ബീജം വളർന്നുണ്ടായതാണു ഞാൻ. ഏഴാം മാസത്തിൽ വളർച്ചയെത്താതെ ഭൂമിയിൽ പിറന്നു വീണു. എന്റെ ശരീരവും ദാരിദ്ര്യം അനുഭവിക്കുകയായിരുന്നു. പട്ടിണിക്കിടയിലും അവർക്കുള്ള ആഹാരം കൂടി എന്നെക്കൊണ്ട് കഴിപ്പിച്ചു. എന്റെ ആരോഗ്യത്തിനായി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളൊക്കെ അവർ കയറിയിറങ്ങി.  ഞാനൊരു ആരോഗ്യവാനായി തീർന്നപ്പോഴേക്കും അവരുടെ ആരോഗ്യം ക്ഷയിച്ചു. രോഗങ്ങൾ അവരെ കൂട്ടിക്കൊണ്ടു പോയി. അവർ പോകുന്നതും നോക്കി വീട്ടുപടിക്കൽ അന്തിച്ചു നിന്നപ്പോൾ അറിയില്ലായിരുന്നു ഈ ലോകത്തെക്കുറിച്ച്. കൊഴുത്ത ശരീരം ജീവിതയാത്രയിൽ കൂട്ടായി, സഹായമായി.
                                              പുറം ലോകം കണ്ടു പരിചയിച്ചപ്പോൾ ആണത്തം പൊട്ടിമുളച്ചു. ഒരുത്തനേയും കൂസാതെ മുന്നോട്ടു നടന്നു. എത്തിപ്പെട്ടടുത്തൊക്കെ ഒറ്റയാനായി. അവിടുത്തെ അധിപനായി. നന്മയും തിന്മയും തിരിച്ചറിഞ്ഞപ്പോഴും, തിന്മയുടെ വഴിയെ സഞ്ചരിച്ചപ്പോഴും, നന്മയുടെ ഒരു കനൽ മനസ്സിലെവിടെയോ അണയാതെകിടന്നു. ചിലപ്പോളതു പുകഞ്ഞു പുക പുറത്തേക്കു വരാറുണ്ടു. പുകയുടെ ഗന്ധം അറിഞ്ഞവർ പലപ്പോഴും നിശബ്ധമായി ഉപദേശിക്കാറുണ്ട്. പക്ഷെ അതിന്റെ പൊരുൾ മൻസ്സിലാക്കിയപ്പോഴേക്കും ഇരുൾ വീണ ഏതോ വഴിയരികിൽ കാലുകൾ കുഴഞ്ഞു വീണു. അവിടുന്നു പിടഞ്ഞെണീറ്റപ്പോൾ പിന്നിൽ വെളിച്ചം അണഞ്ഞിരുന്നു. വാതിൽ അടയ്ക്കപ്പെട്ടിരുന്നു. പിന്നെ മുന്നിലെ ഇരുട്ടിലൂടെ വേച്ച് വേച്ച് നടന്നു.

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....