Wednesday, August 31, 2011

നിലാവിന്റെ തോഴി

കാവിൽ വിളക്കണഞ്ഞു. മാനത്ത് ചന്ദ്രിക തെളിഞ്ഞു. ഇടതൂർന്ന്  നില്ക്കുന്ന വൃക്ഷങ്ങൾക്കിടയിലൂടെ ചന്ദ്രികയുടെ നേർത്ത കിരണങ്ങൾ കടന്നുവന്നു. കാവിനുള്ളിൽ അവ താരങ്ങൾ വിരിയിച്ചു. ദൂരെയെങ്ങു നിന്നോ കാളവണ്ടിയുടെ കട കട ശബ്ദം കേൾക്കാം. കൂടെ കാളയുടെ കഴുത്തിലെ മണിയൊച്ചയും, കുളമ്പടി ശബ്ദവും.  എല്ലാം കൂടെ കാളവണ്ടിക്കാരന്റെ പാട്ടിനു താളം പിടിക്കുന്നതായി തോന്നും  
                                            ആ വണ്ടിയിലുണ്ടാവുമോ അവൻ..പൂരപറമ്പിൽ നിന്നും കരിവളയും, കണ്മഷിയും, ചാന്തും വാങ്ങിക്കാണുമോ? മൊരിഞ്ഞ അരിമുറുക്ക് വാങ്ങിക്കാണുമോ? അവൾക്ക് ധൃതിയായി. കാളവണ്ടി അടുത്ത് വരുന്നുണ്ട്. അവൾ പട്ട് പാവടയും, ഉടുപ്പും മണത്ത് നോക്കി. പിച്ചി പൂവിന്റെയും കാരസോപ്പിന്റെയും, പെട്ടിയിലിട്ടിരുന്ന പാറ്റാഗുളികയുടെയും മണം. അവളുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തിക്കളിച്ചു.
                 
        ഈ രാത്രിയിൽ എന്തിനാണവൾ കാവിൻ തറയിൽ ഒറ്റയ്ക്കിരിക്കുന്നത്...?

                        **                                   **                                     **                                   **                                  **                          
                                 
                കൺമഷിയെഴുതുമ്പോൾ അവളുടെ കണ്ണുകൾ മാനത്ത് വിരിയുന്ന താരങ്ങൾ പോലെ തിളങ്ങും. കരിവളയണിഞ്ഞാൽ കൈകൾ കടഞ്ഞെടുത്തതാണെന്നു തോന്നും.തിരുനെറ്റിയിൽ ചാന്ത് തൊട്ടാൽ ദേവതയാകും. അരിമുറുക്ക് കടിച്ച് മുറിക്കുമ്പോൾ മുല്ലമൊട്ടു പോലുള്ള പല്ലുകൾ നിലാവിന്റെ ശോഭയിൽ തിളങ്ങും.
                 
              കണ്ണിൽ കരിയെഴുതിയ, കയ്യിൽ കരിവളയിട്ട, തിരുനെറ്റിയിൽ ചാന്ത് തൊട്ട ദേവതയാണവൾ.
   അവൻ അവൾക്കു കണ്മഷി വാങ്ങി കൊടുക്കും. അവൾ കണ്ണുകളിൽ പ്രണയം നിറയ്ക്കും. അവൻ അവൾക്കു കരിവളകൾ വാങ്ങി കൊടുക്കും. അവൾ അവനു വളപ്പൊട്ടുകൾ നൽകും. അവൻ അവൾക്ക് ചന്തു വാങ്ങി കൊടുക്കും. അവൾ അവന്റെ നെഞ്ചിൽ ചാന്ത് മായ്ക്കും. അവൻ അവൾക്കു അരിമുറുക്ക് വാങ്ങി കൊടുക്കും. അവൾ അവനെ പാടിയുറക്കും. അവൾ അവനെ പിച്ചിപൂവിന്റെയും കാരസോപ്പിന്റെയും പാറ്റഗുളികയുടെയും സുഗന്ധത്തിൽ ലയിപ്പിക്കും. അവൻ അവളെ ചന്ദ്രിക നിലാവു പരത്തുന്ന രാവിൽ മായ്ക്കും.
               പിന്നിടൊരിക്കൽ അവൾ രാവിന്റെ തോഴിയായി. ചന്ദ്രിക നിലാവൊഴുക്കുന്ന രാവുകളിൽ അവളും നിലാവായി. കണ്മഷിയെഴുതാത്ത കണ്ണുകളിൽ തീജ്വലിച്ചു. കരിവളയണിയാത്ത കൈകളിൽ കൂർത്ത നഖങ്ങൾ അഭംഗിയേകി. ചാന്ത് തൊടാത്ത നെറ്റിയിലേക്ക് മുടി നാഗങ്ങളെ പോലെ ഇഴഞ്ഞിറങ്ങി. അട്ടഹസിക്കുമ്പോൾ
പല്ലിൽ നിന്നും ചോരയൊലിച്ചു
                                                   .......അവൾ പാലപ്പൂമണമായി.
               

Monday, August 29, 2011

അകാരണമായി


എന്റെ കയ്യിൽ ഉള്ളതിനേക്കാളും, എനിക്ക് കൊടുക്കാൻ മനസ്സുള്ളതിനേക്കാളും വലിയ ഒരു തുകയാണു അവർ എന്നോട് ആവശ്യപ്പെട്ടത്. ഒരു ഞെട്ടലുണ്ടായെങ്കിൽ കൂടി അത് പ്രകടിപ്പിക്കാതെ കൈമലർത്തി. അവർ വളരെ ദയനീയമായി യാചിച്ച് കൊണ്ടിരുന്നു. എന്താണവരുടെ ആവശ്യം എന്നാരായാൻ തീരുമാനിച്ചു. പക്ഷെ ചോദിച്ചപ്പോൾ അവർ ദേഷ്യപ്പെടുകയാണു ചെയ്തത്. അവർ എന്നെ തുടർച്ചയായി തെറി വിളിച്ചു് കൊണ്ടിരുന്നു. എന്താണവരുടെ ആവശ്യം എന്നറിയാൻ ഒരു മാർഗ്ഗവും ഇല്ല. ഒരു പക്ഷെ മാനസ്സിക വിഭ്രാന്തിയുള്ളവരായിരിക്കാം. അവർ എന്നെ ഉപേക്ഷിച്ച് മറ്റൊരാളുടെ അടുത്തേക്ക് നീങ്ങി. അയാളോടും കൈ നീട്ടി. എന്നെ ഒരു പുഛത്തോടെ നോക്കിയതിനു ശേഷം ഒരു പിടി നോട്ടുകൾ അയാൾ അവരുടെ കൈയിൽ വെച്ച് കൊടുത്തു. അവരുടെ ആവശ്യം എന്താണെന്ന് അയാൾ തിരക്കിയില്ല. ചോദിച്ചപാടെ പണം നൽകി. നന്ദി പ്രകടനം നടത്തിയതിനു ശേഷം അയാൾക്കൊരു സലാം നൽകി  വീണ്ടും അവർ എന്റെ അടുത്തേക്കു വന്നു. നേരത്തെ വിളിച്ചതിന്റെ ബാക്കി തെറി കൂടി വിളിച്ചതിനു ശേഷം എന്റെ മുഖത്തേക്കു ആഞ്ഞു തുപ്പി. ഒരു പിടി പൊടി മണ്ണു് വാരി എന്റെ മുഖത്തേക്കെറിഞ്ഞു. ഞാൻ പ്രതികരിക്കാൻ നിന്നില്ല. ഞാനെന്ന യാഥാർത്ഥ്യം വിറങ്ങലിച്ചു നിന്നു. മുഖത്തെ തുപ്പൽ തുടച്ചതിനു ശേഷം അവിടെ നിന്നും നടന്നു മാറി. വളരെയധികം സന്തോഷവതിയായി ഒരു വിജയിയെ പോലെ അവർ പോകുന്നതിനു എതിർ ദിശയിൽ ഇളിഭ്യനായി നടന്നകന്നു.

Thursday, August 25, 2011

വനകല


ഒരു വൃത്തിക്കെട്ട വെളിച്ചം അങ്ങിങ്ങായി പരന്നു് കിടന്നിരുന്നു. ഇടയ്ക്കിടയ്ക്കു വന്നു നില്ക്കുന്ന ബസ്സുകൾ ഉയർത്തുന്ന പൊടി  അവിടെത്തന്നെ തങ്ങി നില്ക്കുന്നു. മൂന്നാമത്തെ ചായ കുടിച്ച് കൊണ്ടിരുന്നപ്പോഴാണു കിഴക്കോട്ടേക്കുള്ള ഇന്നത്തെ നാലമത്തെ ബസ്സ് കവലയിലെത്തിയതു. ചായ ബെഞ്ചിൻ മേൽ വെച്ചിട്ട് ആകാംഷയോടെ പുറത്തേക്കു നോക്കി. ഇല്ല..ഇതിലുമില്ല. വന്നിറങ്ങിയതു മുഴുവൻ കോളേജ് കുമാരി കുമാരന്മാർ. ഏറ്റവും ഒടുവിലായി ഇറങ്ങിയത് ഒരു തടിമാടൻ. അതും ബസ്സ് ഡബിൾ അടിച്ച് നീങ്ങി തുടങ്ങിയതിനു ശേഷം. തടിയൻ വീഴുമെന്ന് കരുതിയതാണ്. പക്ഷെ അതുണ്ടായില്ല. പഹയനു വല്ലാത്ത് ബാലൻസാണെന്നു തോന്നുന്നു. കുമാരിമാർ കൂട്ടത്തോടെ ചായക്കടയുടെ ഇടതു വശത്തുള്ള ഊട് വഴിയിലൂടെ അപ്രത്യക്ഷരായി. തൊട്ടു പുറകയല്ലാതെ രണ്ടു കുമാരന്മാരും വെച്ച് പിടിച്ചു. ബാക്കി കുമാരന്മാർ റോഡിനു മറുവശത്തുള്ള  ഓലപ്പീടികയുടെ മറവിൽ നിന്നു പുകയ്ക്കുന്നു. തടിയന്റെ ചെരുപ്പിന്റെ വാറു പൊട്ടി. ഒരു കുറ്റികല്ലിലിരുന്നു വാറിടാൻ ശ്രമിക്കുന്നു.
                                                പതിനൊന്നു മണിക്കെത്തിയതാണു. ഇതിനകം കിഴക്കോട്ടേക്ക് നാല് ബസ്സുകൾ പോയിക്കഴിഞ്ഞു. അതിൽ രണ്ടെണ്ണം തിരിച്ചും പോയി. ഞാൻ കാത്തിരിക്കുന്ന ആൾ ഇതിലൊന്നും ഉണ്ടായിരുന്നില്ല. സ്ഥലം തെറ്റിയിട്ടില്ല. ഇതു തന്നെയാണു രാഘവേട്ടൻ പറഞ്ഞ സ്ഥലം. ആലും മാവും ഒന്നായി പിണഞ്ഞു വളർന്നു നില്ക്കുന്ന് കവല. അതിനു ചുവട്ടിൽ ഒരു പൊട്ടക്കിണറും
                    ഒരു കാഴ്ച്ച തന്നെയാണിതു.  രതിയിലേർപ്പെട്ടിരിക്കുന്ന സ്വവർഗ്ഗാനുരാഗികൾ. ഇവർ സംഭോഗാവസ്ഥയിലായിട്ടു വർഷങ്ങളായിട്ടുണ്ടു്. ഇവർ പ്രകൃതി വിരുദ്ധർ അല്ല. പ്രകൃതിയിൽ ലയിച്ചു ചേർന്നവർ.
                                               ചായക്കടക്കാരൻ ഇടയ്ക്കെന്നെ നോക്കുന്നുണ്ടു. പല്ല് കുത്തുന്നു. മൂക്കിൽ വിരലിട്ട് കറക്കുന്നു. അകത്തേക്ക് കയറാൻ ശ്രമിക്കുന്ന പൂച്ചയെ  ഓടിക്കുന്നു. ബസ്സിൽ വന്നിറങ്ങുന്നവരോട് കുശലന്വേഷണം നടത്തുന്നു. അവർ പോയ്ക്കഴിയുമ്പോൾ അവരെ കുറിച്ചുള്ള അപവാദങ്ങൾ തൊട്ടടുത്ത തയ്യൽക്കടക്കാരനോട്  പറഞ്ഞു കേൾപ്പിക്കുന്നു. അയാൾക്കു പക്ഷെ വല്ല്യ താല്പര്യമില്ലാത്തതു പോലെ തയ്യൽ തുടരുന്നു.
                                                 ഇനി ഒരു ചായ കൂടി കുടിക്കാൻ വയ്യ. ദാഹവും ക്ഷീണവുമൊക്കെ മാറി. ചെറുതായി വിശക്കുന്നുണ്ടു. പക്ഷെ അതടിവയറ്റിലാണു. ഞാൻ  വന്നു കയറിയപ്പോൾ ചായക്കടക്കാരൻ ചോദിച്ചതാണു എങ്ങൊട്ടേക്കാന്നു്. ഞാനൊന്നും മിണ്ടിയില്ല. പിന്നെ അയാൾ ഒന്നും ചോദിച്ചതുമില്ല. ഞാനൊരു നഗരവാസിയാണെന്നു കരുതിയിട്ടാവും. എന്റെ പെരുമാറ്റത്തിലും ചലനങ്ങളിലും ഒരു നഗരവാസിയുടെ ഹുങ്ക്‍ തോന്നിയിട്ടുണ്ടാവും. ഒരു നഗരവാസി ആരെ കാണാനാണു ഈ പട്ടിക്കാട്ടിൽ വന്നിരിക്കുന്നതു എന്നയാൾ കരുതുന്നുണ്ടാവും. ഞാൻ അന്വേഷിക്കുന്ന വ്യക്തിയെ കുറിച്ച് ഇയാളോടു അന്വേഷിക്കാമെന്നു വച്ചാൽ..ആ വ്യക്തിയുടെ ഈ നാട്ടിലെ അവസ്ഥയെന്താണെന്നറിയില്ല.
                                            ഇന്നത്തെ ആറാമത്തെ ബസ്സും വന്നു പോയി. മൂന്നു ചായ (വിരലിട്ടതു്), നാല് വട (തുളയുള്ളത്), ഒരു പഴംപൊരി (പഴം വയ്ക്കാതെ), രണ്ട് നാരങ്ങാവെള്ളം (ഉറുമ്പുകൾ ദീർഘശ്വാസം വലിക്കുന്നത്), ഒരു മോരും വെള്ളം (അച്ചാറിട്ടത്) മൂന്ന് നാണിപ്പൂവൻ രണ്ട് ഏത്തൻ. പിന്നെ ആറ് കിങ്ങ് ഒരു ഗോൾഡ്  (കിങ്ങിന്റെ കൂടൊഴിഞ്ഞത് കൊണ്ട്). ഇന്നത്തെ അയാളുടെ കച്ചവടം മോശമായില്ല. നൂറ് രൂപ കാശ് എന്റെ കയ്യിൽ നിന്നു തന്നെ അയാൾക്കു കിട്ടി. അത് കൊണ്ടാവാം ഇപ്പോൾ  എന്നെ നോക്കുമ്പോൾ അയാളുടെ മുഖത്ത് വശ്യമായ ഒരു ദയനീയത. വശ്യത കീശ നിറഞ്ഞതിന്റെയും, ദയനീയത എന്റെ ഈ കുത്തിയിരുപ്പ് കണ്ടിട്ടുമാവും.
                                            ഇപ്പോൾ പുറത്ത് പൊടിപടലങ്ങൾ ഒന്നടങ്ങിയിട്ടുണ്ട്. അതോ അന്തരീക്ഷം ഇരുണ്ടത് കൊണ്ട് കാണാൻ കഴിയാത്തതോ?ചായക്കടക്കാരൻ വിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പിലാണു. തയ്യൽക്കാരൻ ഒരു ബൾബ് വലിച്ച് പുറത്തേക്കിട്ടു. ചായക്കടക്കാരൻ പ്രാർത്ഥിക്കുകയാണു. എന്നെ പോലൊരുത്തൻ, അല്ലെങ്കിൽ ഞാൻ തന്നെ നാളെയും വരണേ എന്നാവും.
                                           എന്റെ കാത്തിരിപ്പു തുടങ്ങിയിട്ടു ഏഴ് മണിക്കൂർ കഴിഞ്ഞു. രാഘവേട്ടൻ പറഞ്ഞ സ്ഥലം ഇതു തന്നെയാണോ?. അല്ലെങ്കിൽ പിന്നെ ആലും മാവും പിണഞ്ഞു നില്ക്കുന്ന പ്രകൃതിയുടെ വിസ്മയം എന്നു ഞാൻ വിശേഷിപ്പിക്കുന്നിടം മറ്റെവിടെയാണുള്ളതു. ഉണ്ടെങ്കിൽ കൂടി അതിന്റെ ചുവട്ടിൽ ഒരു പൊട്ടക്കിണർ ഉണ്ടാവില്ല. (നഗരത്തിലുമുണ്ട് വിസ്മയങ്ങൾ. അംബരചുംബികളായ കോൺക്രീറ്റ് വിസ്മയങ്ങൾ. അവർ രതിയിലേർപ്പെടുന്നില്ല, തമ്മിൽ ഭോഗിക്കുന്നില്ല. എങ്കിലപോലും അവയ്ക്കു വംശനാശം സംഭവിക്കുന്നില്ല. ദിനംപ്രതി പുതിയവ ജന്മം കൊള്ളുന്നു. താറിട്ട റോഡുകളും, വാഹനങ്ങളും, പുകപടലങ്ങളും അവയ്ക്കു അതിർത്തിത്തീർക്കുന്നു. ആകാശം നോക്കി  നില്ക്കുന്ന അവയ്ക്കു തമ്മിൽ എന്ത് ബന്ധം. അതിനുള്ളിലുള്ളവരും ഓട്ടമല്ലെ, മാനം മുട്ടെ വളരാൻ. അതിനിടയിൽ എന്തു പ്രണയം, എന്ത് രതി. എല്ലാം വെറും കൊഞ്ഞനം കുത്തലുകൾ മാത്രം. അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരും സ്വയം ഇളിഭ്യരാകുന്നു. ബന്ധങ്ങൾ ശിഥിലമാവുമ്പോൾ അംബരചുംബികൾ ദൃഢമാകുന്നു. ബലിയാടാവുന്നതോ പാവം വൃക്ഷങ്ങൾ. അവയ്ക്കു കരയാനറിയില്ല. ചില്ലകളിൽ കാറ്റെത്തുമ്പോൾ ചിരിക്കാനറിയാം. പാവങ്ങൾ നിശബ്ദരായി കോടാലിക്കു മുന്നിൽ തലകുനിക്കുന്നു.)
                                          ചായക്കടക്കാരൻ എന്റെ അടുക്കലേക്ക് വരുന്നുണ്ട്. അയാളുടെ ശരീരമാകെ എന്നോടുള്ള ബഹുമാനം തുടിക്കുന്നുണ്ട്. " ഇനിയൊരു ബാബുമോൻ കൂടിയെ ഉള്ളൂ. അതെട്ടുമണിക്കാണു..സാറ് കാക്കണാൾ അതീക്കാണില്ല. അതിനാത്ത് നിറയെ ടൌണീ പിച്ചയ്ക്കു പോയ തെണ്ടികളും, പോക്കറ്റടിക്കാരും, വേശ്യകളുമാ. വയലും വീടും തുടങ്ങുമ്പ കിഴക്കോട്ട് പോയ സിനിമോള് തിരിച്ച് വരും. പടിഞ്ഞാട്ടേക്കു. അതീക്കേറിയാ ടൌണീ എറങ്ങാം ". അത് പറഞ്ഞയാൾ തിരിച്ച് പോയി റേഡിയോ ഓൺ ചെയ്തു് എനിക്കു നേർക്ക് തിരിച്ച് വെച്ചു. അതവിടിരുന്നു പൊട്ടിതെറിക്കാൻ തുടങ്ങി.
                                         ഒരു പക്ഷെ ഞാൻ ബാബുമോനെ കാത്ത് നില്ക്കില്ലായിരുന്നു. സിനിമോളെ പുണർന്നു നഗരം പുൽകിയേനെ. പക്ഷെ അയാളുടെ വാക്കുകൾ  എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. കാരണം, ഞാൻ കാത്തിരുന്നാൾക്കു ബാബുമോനിലെ വരാൻ കഴിയൂ.. ' വനകല ' അവളെക്കാത്താണു് ഞാനിതുവരെ വെള്ളം  കുടിച്ചിവിടിരുന്നതു്. ഒരു വേശ്യയെ കാത്താണു ഞാനിവിടിരുന്നതെന്നു് അയാളോടെങ്ങനെ പറയും.? 
                                         വനകല, ഒരു ഒന്നന്തരം വേശ്യയാണവൾ. പണം നൽകിയൽ വിയർപ്പൊപ്പുന്നവൾ, മുടിയിഴകളിലൂടെ വിരലോടിക്കുന്നവൾ, കാലുകൾ  നിശബ്ദമാക്കുന്നവൾ, അടിവയറ്റിലെ വിശപ്പ് മാറ്റുന്നവൾ. പരിശുദ്ധയാണവൾ. വാങ്ങുന്ന കാശിനു് വില കൽപ്പിക്കുന്നവൾ. അവൾ ചെയ്യുന്നത് ഒരു പുണ്യപ്രവർത്തിയാണു. ചൂട് പിടിച്ച മനസ്സും ശരീരവും അവൾ തണുപ്പിക്കുന്നു. തലച്ചുമടായി കൊണ്ടുവന്ന വേദനകൾ ഏറ്റ് വാങ്ങി അവളുടെ വിയർപ്പിൽ ലയിപ്പിച്ച് കളയുന്നു. വനകല  പരിശുദ്ധയാണു്. വനകല പുണ്യവതിയാണു്. വനകല വാഴ്ത്തപ്പെടേണ്ടവളാണു്.  
                                         വനകലയെ ഒരിക്കൽ മാത്രമെ ഞാൻ കണ്ടിട്ടുള്ളു. അതെന്റെ കമ്പനിയിലെ സെക്ക്യൂരിറ്റിക്കാരൻ രാഘവേട്ടന്റെ കറുത്ത് തടിച്ച ശരീരത്തിനടിയിൽ വിയർത്ത് കുളിച്ച് കിടക്കുന്ന ഒരു ഇരു നിറക്കാരിയയി മാത്രം. അന്നവൾ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു. ഇന്നവളുടെ കണ്ണുകൾ മുത്തം കൊണ്ടു പൊതിയണം.                                          


Wednesday, August 17, 2011

പുകഭോഗിരാവിലെയൊന്നു പുകച്ചു. ഒന്നു പുകയ്ക്കതെ ഒരു ദിവസം തുടങ്ങുന്നതിനെ കുറിച്ചോർക്കൻ വയ്യ. സുഗമമായി പ്രഭാത കൃത്യങ്ങൾ നിർവഹിക്കൻ ഇതില്ലാതെ പറ്റില്ല. പുകയ്ക്കാത്തവർക്കു ഇതിന്റെ മണം... ഹാ അവർക്കു നാറ്റം, വല്ല്യ അസ്വസ്ഥതയാണു. വെറുപ്പാണു. പുകയ്ക്കുന്നവർക്കോ അമൃതും. പുകച്ച് കറുത്തു ചുളിഞ്ഞ ചുണ്ടുകൾ അവളിലെന്നും വെറുപ്പുളവാക്കിയിരുന്നു. രതിമൂർച്ചയുടെ ഉച്ചസ്ഥായിൽ നില്ക്കുമ്പോൾ പോലും അവളെന്റെ ചുണ്ടുകളിൽ ചുംബിച്ചിട്ടില്ല. ചുണ്ടുകൾ കറുത്ത് ചുളിയാതിരിക്കാനോ, അവളുടെ ചുണ്ടുകളിൽ ചുംബിക്കാനോ വേണ്ടി ഒരിക്കൽ പോലും പുകവലി നിർത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. കാരണം, ഊർജ്ജശോഷണത്തിനു ശേഷം സംഭവിക്കുന്ന ബീജവിസ്ഫോടനത്തിനു പോലും നല്കാൻ കഴിയാത്തത്ര ലഹരി, അടിവയർ വരെയൊ, കൂടലറ്റം വരെയൊ, അല്ലെങ്കിൽ മലദ്വാരം വരെയൊ വലിച്ച് കേറ്റുന്ന ഈ പുകച്ചുരുളുകൾ നല്കുന്നു. പുറത്തേക്കു തുപ്പുന്ന പുകച്ചുരുളുകൾ എന്റെ മുഖമാകെ തഴുകി, കണ്ണിനു മുന്നിൽ നൃത്തം വെച്ച്, വിട പറഞ്ഞ് അകലേക്കലിഞ്ഞില്ലാതാവുന്നത് വേദനയോടെ മാത്രമെ കാണാൻ കഴിയൂ. എന്റെ അന്തരാളങ്ങളിൽ ഒരു നിമിഷം കൊണ്ട് അതു നിറയ്ക്കുന്ന ലഹരിക്കു പകരം ഞാൻ നല്കുന്നയതൊ, പുറത്തേക്കു തുപ്പി കോമാളിയാക്കുന്നു. എങ്കിൽ പോലും അവർക്കു പരാതിയില്ല, എന്റെ മുഖത്ത് തഴുകി, നൃത്തം വെച്ചു ദൂരേക്കലിഞ്ഞില്ലാതാവുന്നു.


അവളൊരിക്കൽ പോലും എന്റെ മുഖത്ത് തഴുകിയിട്ടില്ല. എന്റെ കണ്ണുകളിലേക്കു പ്രണയത്തോടെ നോക്കിയിട്ടില്ല. മിക്കപ്പോഴും എന്നിൽ നിന്നും വളരെ അകലെത്തന്നെയാണവൾ. അതു കൊണ്ടുത്തന്നെയാണു അവളുടെ മുന്നിൽ വെച്ചു പോലും ഈ പുകനാളങ്ങളെ ഞാൻ ഭോഗിക്കുന്നത്.


പണ്ടൊരിക്കൽ അവളൊന്നു കരഞ്ഞു കാണിച്ചു. അതിനവൾ പറഞ്ഞ കാരണം ഒട്ടും വിശ്വസനീയമായിരുന്നില്ല.


'ദുർബലരായ ഈ പുകനാളങ്ങൾ എന്റെ അന്തരാളങ്ങളിൽ കരി പടർത്തുകയാണെന്നു.'


ചിതല്പുറ്റ്എന്നെ അറിയുകയെന്നത്, എന്നിലേക്ക് വീശുന്ന കാറ്റിൽ പാറിനടക്കുകയെന്നാണു്.  എന്നിലേക്ക് എത്തിപ്പെടുകയെന്നത്, കാറ്റിനൊപ്പമുള്ള ഒരു ഒളിച്ച് കളിയാണു.എന്നിലേക്ക് എത്തിപ്പെടേണ്ടതിന്റെ ആവശ്യകതയെന്നത് നീ തിരഞ്ഞെടുത്തതാണു. അതിനുള്ള കാരണം ഒരു വേനലിൽ കണ്ട പരിചയമാവാം. ഞാൻ എന്നത് എനിക്ക് തന്നെ പുറം തിരിഞ്ഞു നില്ക്കുന്ന ഉടലില്ലാത്ത ഒരു നിഴൽ രൂപമാണ്.  എന്നെക്കാൾ നീളമുള്ളതും, മെലിഞ്ഞതുമാണത്. പ്രകാശം പോലും എന്നിൽ നിന്നും വളരെ ദൂരെയോ,  ഉയരത്തിലോ ആണുള്ളത്. ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം, എന്റെ മുന്നിലുള്ള പാത വീതിയേറിയതും, നിരപ്പായതുമണു. കാറ്റ് നിന്റെ മേലുള്ള പിടിവിട്ടാൽ പോലും നിനക്കിഴഞ്ഞ് എന്നിലെത്താം. എന്നിലൊരു രക്ഷകനെ നീ പ്രതീക്ഷിക്കരുത്. ഞാൻ തന്നെ ശിക്ഷിക്കപ്പെടേണ്ടവാനാണു. മുൾമുരിക്കിൽ മുള്ളുകമ്പിയാൽ ബന്ധിക്കപ്പെട്ടവനാണു. എന്നെ രക്ഷിക്കാൻ മുതിർന്നാൽ നിന്റെ കൈ മുള്ളുകളാൽ മുറിയാം. പകരം തരാൻ എന്റെ ഉടലിൽ നിണമില്ല.  നീ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞവൾ. പൊടിക്കാറ്റിൽ നഗ്നത മറച്ചവൾ.
ഞാനോ പെരുമഴയിൽ താഴേക്കൊഴുകാൻ മുനമ്പൊടിഞ്ഞു നില്ക്കുന്ന മൺക്കൂന. ഇനിയൊരു വേനലിൽ, ഒരിളം കാറ്റിനൊപ്പം നിനക്കെന്നിലലിയാം.         ചിതല്പുറ്റിനൊപ്പം ഒന്നായിപ്പുണർന്നിണച്ചേർന്നു മാനം മുട്ടാം..

Monday, August 15, 2011

കഥകേൾക്കാൻ


അവളെന്നെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. അവളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.  പറഞ്ഞിരന്നത് പോലെ മുടിയിൽ വെള്ള റോസപ്പൂവ് ചൂടിയിരുന്നു.  കയ്യിൽ വെറോണിക്ക ഷെസ്ഫീൽഡിന്റെ ' റെഡ്ജീൻ ' കരുതിയിരുന്നു. എന്നെ തിരിച്ചറിയാൻ ഞാൻ ആ പുസ്തകത്തിലെ എഴുപത്തിരണ്ടാം പേജിലെ  മൂന്ന് മുതലുള്ള വരികൾ  കാണാതെ  പറയേണ്ടതുണ്ട്. അവൾക്കരികിലേക്ക് നടന്നുക്കൊണ്ട് ഞാനത് മനസിലോർത്തു പഠിച്ചു.
 " അവൻ പുറപ്പെട്ടത് മുതൽ അവൾ കാത്തിരിക്കുകയാണു, ഇനിയൊരു തിരിച്ചു വരവിനായി. അവളവനോട് ഒന്നും പറഞ്ഞുകഴിഞ്ഞിരുന്നില്ല. ഇനിയും പറയാനേറെ. അവന്റെ മാറിൽ തലചായ്ച്ച് ഇനിയും എത്ര രാത്രികളിൽ കഥാലോകം സൃഷ്ടിക്കണം. അതിനായി ഇനിയവൻ വരുമോ?  ഒരിക്കലും പറഞ്ഞു തീരാത്ത അവളുടെ കഥകൾ  സൃഷ്ടിക്കപ്പെട്ടുക്കൊണ്ടിരുന്നു."
മനസ്സിലിത് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അവളുടെ മുന്നിലെത്തിയപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞു.
       "ഞാൻ പുറപ്പെട്ടതു മുതൽ നിന്നെക്കാണാനുള്ള തിടുക്കാത്തിലായിരുന്നു.  ഇനിയൊരു തിരിച്ചുവരവു പ്രതീക്ഷിച്ചതല്ല. നിന്നെക്കേൾക്കാനും, അറിയാനും ഇനിയുമേറെ. നിന്റെ മടിയിൽ തലവെച്ച്, നീ സൃഷ്ടിക്കുന്ന കഥാലോകത്ത് ഉറക്കമിളിക്കാൻ  കഴിയുമെന്നു കരുതിയില്ല". ഞാൻ പറഞ്ഞത് പൂർണ്ണമായും ശരിയാണെന്നു തോന്നുന്നു. അവളെന്നെ അകത്തേക്കു കൂട്ടിക്കൊണ്ട് പോയി. 

വഴിതെറ്റിയത് മുതൽജീവിത യാത്രയിൽ എപ്പഴോ എവിടെയോ വച്ച് വഴിതെറ്റി. അതോ വഴി മാറി നടന്നതോ. അറിയില്ല. വഴിതെളിക്കേണ്ടവർ യാത്രയുടെ ആരംഭത്തിൽത്തന്നെ യാത്ര മതിയാക്കി തിരികെ പോയി. മാതവിന്റെ അടിവയറ്റിൽ നിന്നും ഭൂമി മാതാവിന്റെ അടിവയറ്റിലേക്കു. പക്ഷെ ആത്മാവ് ശാസ്ത്രത്തെ തെറി പറഞ്ഞ്, വിശ്വാസത്തിന്റെ വഴിയിൽ ഒളിഞ്ഞും അപൂർവം ചിലപ്പോൾ തെളിഞ്ഞും സഞ്ചരിക്കുന്നു.
                                                 വഴിതെറ്റിയടുത്തേക്ക് പോകും മുൻപ് ഒരു കര്യം..വഴി തെറ്റിയത് മരുഭൂമിയിൽ വച്ചോ കടൽത്തീരത്ത് വച്ചോ അല്ല. തിരക്കേറെയുള്ള ഒരു തെരുവിൽ വച്ചാണത് സംഭവിച്ചത്.  നിശബ്ദമായി വഴിക്കാട്ടുന്ന സൂചനാ ബോർഡുകൾ ഉണ്ടായിട്ടും എവിടേക്ക് തിരിയണമെന്നറിയാതെ, ആകെ വിയർത്ത്, അഴുക്കുപിടിച്ച്, താടിയും മുടിയും വളർന്ന്, ദുർഗന്ധം പരത്തിക്കൊണ്ട്, കണ്ണുകൾ തുറന്നു എന്നാൽ  കാഴ്ച നഷ്ടപ്പെട്ടവനെ പോലെ എവിടെയെന്നില്ലാതെ അലയാൻ തുടങ്ങി. കഴ്ചകൾക്ക് നിറമില്ലായിരുന്നു. എല്ലാം കറുപ്പും വെളുപ്പും മാത്രം. ചിലപ്പോൾ ഇരുട്ടിന്റെ കറുപ്പ്. അപ്പോൾ അടിവയറ്റിൽ നിന്നും കടൽ ഇരമ്പുന്നത് പോലെ എന്തോ ഒന്നു മുകളിലെക്ക് ഉരുണ്ട് വരും. ഉടൻ കൈകാലുകൾ കുഴഞ്ഞു താഴേക്കു വീഴും. വിശപ്പെന്ന പ്രതിഭാസമയിരുന്നു അത്. കണ്ണുകൾ തുറക്കുമ്പോൾ മുലപ്പാലിന്റെ നിറമുള്ള എന്തോ ഒന്ന് എന്റെ മുഖത്തേക്കു തെറിച്ച് വീഴും. അതിനു പിന്നാലെ വീഴുന്ന വെള്ളിനാണയങ്ങൾക്കും മുഷിഞ്ഞ നോട്ടുകൾക്കും എന്റെ വിശപ്പടക്കാനാകും.
                                               ഒരു ദരിദ്ര സ്ത്രീയുടെ ഗർഭപാത്രത്തിലേക്കു തെറിച്ചു വീണ ദരിദ്ര ബീജം വളർന്നുണ്ടായതാണു ഞാൻ. ഏഴാം മാസത്തിൽ വളർച്ചയെത്താതെ ഭൂമിയിൽ പിറന്നു വീണു. എന്റെ ശരീരവും ദാരിദ്ര്യം അനുഭവിക്കുകയായിരുന്നു. പട്ടിണിക്കിടയിലും അവർക്കുള്ള ആഹാരം കൂടി എന്നെക്കൊണ്ട് കഴിപ്പിച്ചു. എന്റെ ആരോഗ്യത്തിനായി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളൊക്കെ അവർ കയറിയിറങ്ങി.  ഞാനൊരു ആരോഗ്യവാനായി തീർന്നപ്പോഴേക്കും അവരുടെ ആരോഗ്യം ക്ഷയിച്ചു. രോഗങ്ങൾ അവരെ കൂട്ടിക്കൊണ്ടു പോയി. അവർ പോകുന്നതും നോക്കി വീട്ടുപടിക്കൽ അന്തിച്ചു നിന്നപ്പോൾ അറിയില്ലായിരുന്നു ഈ ലോകത്തെക്കുറിച്ച്. കൊഴുത്ത ശരീരം ജീവിതയാത്രയിൽ കൂട്ടായി, സഹായമായി.
                                              പുറം ലോകം കണ്ടു പരിചയിച്ചപ്പോൾ ആണത്തം പൊട്ടിമുളച്ചു. ഒരുത്തനേയും കൂസാതെ മുന്നോട്ടു നടന്നു. എത്തിപ്പെട്ടടുത്തൊക്കെ ഒറ്റയാനായി. അവിടുത്തെ അധിപനായി. നന്മയും തിന്മയും തിരിച്ചറിഞ്ഞപ്പോഴും, തിന്മയുടെ വഴിയെ സഞ്ചരിച്ചപ്പോഴും, നന്മയുടെ ഒരു കനൽ മനസ്സിലെവിടെയോ അണയാതെകിടന്നു. ചിലപ്പോളതു പുകഞ്ഞു പുക പുറത്തേക്കു വരാറുണ്ടു. പുകയുടെ ഗന്ധം അറിഞ്ഞവർ പലപ്പോഴും നിശബ്ധമായി ഉപദേശിക്കാറുണ്ട്. പക്ഷെ അതിന്റെ പൊരുൾ മൻസ്സിലാക്കിയപ്പോഴേക്കും ഇരുൾ വീണ ഏതോ വഴിയരികിൽ കാലുകൾ കുഴഞ്ഞു വീണു. അവിടുന്നു പിടഞ്ഞെണീറ്റപ്പോൾ പിന്നിൽ വെളിച്ചം അണഞ്ഞിരുന്നു. വാതിൽ അടയ്ക്കപ്പെട്ടിരുന്നു. പിന്നെ മുന്നിലെ ഇരുട്ടിലൂടെ വേച്ച് വേച്ച് നടന്നു.

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....