Friday, December 28, 2012

ഒരു പൈങ്കിളിക്കഥ

അവളെക്കാണാന്‍ ഇത് ഒരു പക്ഷെ നൂറാം തവണയാണ് ഇവിടേക്ക് വരുന്നത്. ഇതിനു മുന്‍പ്‌ എല്ലാ തവണയും എന്‍റെ കൈകളില്‍ പിടിച്ചു വലിച്ചു കൊണ്ടാണ്‌ അവള്‍ അകത്തേക്ക് ക്ഷണിക്കുന്നത് . പിന്നെ പിടിവിട്ടു അകത്തേക്ക് ഒരോട്ടമാണ്. അവളുടെ അമ്മയെ വിളിക്കും, ഞാന്‍ വന്ന കാര്യം പറയും. അവര്‍ ഒരു പുഞ്ചിരി പൊഴിച്ചിട്ടു ഒരു കപ്പ് കാപ്പി ഉറപ്പ്‌ നല്‍കി അകത്തേക്ക് കയറിപ്പോകും.  അവളെന്നെ അവളുടെ മുറിയിലേക്ക് വലിച്ചു കൊണ്ട് പോകും. പാവക്കൂട്ടങ്ങള്‍ക്കിടയിലെ പുതിയ അതിഥിയെ പരിചയപെടുത്തും. എന്നെ കൊണ്ട് അതിനൊരു ഉമ്മ കൊടുപ്പിക്കും. മോള്‍ക്കുമ്മയില്ലെന്നു പറഞ്ഞു പിണങ്ങും. അവള്‍ക്കറിയാം, അത് കേള്‍ക്കുമ്പോള്‍  ഞാന്‍ കവിളില്‍ ചുംബിച്ചു തോളില്‍ എടുത്തു ചുഴറ്റുമെന്നു. അവളുടെ കുഞ്ഞി പൊട്ടിച്ചിരി കാണാന്‍ എനിക്കും ഇഷ്ടമായിരുന്നു. അപ്പോഴേക്കും അമ്മ കാപ്പിയുമായി വരും. അങ്കിളിനെ ബുദ്ധിമുട്ടിക്കല്ലേ മോളെ എന്ന് പറയുമ്പോള്‍ അവളെന്നെ ഇറുകെ പുണരും.
        ഇന്നിപ്പോള്‍ ഇത് ഒരു പക്ഷെ നൂറാം തവണ, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെന്നെ വീണ്ടും വീട്ടിലേക്കു ക്ഷണിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ ആഗ്രഹങ്ങളിലൊന്ന് എന്റെ പഴയ കുരുന്നു കൂട്ടുകാരിയെ കാണണമെന്നാണ്... കുഞ്ഞി പല്ല് കട്ടിയുള്ള ചിരി കാണാന്‍ വീണ്ടും ആഗ്രഹം തോന്നിയിരുന്നു. ഒരിക്കല്‍ ‍, ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തില്‍  പ്രകാശം പരത്തിയിരുന്നത് അവള്‍ക്കൊപ്പമുള്ള നിമിഷങ്ങളായിരുന്നു. എനിക്ക് മീതെ ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ക്ക് കീഴെ എന്റെ കൈവിരലില്‍ തൂങ്ങി  ഒരു പൂമ്പാറ്റയെ പോലെ പാറിപറന്നു നടന്നിരുന്നു. ഒറ്റയാനായിരുന്നെങ്കിലും ജീവിക്കാന്‍ പണം ആവശ്യമായി വന്നപ്പോള്‍ ജോലിയന്വേക്ഷിച്ചു നാട് വിടേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, എന്റെ നാട്ടിലേക്ക്.. അവളോടപ്പൊമുള്ള അവസാന ദിവസം എനിക്കോര്‍മ്മയുണ്ടു.. ഒരു മഴക്കാലമായിരുന്നു  എനിക്ക് കടല് കടക്കേണ്ട ദിവസം. വൈകുന്നേരത്തെ സ്ഥിരം സന്ദര്‍ശനമെന്ന പോലെയാണ് അവിടെയെത്തിയത്. ചെല്ലുമ്പോള്‍ അവളുടെ അമ്മ ആകെ വിഷമത്തിലായിരുന്നു..മോള്‍ പനിച്ചു വിറയ്ക്കുന്നു. ആശുപത്രിയില്‍ കൊണ്ട് പോകണം. എടുത്ത് തോളില്‍ ഇടുമ്പോള്‍ ചുട്ടു  പൊള്ളുന്നുണ്ടായിരുന്നു. പനിച്ചൂടിന്റെ തളര്‍ച്ചയിലും അവളെന്നെ തിരിച്ചറിഞ്ഞു. അങ്കിള്‍ എന്ന് വിളിച്ചു കഴുത്തില്‍ മുറുകെ കൈ ചുറ്റി. യാത്രയെ കുറിച്ച് ഞാന്‍ വിസ്മരിച്ച മണിക്കൂറുകള്‍ . ഒടുവില്‍  ആശുപത്രി വരാന്തയില്‍ ഞെട്ടിയുണരുമ്പോള്‍ സമയം മാനമേറിയിരുന്നു. ആദ്യ അന്വേക്ഷണത്തില്‍ തന്നെ ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു. മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കിയിരിക്കുന്നു. ആശുപത്രി കിടക്കയില്‍ നിന്ന് കവിളില്‍ ഉമ്മ കൊടുത്തു മാറുമ്പോള്‍ തളര്‍ച്ച മാറിയ ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു. എന്റെ വിരല്‍ തുമ്പില്‍ നിന്നും അവളുടെ കുഞ്ഞു കൈ കട്ടിലിലേക്ക്  ഊര്‍ന്നു വീണു. എനിക്ക് പോകാതിരിക്കാന്‍ കഴിയില്ലായിരുന്നു.
       പന്ത്രണ്ട് വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ ആഗ്രഹങ്ങളിലൊന്ന് എന്റെ പഴയ കുരുന്നു കൂട്ടുകാരിയെ കാണണമെന്നാണ് ... കുഞ്ഞി പല്ല് കട്ടിയുള്ള  ചിരി കാണാന്‍ വീണ്ടും ആഗ്രഹം തോന്നിയിരുന്നു.
      അവിടം ഒരു പൂന്തോട്ടമായി മാറിയിരുന്നു. മുറ്റം നിറയെ പൂക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു. കണ്ണുകള്‍ കൊണ്ട് അവിടമാകെ ഞാനവളെ തിരഞ്ഞു. ഒരു പൂമ്പാറ്റ പോലെ അവള്‍ അവിടെ പാറി നടക്കുന്നുണ്ടോയെന്നു. ഇല്ലായിരുന്നു... ഗേറ്റ് തുറന്നു ചെല്ലുമ്പോള്‍ എന്നിലേക്ക് പറന്നു വരുന്ന ഒരു പൂമ്പാറ്റയായിരുന്നു, അവളെന്റെ ഓര്‍മ്മയില്‍ .
      ബെല്‍ മുഴക്കി കാത്തു നിന്നു. കാതുകളില്‍ വന്നലച്ച കാളിങ്ങ് ബെല്‍ കിളിയുടെ നീളന്‍ കരച്ചില്‍ പത്തു വര്‍ഷം പിന്നിലേക്ക്‌ കൂട്ടികൊണ്ട് പോയി.  അതിനു പിന്നാലെ പാദസ്വരത്തിന്റെ ചിലമ്പല്‍ അടുത്തു വന്നുകൊണ്ടിരുന്നു. വാതില്‍ പാതി തുറന്ന്‍ അവള്‍ അഥവാ ഒരു പെണ്‍കുട്ടി തല നീട്ടി. ഒരപരിചതനോടെന്നപോലെ കണ്ണുകള്‍ ചുളിച്ചു ആരെന്നന്ന്വേക്ഷിച്ചു. അങ്കിള്‍ എന്നതിനൊപ്പം എനിക്കെന്റെ പേര് കൂടി ചേര്‍ക്കേണ്ടി വന്നു. എനിക്കപരിചിതത്വം തോന്നിയത് അവളുടെ പാതിമാത്രം വിരിഞ്ഞ പുഞ്ചിരിയിലായിരുന്നു. വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു. ദൂരേക്ക്‌ മാറി കസേര കാട്ടി തന്നു. അവളുടെ കണ്ണുകളില്‍ നേരിയ ഭയം ഊറി നിന്നു . വിയര്‍പ്പ് പൊടിഞ്ഞ മൂക്കിന്‍ തുമ്പില്‍ ചോര ചുവന്നു . വരണ്ടതെന്ന പോലെ ചുണ്ട് നനച്ചു . ധരിച്ചിരിക്കുന്നു വസ്ത്രത്തില്‍ വിശ്വസമില്ലാത്ത പോലെ തുമ്പുകളില്‍ പിടിച്ചു താഴേക്കും  വശത്തേക്കും വലിച്ചു കൊണ്ടിരുന്നു.  അമ്മ ഉടനെ വരുമെന്ന് ഒന്നിലേറെ തവണ ഓര്‍മ്മിപ്പിച്ചു. എനിക്ക് അത്ഭുതവും അതിലേറെ അസ്വസ്ഥതയും ഉണ്ടാക്കിയത് അവളുടെ ശരീര വളര്‍ച്ചയായിരുന്നു. അവളില്‍ നഷ്ടപെട്ട കുട്ടിത്തമായിരുന്നു. കൗമാരത്തിന്റെ തുടിപ്പായിരുന്നു. കാലം വികൃതമാക്കിയ കണ്ണു കൊണ്ടു അതിനെ കാണേണ്ട.
       മെല്ലിച്ച കൈകളാല്‍ അവളെ ആകാശത്തേക്ക് എറിയാന്‍ എനിക്ക് കഴിയില്ലല്ലോ. കവിളില്‍ ചുംബിച്ചു തോളില്‍ എടുത്ത്‌ ചുഴറ്റാന്‍ ഇനിയെന്റെ എന്റെ ആരോഗ്യം അനുവദിക്കില്ലല്ലോ. ഞാന്‍ വിസ്മരിച്ചു പോയത് അല്ലെങ്കില്‍ ചിന്തിക്കാതെ പോയത് കാലത്തിന്റെ സഞ്ചാരത്തെ കുറിച്ചായിരുന്നു.  കഴിഞ്ഞു പോയ കാലം എന്നെ ഒരു മദ്ധ്യവയസ്ക്കനാക്കി മാറ്റിയിരിക്കുന്നു. ഒരിക്കല്‍ അവള്‍ക്ക്  എന്നിലേക്കുണ്ടായിരുന്ന ദൂരം ഒരു കളിക്കൂട്ടുകാരനിലേക്കുള്ളതായിരുന്നു. ഇന്ന്‍ ഒരു പെണ്ണില്‍ നിന്നും പുരുഷനിലേക്കുള്ളതാണ്. അതിനു ദൈര്‍ഖ്യമേറെയാണ്. പറയാന്‍ കഴിയുന്ന ഒരു ബന്ധവും ഞാനുമായി ഇല്ല.  ' സുഹൃത്ത് ബന്ധം ' എന്ന് പറഞ്ഞു ചിരിക്കാം. അതിലേക്കു പോലും ഒരു ഇടുങ്ങിയ പാതയുണ്ട്. കാലം തീര്‍ത്ത ഒരു പാത. സമൂഹം അതിര്‍ തീര്‍ത്ത പാത. അതിലൂടെ സഞ്ചരിക്കുകയെന്നത്  മനസ്സിനെ  കൈവെള്ളയിലേക്ക് എടുത്ത്‌ പിടിക്കുകയെന്ന പോലെ വിഷമം പിടിച്ചതാണ്. അല്ലെങ്കില്‍ അത് ഉള്ളില്‍ നിന്നും പല വഴി സഞ്ചരിക്കും. ചിലപ്പോള്‍ ആ ഇടുങ്ങിയ പാതയിലൂടെയും. ചുറ്റും നോക്കും, ഇരുട്ടാണോയെന്നു. ചുറ്റും നോക്കും, ശൂന്യതയുണ്ടോയെന്നു. ചുറ്റും നോക്കും, കണ്ണുകളടയ്ക്കപ്പെട്ടിട്ടുണ്ടോയെന്നു. ചുറ്റും നോക്കും, വിജനമാണോയെന്നു. അങ്ങനെയെങ്കില്‍ മിടിക്കാന്‍ തുടങ്ങും, താളം നഷ്ട്ടപ്പെട്ട ചങ്ക്. ധമനികളില്‍ നിണമുരുകും. ചിലയിടങ്ങളില്‍ ചോരയൂറി കൂടും. മനസ്സ്‌ അതിന്റെ പാട്ടിനു പോകും. അങ്ങനെയെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാന്‍, എടുത്ത്‌ കൈവെള്ളയില്‍ പിടിക്കേണ്ടതുണ്ട് . വിരലുകള്‍ക്കുള്ളില്‍ ഞെരിച്ചമര്‍ത്താം,  വഴുതി പോകാതെ.
         മകളെ ഞാന്‍ ആയിരത്തിലൊരുവനല്ല.... എന്നുള്ളം നരച്ച ജീവിത യാത്രയില്‍ വിളര്‍ച്ച ബാധിച്ചതാണ്..അതിനു ചോരയുടെ ചൂടോ ഗന്ധമോ ഇല്ല.. അതിന്റെ താളം പതിഞ്ഞതാണ്..  ഒടുവിലായൊരിക്കല്‍ താളം തെറ്റിയത് നിന്റെ പനിച്ചുടില്‍ വിറച്ചിട്ടാണ്.. നിന്റെ മിഴി പിടഞ്ഞാല്‍ എന്നുള്ളം നിശബ്ദതമാകും.. മകളെ ഞാന്‍ ആയിരത്തിലൊരുവനല്ല..
     അമ്മയ്ക്കൊപ്പം വളര്‍ന്നിരിക്കുന്നു. ചായ വാഗ്ദാനം ചെയ്തു അകത്തേക്ക് പോയി. ചലനങ്ങളില്‍ ചടുലത നഷ്ടപ്പെട്ടിരുന്നു. നേര്‍ത്ത്‌ പതിഞ്ഞ കാല്‍വെയ്പ്പുകളില്‍ പാദസ്വരം വായ്‌ പൊത്തി കരഞ്ഞു.
   ഓര്‍മ്മയുടെ അടിത്തട്ടില്‍ നിന്നും, മുഖം നഷ്ട്ടപെട്ട ഒരു പുരുഷന്‍ വന്നിരിക്കുന്നു..അയാള്‍ കോറിയിട്ട ഓര്‍മ്മകള്‍ പാതിയിലേറെ മാഞ്ഞിരിക്കുന്നു. ആരാണ് ഇയാള്‍ . അമ്മ പറഞ്ഞു തന്ന പുരുഷന്‍മാര്‍ പലതരത്തിലാണ്. അകന്നു നില്‍ക്കേണ്ടവര്‍ . അടുത്ത് ചെല്ലാവുന്നവര്‍ ‍. ഇയാള്‍ ,     അതിനുമപ്പുറം ആരോ ആണോ ?
     ടീപോയുടെ ചില്ലില്‍ മുഖം മിനുക്കി. മുടിയൊതുക്കി. എന്‍റെ മുഖം ആഭാസന്റെതു പോലെ കുറുകിയിരുന്നോ ? വ്യഭിചാരിയുടെതു പോലെ ചീര്‍ത്തിരുന്നോ ? ചെകുത്താന്റെതെന്നപോലെ കൊമ്പ് മുളച്ചിരുന്നോ ? ഇല്ല.. കാലം നര നട്ടിരിക്കുന്നു. പ്രായം ചുളിവും ഇരുളും ചേര്‍ത്ത് ഉഴുതു മറിച്ചിരിക്കുന്നു..
     അവളുടെ മുറിയുടെ വാതില്‍ അടച്ചിരിക്കുന്നു. മിക്കിയും ടോമും ജെറിയും നിറഞ്ഞു നിന്ന വാതിലില്‍ ഇപ്പോള്‍ കൗമാരം ചിത്രങ്ങളായും അക്ഷരങ്ങളായും നിറഞ്ഞു നില്‍ക്കുന്നു‍. " ഡോണ്ട് ഡിസ്റ്റര്‍ബ് മീ ". ഒരു തൊപ്പിക്കാരന്‍ വിരല്‍ ചൂണ്ടി ചോദിക്കുന്നു " ഹൂ ആര്‍ യൂ "
     അതിനുള്ളില്‍ ആ പഴയ പാവക്കൂട്ടം ഉണ്ടാവുമോ? അവള്‍ക്കു നല്കാന്‍ ഞാനുമൊന്നു കരുതിയിട്ടുണ്ട്. സ്വര്‍ണ്ണ തലമുടിയും നീല കണ്ണുകളുമുള്ള ഒന്ന്.  അവള്‍ എന്നെ അവിടേക്ക് ക്ഷണിക്കാതിരിക്കില്ല. അവളുടെ കണ്ണുകള്‍ പൊത്തിയിട്ടു കയ്യിലുള്ള പാവയെ നല്‍കും. ഉറപ്പ്‌ , ഇത് പോലെയൊന്ന് അവളുടെ പാവക്കൂട്ടത്തില്‍ ഉണ്ടാവില്ല.
     ചായ വളരെ വേഗം ലഭിച്ചു. അവളുടെ അമ്മ നല്‍കിയിരുന്നതിനേക്കാള്‍ വേഗം. ടീപ്പോയില്‍ വെച്ച് പിന്നിലേക്ക്‌ മാറി. ഒരു കവിള്‍ കുടിച്ചു തിരികെ വെച്ചു. അതില്‍ മധുരമുണ്ടായിരുന്നില്ല. മധുരം മുന്നില്‍ സ്പൂണ്‍ ഇട്ടു വെച്ചിട്ടുണ്ടായിരുന്നു. അമ്മ പഠിപ്പിച്ച പാഠങ്ങളില്‍ ആതിഥ്യമര്യാദയും വേണ്ടുവോളമുണ്ടായിരുന്നു. നിശബ്ദതയ്ക്ക് ഇടം നല്‍കാതെ ചോദ്യങ്ങള്‍ വന്നു കൊണ്ടിരുന്നു. യാത്രയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും പൂര്‍ണ്ണതയില്ലാത്ത ചോദ്യങ്ങള്‍. ഓരോന്നിനും ഒടുവില്‍ പാതിവിരിഞ്ഞ പുഞ്ചിരിയും നല്‍കി. അവള്‍ ഇടയ്ക്ക് ഗേറ്റില്‍ അമ്മയെ പ്രതീക്ഷിക്കുന്നണ്ടായിരുന്നു. ഞാന്‍ അവളുടെ മുറിയിലേക്കുള്ള ക്ഷണവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിലെ പാവകുട്ടി വാശി പിടിച്ചുകൊണ്ടിരുന്നു.  അവളുടെ നോട്ടം ഗേറ്റില്‍ തന്നെയാണ്. എന്റേത് ആ വാതിലിലേക്കും.

Wednesday, December 19, 2012

"ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണം"

അമ്മച്ചി പറയാറുണ്ട്, കുഞ്ഞിലേ ഉള്ള ശീലമാന്നു.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉടുപ്പിടില്ലാന്നു. എനിക്കോര്‍മ്മ വച്ച കാലം മുതല്‍ അങ്ങനെത്തന്നെയാണ്.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ഉടുപ്പിടാറില്ല. അതെന്തോ..വല്ലാത്തൊരു അസ്വസ്ഥതയാണ്.. ഉറക്കം വരില്ല.. ഇപ്പൊ അങ്ങനല്ല..ഇപ്പൊ എന്ന് വെച്ചാല്‍, ഈ ഡിസംബര്‍ ഒന്ന് മുതല്‍..ലോകം ഒക്കെ അവസാനിക്കാന്‍ പോണെന്നു പറയുന്നു.. വല്ല ഭൂകമ്പവും വന്നു എല്ലാം കൂടി ഇടിഞ്ഞു മുകളിലൂടെ വീണാല്‍ രാവിലെ ബോഡി കാണിച്ചു കിടക്കണ്ടേ..അതായതു ഉടുപ്പില്ലാത്ത ബോഡി.. എനിക്കാണേല്‍ സിക്സ് പാക്കും ഇല്ല.. ഒള്ള വയറാണേല്‍, അത്താഴപട്ടിണിയായത് കാരണം, രാവിലെ ഏതാണ്ട്  സര്‍ക്കാര്‍ ആപ്പീസിന് മുന്നിലെ പിച്ചക്കാരന്റെ പിച്ച പാത്രം പോലെ ആയിരിക്കും. പിന്നെ എന്താന്ന് വെച്ചാല്‍.............
"ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കണം" എന്നല്ലേ?

Friday, December 14, 2012

കുളിര്


ഒരിക്കല്‍ എനിക്ക് തലതല്ലിക്കരയാന്‍ അവളുടെ മാറിടം ചോദിച്ചു..
കണ്ണീര്‍ വാര്‍ക്കാന്‍ ചുമലുകളും...

പിന്നൊരിക്കല്‍ അവന്റെ പ്രണയം നഷ്ടപെട്ട
അവള്‍ എന്റെ മാറില്‍
തലതല്ലി കരഞ്ഞു..
എന്റെ ചുമലില്‍ കണ്ണീര്‍ വാര്‍ത്തു..
നഗ്നമായ കൈകളാല്‍
അവളെന്നെ വരിഞ്ഞു മുറുക്കിയിരുന്നു..
അവളുടെ കരഞ്ഞു കുഴഞ്ഞ നാവിലൂടെ
അവന്‍ വിതച്ച വിഷ വിത്തുകള്‍ മുള കരിഞ്ഞടര്‍ന്നു വീണു..
അവതാളമടിച്ച എന്റെ ഹൃദയതാളത്തിനൊപ്പം അവളുടെ
ചടുലഹൃദയതാളം താളപ്പെരുമഴ തീര്‍ത്തു..
അവള്‍ക്കൊപ്പം കരയാന്‍ കഴിയാതെ
എന്റെ കണ്ണുകള്‍ വരണ്ടുണങ്ങിയിരുന്നു..
കണ്ണീര്‍ മണമുള്ള നിമിഷങ്ങളുടെ ആദ്യ
ഇടവേളയില്‍ അവള്‍ അവളെയൊന്നാകെ
എന്നില്‍ നിന്നും അടര്‍ത്തി മാറ്റി...
കണ്‍കോണില്‍ അവശേഷിച്ച അവസാനതുള്ളി
കണ്ണീര്‍ വിരല്‍ തുമ്പിലടര്‍ത്തി എന്നിലേക്ക് കുടഞ്ഞു..
ഒരിരുപതു ഡിഗ്രി വിരിവില്‍
പുഞ്ചിരിയും നല്‍കി, വിതുമ്പി കൊണ്ട് എന്നില്‍ നിന്നും ഓടിമറഞ്ഞു...
അവളറിഞ്ഞിരുന്നില്ല, കഴിഞ്ഞ നിമിഷങ്ങളില്‍
ചുട്ടുപൊള്ളിയ അവളുടെ മേനി
എന്നില്‍ കുളിര് കോരിയിട്ടിരുന്നുവെന്നു...

Saturday, July 7, 2012

നല്ല വെളു വെളാന്നു

ഞാനവളെ പ്രണയിച്ചു തുടങ്ങുന്ന കാലത്ത് അവള്‍ മുട്ടിറക്കമുള്ള പാവാട ധരിച്ചു തുടങ്ങിയിട്ടില്ല. നന്നേ വെളുത്തിട്ടായിരുന്നു.. അവളുടെ നല്ല വെളുത്ത കാലുകള്‍ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. കുഞ്ഞി കുഞ്ഞി രോമങ്ങള്‍ നിറഞ്ഞ കാലുകള്‍.. അന്നതെനിക്ക് ലൈനടി ആയിരുന്നു. പിന്നെ ഇഷ്ടമായി..പിന്നെ പിന്നെ പ്രേമമായി. അവളറിയാതെ അവളുടെ പിന്നാലെ കുറേ നടന്നിട്ടുണ്ട്..മഴയില്‍, കൂട്ടുകാരികളെ പോലും കേറ്റാതെ പുള്ളിക്കുടക്കീഴില്‍ ഒറ്റയ്ക്ക് നടന്നു പോകുന്ന അവളുടെ പിന്നാലെ മഴ നനഞ്ഞു നടന്നിട്ടുണ്ട്. ദിവാകരന്‍ മാമന്റെ പറമ്പില്‍ നിന്നും പഴമാങ്ങ മോഷ്ട്ടിച്ചു പാവാട തുമ്പില്‍ നിറച്ച് ഒളിച്ചു ഒളിച്ചു പോകുന്ന അവളുടെ പേടിച്ചരണ്ട മുഖം എനിക്കോര്‍മയുണ്ട്.. ദിവാകരന്‍ മാമനോടു ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല...അവളെഴുതി കളഞ്ഞ ഒരു നൂറു പെന്‍സില്‍ തുണ്ടുകള്‍ ഞാന്‍ സൂക്ഷിച്ചിരുന്നു. വയല്‍ വരമ്പില്‍ കളഞ്ഞു പോയ അവളുടെ പാദസ്വരം കണ്ടുപിടിച്ചു കൊടുത്ത സുരേഷിനു ഇപ്പോഴും എന്റെ മനസ്സില്‍ ഒരു ശത്രുവിന്റെ മുഖമാണ്... അന്ന് ഞാനിറങ്ങിക്കയറിയ ചെളികുണ്ടുകള്‍... ചവിട്ടി മെതിച്ച നെല്‍ക്കതിരുകള്‍.. ഹോ! പിന്നീടവള്‍ ട്രെയിനില്‍ കേറി ബോംബേക്കു പോയി..ബിരുദം തേടി.. വര്‍ഷങ്ങളുടെ ഇടവേളകളില്‍ റെയിവേസ്റ്റേഷനില്‍ വന്നിറങ്ങുന്ന അവളില്‍ മാറ്റങ്ങളുടെ വേലിയേറ്റമുണ്ടായിരുന്നു. അവള്‍ നന്നേ വെളുത്തിട്ടായിരുന്നു. വെളുപ്പിനൊപ്പം അവള്‍ക്കു നിറയെ അറിവും ലോകപരിചയവും കിട്ടി. ഇന്നവള്‍ പറയുന്നു എനിക്ക് നിറമില്ലായെന്നു. നിറത്തിനൊപ്പം അവള്‍ക്കു നിറയെ അറിവും ലോകപരിചയവും കിട്ടി. അപ്പൊഴവള്‍ പറയുന്നു എനിക്ക് നിറമില്ലായെന്നു..പക്ഷെ അവള്‍ക്കറിയില്ലല്ലോ എന്റ ഹൃദയം നല്ല വെളു വെളാന്നാണെന്നു.

Friday, June 1, 2012

സ്ത്രീകളോട് എങ്ങനെ പെരുമാറാം


അവളോടു ഒരു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിച്ചില്ല. കീഴ് ജോലിക്കാരിയെന്നതിനപ്പുറം ബഹുമാനം നല്‍കിയിരുന്നു. ഒരു സഹോദരിയോടെന്ന പോലെ മനസ്സ്‌ കൊണ്ട് ലാളിച്ചിരുന്നു. തെറ്റുകള്‍ പോലും കണ്ടില്ലെന്നു നടിച്ചു. കൃത്യമായ ഇടവേളകളില്‍ പുഞ്ചിരിച്ച് കാണിച്ചു. ഉച്ചഭക്ഷണത്തിന് നേരമകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൈകള്‍ കൊണ്ട് ആഗ്യം കാണിച്ചു കൊടുക്കും. രാവിലെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. വൈകുന്നേരങ്ങളില്‍ ശുഭരാത്രി പറഞ്ഞു കൊണ്ട് വിട പറഞ്ഞു. .

ഇവള്‍ ഒരു കൂട്ടുകാരിയോട് എന്നെ കുറിച്ച് പറഞ്ഞതായി ഞാന്‍ അറിഞ്ഞത്..

" ഒരു ശുംഭന്‍‍. പെണ്ണുങ്ങളോടു എങ്ങനെ പെരുമാറണമെന്നു അറിയില്ല. മുഖത്ത് കൂടി നോക്കില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം. എന്തെങ്കിലും സംശയം ചോദിക്കാന്‍ അങ്ങേരുടെ AC കാബിനിലേക്ക് ഞാന്‍ കേറി ചെന്നാല്‍ അങ്ങേരു അപ്പോള്‍ വിയര്‍ക്കാന്‍ തുടങ്ങും. കൈ ഒക്കെ വിറച്ചു ആകെ ഒരു പരുവമായി..ഇങ്ങനെയുമുണ്ടോ ആണുങ്ങള്‍.."

ഇവളിപ്പോള്‍ കൂടുതല്‍ സഹകരണ മനോഭാവമുള്ള ആരുടെയോ കീഴില്‍ ജോലി ചെയ്യുന്നു.

പുതുതായി വന്നവളോടു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കാന്‍ ശ്രമിച്ചു. അത് പക്ഷെ ബോസ്സിനും അസിസ്റ്റന്റിനുമിടയിലുള്ള അകല്ച്ച ഇല്ലാതിരിക്കാന്‍ വേണ്ടി ആയിരുന്നു.വളരെ ഫ്രെണ്ട്‌ലിയായി പെരുമാറി. ജോലിഭാരം കുറയ്ക്കാനായി കൃത്യമായ ഇടവേളകളില്‍കാബിനിലേക്ക്  വിളിപ്പിച്ചു കുശലന്വേഷണം നടത്തി. അവളുടെ ആതമാവിശ്വാസം കൂട്ടാന്‍വേണ്ടി ഹെയര്‍ സ്റ്റൈലിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും വളരെ പുകഴ്ത്തി പറഞ്ഞു.ഒരിക്കലവളുടെ കീറിയ ബ്ലൗസ്‌ കണ്ടു വിഷമം തോന്നി, പിറ്റേന്നു തന്നെ രണ്ടു ജോടി ചുരിദാര്‍വാങ്ങി കൊടുത്തു. വൈകുന്നേരങ്ങളില്‍ മുടങ്ങാതെ ലിഫ്റ്റ് വാഗ്ദാനംചെയ്ത. ടെന്‍ഷന്‍ഫ്രീ ആക്കാന്‍വേണ്ടി ഫസ്റ്റ് ഷോയ്ക്ക് ക്ഷണിച്ചു.

ഇവളും ഒരു കൂട്ടുകാരിയോട് എന്നെ കുറിച്ച് പറഞ്ഞു. അതും ഞാന്‍ അറിഞ്ഞു

" ഹൊ ഒരു. പഞ്ചാര. പെണ്ണുങ്ങളോടു എങ്ങനെ പെരുമാറണമെന്നു അറിയില്ല.എപ്പഴും തൊട്ടുരുമ്മിയെഇരിക്കു. എന്ത് പറഞ്ഞാലും ഉടനെ ഷെയ്ക്ക്‌ഹാന്റ് തരും. കൈ പിടിച്ചു കുലുക്കും. കൂടെക്കൂടെ കാബിനിലേക്ക്വിളിപ്പിച്ചു കത്തിയടിക്കും. ടിന്റുമോന്‍ കോമഡി പറഞ്ഞു കൊല്ലും. എന്നിട്ടോ അടി മുതല്‍ മുടി വരെ ഉഴിയും. ഇന്നേതു ഷാംപൂവാ തേയ്ച്ചത്. കാലിലെന്താ ക്യൂട്ടെക്സ് ഇടാത്തെ. ഹൊ അവിടെ നിന്ന് വിയര്‍ത്തു പോവും. ഇന്നാളുണ്ട് ബ്ലൗസിന്റെ തയ്യലിളകിയ ഭാഗത്തെ ഊട്ടയിലേക്ക് കണ്ണും മിഴിച്ചു നോക്കുന്നു. ഇങ്ങേര്‍ക്കും ഇല്ലേ അമ്മേം പെങ്ങന്മാരും."

ഇവളിപ്പോള്‍ ഏതോ സന്യാസിമഠത്തില്‍ അഭയം പ്രാപിച്ചെന്നറിയുന്നു.

ഞാനിപ്പോള്‍, ' സ്ത്രീകളോട് എങ്ങനെ പെരുമാറാം ' എന്ന രണ്ടു മാസത്തെ കോഴ്സ്‌ പൂര്‍ത്തിയാക്കി ഒരു പുതിയ അസിസ്റ്റന്റിനായി കാത്തിരിക്കുന്നു.

ചില കൂട്ടുകാരന്മാര്‍ കളിയാക്കി ചോദിക്കുന്നു.." പെണ്ണുങ്ങളെ വളയ്ക്കാന്‍ പഠിച്ചോടാ..?" കണ്ണുകടി പിന്നല്ലാതെന്തു പറയാന്‍.

Wednesday, March 7, 2012

കണ്ണില്‍ ചോരയില്ലത്തവന്റെ കദനകഥ


ഭക്ഷണം കഴിക്കുമ്പോള്‍ അപ്പന്‍ അധികം സംസാരിക്കാറില്ല. അത് കൊണ്ട് തന്നെ ഇന്ന് ഉച്ചയൂണിനു ഇരുന്നപ്പോള്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. മേശക്കിരുപുറവും ഇരുന്ന പെങ്ങന്മാര്‍ ഒന്ന് ഞെട്ടി. ഒരു മൂന്നു നിമിഷത്തേക്ക് പെങ്ങന്മാരുടെ വായ്ക്കും കയ്യിലെ ഉരുളയ്കും ഇടയില്‍ ഒരു മുരിങ്ങാ കോലിന്റെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. ഉരുള തരിച്ചു പാത്രത്തിലേക്കിട്ടു അവര്‍ എന്നെയും അപ്പനെയും മാറി മാറി നോക്കി. അപ്പന് വല്യ ഭാവ വ്യത്യാസമൊന്നും ഉണ്ടായില്ല. പരിപ്പിന് മുകളിലെ പപ്പടം അടിച്ചു തകര്‍ത്ത് ചോറില്‍ കുഴച്ചു . അതെനിക്കെന്റെ മുഖത്തടിച്ചത് പോലെ തോന്നി. ഇതിനിടയില്‍ മൂത്ത പെങ്ങള്‍ ഒന്നര ഗ്ലാസ്സ് വെള്ളം കുടിച്ചു ഓക്കാനം വന്ന മോന്തയും വെച്ചിരിപ്പായി. രണ്ടാമത്തവള്‍ പരന്നൊലിച്ച ഇഞ്ചിക്കറിയില്‍ കുരിശ് വരച്ചിരുന്നു. ഇളയവള്‍, അടുക്കളയില്‍ അമ്മച്ചി നെഞ്ചത്തടിക്കുന്ന ശബ്ദം വല്ലതും കേള്‍ക്കുന്നുണ്ടോയെന്നു ചെവികൂര്‍പ്പിച്ചിരിന്നു. രണ്ടു ഉരുള അകത്താക്കി ഒരിറക്ക് വെള്ളവും കുടിച്ചു പരിപ്പിന് ഉപ്പില്ലയെന്നു അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞിട്ടാണ് അപ്പന്‍ എനിക്ക് മറുപടി തന്നത്. " ജാതീം മതോം ഒന്നും ചോദിക്കുന്നില്ല, പാരമ്പര്യമോ, കുടുംബമഹിമയോ ഒന്നും കാര്യമല്ല. നീ വിളിച്ചു കൊണ്ടു വാ.. ഞാനും നിന്റെ അമ്മച്ചിയും ഇരു കൈയും നീട്ടി സ്വീകരിക്കാം." ഒരു ഉരുരുള കൂടി അകത്താക്കിയിട്ട്.. "പക്ഷെ ഒന്ന്,  നിന്റെയീ മൂന്നു പെങ്ങന്മാരെയും നിന്റെ സ്വന്തം ചെലവില്‍ കെട്ടിച്ചു വിടണം. അഞ്ചിന്റെ പൈസ ഞാന്‍ തരില്ല. എന്നിട്ടെന്താ.. പെങ്ങന്മാരെ കേട്ടിച്ചുവിട്ടത്തിന്റെ മുഴുവന്‍ പേരും നീയെടുത്തോ.. ങഹും എന്താ സമ്മതാണോ ? " ഇത്തവണയും ഞെട്ടിയത് പെങ്ങന്മാര്‍ തന്നെ. അവരുടെ മൂക്കില്‍ മുളയ്ക്കാന്‍ പോകുന്ന പല്ലിന്റെ ഇരപ്പ്‌ കേട്ടിട്ടാകും ഇത്തവണ ഞെട്ടിയത്. അല്ലെങ്കില്‍ പുരനിറഞ്ഞു ഉത്തരത്തില്‍ തല മുട്ടുമോ എന്ന പേടിച്ചിട്ട്. മൂന്നെണ്ണവും ഒരു കണക്കാ, അപ്പന്റെയും അമ്മയുടെയും സൗന്ദര്യം മുഴുവന്‍ കിട്ടിയിരിക്കുന്നത് എനിക്കാ.. ഒരു വര്‍ക്കത്തുമില്ലത്താ ഇവറ്റകള്‍ക്ക് കല്യാണചന്തയില്‍ വല്യ മാര്‍ക്കറ്റൊന്നുമുണ്ടാവില്ല. ഒരമ്പത് പവന്‍ വെച്ചെങ്കിലും ഓരോന്നിന്റെ തലയില്‍ കെട്ടി വെച്ചേ ഇറക്കി വിടാന്‍ പറ്റൂ. മൂത്തവള്‍ എന്റൊപ്പം പിറന്നു വീണതാ. എന്റൊപ്പം എന്ന് പറഞ്ഞാല്‍ എനിക്ക് മുന്നേ, ഒരു സൂചി ഒന്ന് കറങ്ങി വന്ന വ്യത്യാസം. അതിന്റെ ഏനക്കേട് അവളെന്നോട് കാണിക്കുന്നുണ്ട്. പിച്ചും, തോണ്ടും ചിലപ്പോ തലയ്ക്കിട്ടും തട്ടും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. വല്യ സാമൂഹ്യപ്രവര്‍ത്തകയും, ഒടുക്കത്തെ ഫെമിനിസ്ടുമാ. സ്ത്രീധനം നിരോധിക്കുകാ, സ്‌ത്രീധന പീഡനം അവസാനിപ്പിക്കുക എന്നൊക്കെ പറഞ്ഞു ആകാശത്ത് കൈറിഞ്ഞു കുറെ ടാര്‍ കാലില്‍ പറ്റിച്ചതാ. അതിലൊന്നും ഒരു കാര്യവുംമില്ല. രാത്രിയില്‍ അടുക്കളയില്‍ ചട്ടിയില്‍ തലയിടുന്നതിനിടയില്‍ അമ്മയോടു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.." ഒരു നൂറു പവനെങ്കിലും ഇട്ടു തന്നില്ലെങ്കില്‍ ഞാന്‍ ഇവിടുന്നു ഇറങ്ങി പോകില്ല." പിന്നെ രണ്ടമത്തവള്‍ ഒടുക്കത്തെ പടുത്തമാ .. പേരിനു പിന്നാലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കോമയിട്ട് തിരിക്കുന്നത് ഒരു ഹരമായിട്ടു മാറിയിട്ടുണ്ടവള്‍ക്ക്.. അത് കൊണ്ട് തന്നെ അടുത്ത കാലത്തൊന്നും അവള് കല്യാണത്തിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല.. അപ്പോഴേക്കും പവന് അരലക്ഷമെങ്കിലും ആയിട്ടുണ്ടാകും.. പിന്നെയുള്ളതു ഇളയവള്‍ ദൈവദീനം കൊണ്ടു അവളുടെ പഠനം പത്താം ക്ലാസ്സോടു കൂടി അവസാനിക്കും.. പത്താം ക്ലാസ്സ് ജയിച്ചിട്ടു വേണ്ടെ തുടര്‍ന്നു പഠിക്കാന്‍.. പഴയ തയ്യല്‍ മെഷിന്‍ അമ്മച്ചി ഇടയ്ക്ക് എണ്ണയിട്ടു വെയ്ക്കുന്നത് കണ്ടു. അത് ഇവളെ ഉദ്ദേശിച്ചാവും.. വിദ്യാഭ്യാസം ഇല്ല എന്ന ഒറ്റ കാര്യം കൊണ്ടു തന്നെ സ്വര്‍ണ്ണം മാത്രം പോര ഒരു ഒരു പുത്തന്‍ കാറില്‍ കേറിയേ അവളിവിടുന്നു പോകു.. അമ്മാവനും, അപ്പച്ചിക്കും ഒരൊറ്റ ആണ്മക്കള്‍ പോലുമില്ല എന്നാണ്.. എങ്കില്‍ അവന്മാരോടു കടം പറയാമായിരുന്നു..
              എന്നാലും എന്റപ്പാ.. വല്ലാത്തൊരു ഏര്‍പ്പാടായിപ്പോയി.. എന്നാല്‍ പിന്നെ പ്രേമിച്ചു.. ഏതേലും കാശൊള്ള വീട്ടിലെ ഒന്നിനെ പ്രേമിച്ചിരുന്നെങ്കില്‍ അന്തസ്സോടെ സമ്മതിക്കാമായിരുന്നു. ഇതിപ്പോ ഗാന്ധിയന്‍ കുമാരന്റെ ചെറുമകള്‍ ഇന്ദിര..സ്വന്തം പറമ്പില്‍ നട്ട് വളര്‍ത്തുന്ന ചേനയും കാച്ചിലും മാത്രം ഭക്ഷിക്കുന്ന മോഹന്‍ദാസിന്റെ മകള്‍ ഇന്ദിര.. സ്വന്തം പാടത്ത് വിളവെടുത്ത കുത്തരി വെച്ച് കഞ്ഞി കുടിക്കുന്ന ഇന്ദിര.. തുളസിക്കതിര്‍ ചൂടിയ ഈറന്‍ മാറത്താ നീളന്‍ മുടി കണ്ടാണ് ഞാനവളില്‍ അനുരാഗവിവശനായത്. അടുത്തു ചെന്നപ്പോള്‍ കാച്ചെണ്ണയുടെയും ചെമ്പരത്തി താളിയുടെയും സുഗന്ദം.. പിന്നെ കരിയെഴുതി വിടര്‍ത്തിയ കണ്ണുകള്‍.. തക്കാളി ചുവപ്പുള്ള ചുണ്ടുകള്‍.. പിന്നെയൊന്നും പറയുന്നില്ല..  ഉറപ്പിച്ചു ഇവളെന്റെ ആദ്യ കാമുകി.. എന്നിട്ടിപ്പോ ഇന്ദിരേ.. നിന്നെയെനിക്ക് വേണ്ടെന്നു വെയ്ക്കേണ്ടി വരുമെന്നാണല്ലോ തോന്നുന്നത്..
              ടൗണില്‍ സ്വര്‍ണക്കട നടത്തുന്ന ഫിലിപ്പോസിന്റെ മകള്‍ ആന്‍സി ഇങ്ങോട്ട് വന്നു ഇഷ്ടമാണെന്ന് പറഞ്ഞതാ.. അവളുടെ ചുണ്ടിന്റെ താഴെ ഒരു കറുത്ത പാടുണ്ടെന്ന ഒറ്റ കാരണത്താലാണ് ഞാന്‍ അവളുടെ മുന്നില്‍ കൈ മലര്‍ത്തിയത്.. പിന്നെ പൗള്‍ട്രിഫാം നടത്തുന്ന സഫാധിന്റെ ഒറ്റമകള്‍ സൌഫീന.. ഒരൊന്നൊന്നര ഉരുപ്പിടി. ഞാനൊന്ന് കൈ ഞൊടിച്ചാല്‍ മതിയായിരുന്നു..പക്ഷെ എന്താ..?  അവള്‍ അടുത്തു വരുമ്പോള്‍ ഒരു മാതിരി ഇറച്ചി കോഴിയുടെ മണമാ. ബ് ഹേ.. ഇറച്ചിക്കറിയുടെ ആണേലും വേണ്ടില്ലായിരുന്നു. പണ്ടാരം അതുമല്ല സഫാധിനു ഈ അടുത്തു ഒരു കോടി രൂപ ലോട്ടറിയും അടിച്ചു.. ഹും ഒറ്റ മകളായിരുന്നു..
             ഹൊ വല്ലാത്തൊരു കെണിയിലാണല്ലോ വീണതു.. ഇതിപ്പോ കഷത്തിരിക്കുന്നതും ഉത്തരത്തില്‍ ഇരിക്കുന്നതും എല്ലാം പോകുമെന്ന തോന്നുന്നത്.. നന്‍പന്‍മാരോട് അഭിപ്രായം
ചോദിക്കാമെന്ന് വെച്ചാല്‍.. കാര്യം നടന്നാലും ഇല്ലേലും അവന്മാര്‍ക്ക് പാര്‍ട്ടി നടത്തണം.. ഇപ്പോഴാത്തെ  സാമ്പത്ത്യസ്ഥിധി വെച്ച് അത് നടക്കില്ല..
            അല്ലെങ്കില്‍ ഫെയ്സുബുക്കില്‍ ഇതിന്റെ പേരില്‍ ഒരു കമ്മ്യൂണിറ്റി തുടങ്ങിയാലോ.? എല്ലാത്തിനും ഇപ്പൊ അതാണല്ലോ.
                              ഇന്ദിരേ...എന്നെ ശപിക്കല്ലേ..പെങ്ങന്‍മാരെ അപ്പന്‍ തന്നെ കെട്ടിച്ചു വിടട്ടെ.. അത് കഴിഞ്ഞു പാക്കലാം, നീ കെട്ടിയിട്ടില്ലെങ്കില്‍...
           

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....