Wednesday, September 28, 2011

ഐഷു, അഥവാ അബൂബക്കറിനെക്കാത്ത് ഐഷുമ്മ


മുറ്റത്തൊരു കാല്പെരുമാറ്റം കേൾക്കാൻ, ഉമ്മറത്തേക്ക് വീഴുന്ന നീളമുള്ള നിഴലിനെ പുണരാൻ, ഋതുഭേദങ്ങളറിയാതെ ചിതലരിച്ച് തുടങ്ങിയ പുല്പായിൽ കാത്ത് കിടപ്പാണു്. താഴത്തങ്ങാടി ഒലിച്ച് പോയ വെള്ളപ്പൊക്കത്തിന് ശേഷം പെരുന്നാളിനു പള്ളിയിൽ പോയിട്ടില്ല. ആ വെള്ളപ്പൊക്കത്തിലാണു ഐഷുമ്മയുടെ വാപ്പ ഒലിച്ച് പോയതു. ഉമ്മ കരഞ്ഞു കരഞ്ഞു രണ്ട് കൊല്ലം കട്ടിലൊടിച്ചു. മൂന്നാം കൊല്ലം അഞ്ച് മാസം മെത്തപ്പായ് വിരിച്ച് കിടന്നു. ആറാം മാസം പായിൽ പൊതിഞ്ഞ് കുഴിയിൽ വച്ചു. വെള്ളപൊക്കത്തിൽ ഒലിച്ച് പോയ വാപ്പയെ ഓർത്ത് കരഞ്ഞു നെഞ്ച് പൊട്ടിയാ മരിച്ചത്. പാവാട തുമ്പ് കടിച്ച് വാതിൽക്കൽ അന്തിച്ച് നിന്നിരുന്ന ആറ് വയസ്സുകാരി ഐഷുവിനെ അടുത്തേക്ക് വിളിച്ച് നെറുകയിൽ തലോടുകയോ കൈകൾ കൂട്ടിപ്പിടിച്ച് മുത്തം വെയ്ക്കുകയോ ചെയ്തില്ല. ഒന്നു നോക്കിയതു കൂടിയില്ല. 
                    വാപ്പയുടെ അകന്ന ബന്ധത്തിലുള്ള ബീവാത്തുമ്മ ഐഷുവിനെയും കൂട്ടി മലകയറി. അവരുടെ ആട്ടിൻക്കുട്ടികൾക്കൊപ്പം വളർത്തി. ഐഷുവിനു കഞ്ഞിയും, ആടുകൾക്ക് കാടിയും കൊടുത്തു. അവറ്റകൾ പാൽ ചുരത്തി തുടങ്ങിയപ്പോൾ കറന്നു ഐഷുവിനു കൊടുത്തു. വന്ന് ഏഴാം കൊല്ലം ഐഷു വയസ്സറിയിച്ചു. ബീവാത്തു മുട്ടിറക്കമുള്ള പാവാടയും വയറ് മറയ്ക്കുന്ന ഉടുപ്പും വാങ്ങി കൊടുത്തു. കയ്യാലയ്ക്കരികിൽ കാരപ്പഴം പെറുക്കാൻ വരുന്ന പയ്യന്മാരോട് അധികം കൂട്ട് പറഞ്ഞ് വിലക്കി. പുഴവക്കത്തെ തെങ്ങിൻ പണയിൽ നിന്നു ഓല കൊണ്ടു വന്നു മെടഞ്ഞു കിണറ്റിൻക്കരയിൽ കുളിപ്പുര കെട്ടിക്കൊടുത്തു. കുളിക്കാൻ പൊകുമ്പോൾ മാറിയുടുക്കാനുള്ള തുണിയും കൊണ്ടു പോകാൻ പറഞ്ഞു. തലയിൽ തേയ്ക്കാൻ കൈതോന്നിയും കറ്റാർവാഴയുമിട്ട് കച്ചിയ എണ്ണയും ചെമ്പരത്തി താളിയും കൊടുത്തു. പുറത്ത് പുരട്ടാൻ മഞ്ഞളരച്ചതും പയർ പൊടിച്ചതും കൊടുത്തു. മേലെത്തട്ടിലെ പറമ്പിൽ പുല്ല് ചെത്താൻ വരുന്ന പരമുവിനോട് ഇനി ഇവിടെ പുല്ലില്ലായെന്ന് വഴക്കുണ്ടാക്കി. തേങ്ങയടക്കാൻ വരുന്ന രാഘവനോടു വെട്ടുസമയത്തു അങ്ങോട്ടു വന്നറിയിക്കാമെന്നു ഉറപ്പ് നല്കി. 
          രണ്ടു കൊല്ലം കൊണ്ട് ഐഷു വളർന്ന് ഒരു ഒത്തപെണ്ണായി. അവസാനമായി ബീവാത്തുമ്മ ഒരു ചേല കൂടി വാങ്ങിക്കൊടുത്തു. പുറത്തിറങ്ങുമ്പോൾ മാറിലിടാൻ. ഐഷുവിന്റെ  വളർച്ച കണ്ട് നെഞ്ചിൽ കൈവെച്ച് ബീവത്തുമ്മ കിടപ്പായി. ബീവാത്തുമ്മ ചെയ്തിരുന്ന ജോലി മുഴുവൻ ഐഷു ഏറ്റെടുത്തു. കവലയിൽ പാൽ കൊണ്ടു പോകലും, ഓല മെടയലും.  ഐഷുവിന്റെ വളർച്ച കണ്ട് നെഞ്ചത്ത് കൈവെച്ച് തന്നെയാണു് ബീവാത്തുമ്മയും മരിച്ചതു. പാവാട തുമ്പിൽ മൂക്ക് ചീറ്റി വാതില്ക്കൽ നിന്നിരുന്ന കെട്ടുപ്രായമായ ഐഷുവിനെ  വിളിച്ച് നെറുകയിൽ തലോടുകയോ, കൈകൾ കൂട്ടി പിടിച്ച് മാറത്ത് വെയ്ക്കുകയോ ചെയ്തില്ല. നെഞ്ചത്ത് കൈവെച്ച് ഐഷുവിന്റെ മേനി നോക്കിക്കിടന്നു.
                   ഐഷു ഒറ്റയ്ക്കായി. അഴകളവൊത്ത തന്റെ മേനിയെ കുറിച്ച് ഐഷു ബോധവതിയായിരുന്നു. കവലയിൽ പാല് കൊണ്ട്പോകുമ്പോൾ മാറിൽ ചേലയിടാൻ മറക്കാറില്ല അയയിൽ നിന്ന് ചേലയെടുക്കുമ്പോൾ ബീവത്തുമ്മയെ ഓർത്ത് നെടുവീർപ്പിടും. ഐഷു പാലും കൊണ്ട് വരുന്നതും കാത്ത് കവലയിൽ ഒരു ചെറിയ ജനക്കൂട്ടമുണ്ടാവും. വേലയും കൂലിയും ഇല്ലാത്ത കുറേ അവന്മാർ. അതിലിപ്പൊ തൊണ്ടയിൽ കൊക്കര കൂവി തുടങ്ങിയ പീള പയ്യന്മാരും, വളഞ്ഞു നെറ്റി കാലിൽ തൊട്ട തൊണ്ണൂറ് ചെന്ന കിളവന്മാരും കാണും. നാട്ടിൽ ഐഷുമ്മയോളം ശരീരവടിവുള്ള ഒരുത്തിമാരും ഇല്ലെന്നാണു ബാർബർ കുട്ടൻ പറയുന്നതു. പട്ടണത്തിൽ നിന്നു കെട്ടിക്കൊണ്ട് വന്ന അവന്റെ പെണ്ണുമ്പുള്ള സുലോചനെയെയും തള്ളിപറയാൻ മടിയില്ല. അവന്റെ മാത്രമല്ല എല്ലാരുടെയും അഭിപ്രായമാണത്. ഐഷുവിനോളം മുടിയുള്ള പെണ്ണുങ്ങളാരെയും അവർ കണ്ടിട്ടില്ല. ആ നാട്ടിൽ ഐഷു കഴിഞ്ഞാൽ മുടി നീളമുള്ളത് കവലയിൽ ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന കാവിയുടുത്ത ഒരു നാടോടി സ്വാമിയ്ക്കാണു. അങ്ങെരുടെ മുടി ചന്തിയിൽ  ഉമ്മം വെയ്ക്കില്ലായിരുന്നു. മുതുകൊട്ടിക്കിടന്നു. എന്നാൽ ഐഷുവിന്റെ മുടി അഴിച്ചിട്ടാൽ ചന്തിയിൽ ഉമ്മം വെച്ചങ്ങനെ കിടക്കുമായിരുന്നു. ഐഷുവിന്റെ മുലയിലും മുടിയിലും നോക്കാത്തവന്മാർ ആരും ആ നാട്ടിലുണ്ടായിരുന്നില്ല. ഐഷുവുമൊത്ത് ഒരു രാത്രി നാട്ടിലെ എല്ലാവന്മാരുടെയും സ്വപ്നമായിരുന്നു.
                  
           അബൂബക്കർ നന്നേ കറുത്തിട്ടായിരുന്നു. എണ്ണ പൊത്തിയ മുടി വടിവായി ചീകി വെച്ചിരുന്നു. മുഖത്തെപ്പോഴും പട്ടി നക്കിയതു പോലെ എണ്ണമയം. വളഞ്ഞു നീണ്ട മൂക്ക് മുഖത്തിനു ചേരത്തതായിരുന്നു. അബൂബക്കറിനെ എല്ലാവരും അബു എന്നു വിളിച്ചിരുന്നു. അത് സ്നേഹക്കുടുതൽ കൊണ്ടായിരുന്നില്ല. വിളിക്കാൻ എളൂപ്പാത്തിനായിരുന്നു.
          അബുവിന്റെ പുറം കാരിരുമ്പ് പോലെ ദൃഢമായിരുന്നു. അവന്റെ നോട്ടത്തിനു കൊല്ലൻ വേലുവിന്റെ ആലയിൽ പണിയുന്ന കഠാരയുടേത് പോലെ മൂർച്ചയുണ്ടായിരുന്നു.  ഏതേലും പെണ്ണു് അവന്റെ കണ്ണുകളിൽ നോക്കിയാൽ കരളിൽ ചോര പൊടിഞ്ഞതു തന്നെ. പുഴക്കടവത്ത് അബുവിന്റെ കുളി കാണാൻ വേണ്ടി മാത്രം അക്കരക്കടവത്ത്  പെണ്ണുങ്ങൾ തുണി തിരുമ്മാൻ വരുമായിരുന്നു. അബുവുമൊത്ത് ഒരു രാത്രി നാട്ടിലെ എല്ലാവളുമാരുടെയും സ്വപ്നമായിരുന്നു.
                 അബു വരുത്തനാണു. കാലിക്കച്ചവടത്തിനായി മലകയറിയവൻ. ഒരിക്കൽ കാലിച്ചന്തയിൽ വഴക്കുണ്ടാക്കിയ പത്ത് തടിമാടൻ തമിഴന്മാരെ ഒറ്റയ്ക്ക് അടിച്ച് തുരത്തിയവനാണു പഹയൻ. അന്നു മുതൽ അബു നാട്ടിൽ വീരപുരുഷനാണു. എന്തിനും ഏതിനും അബുവുണ്ട് മുന്നിൽ.
                കൂട്ടുകാരി നബീസുവിന്റെ നിക്കാഹിനാണു ഐഷു ആദ്യമായി അബുവിനെ കാണുന്നതു. കൂട്ട് കച്ചവടക്കാരൻ ഔതർ കാക്കയുടെ ഇളയ മകൾ നബീസുവിന്റെ  നിക്കാഹിനു തന്നെയാണൂ അബൂബക്കറും ഐഷുവിനെ ആദ്യമായി കാണുന്നതു. ഒറ്റ നോട്ടത്തിൽ തന്നെ അബുവിനു ഐഷുവിനെ നന്നായി ബോധിച്ചു. ഐഷുവിനു പക്ഷെ  രണ്ടാമതൊന്നു കൂടി നോക്കേണ്ടി വന്നു, അബുവിനെ ബോധിക്കാൻ.
              അവർ പുഴവക്കത്ത് വച്ച് കണ്ട് മുട്ടി. താഴേ ചന്തയിൽ വച്ച് കണ്ട് മുട്ടി. മേലെ ചന്തയിൽ വച്ച് കണ്ട് മുട്ടി. പെരുന്നാളിനു പള്ളിയിൽ വച്ച് കണ്ടു മുട്ടി. പലചരക്കു  കടയ്ക്കും, വായനശാലയ്ക്കും മുന്നിൽ വച്ച് കണ്ട് മുട്ടി. അമ്പല വാതുക്കലും കുരിശ് പള്ളിക്ക് പുറകിലും കണ്ടു മുട്ടി. പുഴക്കടവിലേക്കുള്ള ഊട് വഴിയിൽ അവർ കൂട്ടിമുട്ടി. ഐഷു കൈകുത്തി വീണൂ. കൈമുറിഞ്ഞു. അബു ഐഷുവിനെ പിടിച്ചെഴുന്നേല്പിച്ചു. കയ്യിലെ ചോരയും മണ്ണും തോളത്തെ തോർത്ത് മുണ്ടെടുത്ത് അബു തന്നെ തുടച്ച് കൊടുത്തു. നാറ്റപൂച്ചെടിയുടെ ഇല പിഴിഞ്ഞു മുറിവിൽ വച്ച് കൊടുത്തു. വീട്ടിൽ ചെന്നല്പ്പം പച്ചെണ്ണ മുറിവിൽ തൊട്ടിടാൻ പുറകെ വിളിച്ച് പറഞ്ഞു. പിന്തിരിഞ്ഞോടുന്നടിനിടയിൽ ഐഷു തലയാട്ടുകയും ചെയ്തു.  
              മുറിവുണങ്ങിയോ എന്നറിയാൻ അബു പിറ്റെന്ന് തന്നെ ഐഷുവിന്റെ വീട്ടിൽച്ചെന്നു. പട്ടണത്തിൽ നിന്നു വങ്ങിയ കുപ്പിഗ്ളാസ്സിൽ ഐഷു അബുവിനു കട്ടൻക്കാപ്പി കൊടുത്തു. ഒരു കവിൾ ഇറക്കിയിട്ട് അബു ഐഷുവിനു നേർക്ക് ഒരു നോട്ടമെറിഞ്ഞു. ഐഷുവിന്റെ കരളിൽ ചോര പൊടിഞ്ഞു. മുഖം നാണം കൊണ്ട് കുനിഞ്ഞു.
            മുറിവൊണങ്ങി പൊളിക്കമാറിയിട്ടും അബു വരവ് നിർത്തിയില്ല. എന്നും വന്നു കട്ടൻക്കാപ്പി ഒരു കവിളിറക്കി ഐഷുവിന്റെ കരൾ മുറിച്ചിട്ടേ പോകൂ. നാട്ടുകാർ അതുമിതും പറഞ്ഞു തുടങ്ങി. " അവ അവനുക്കു പായ നീട്ടണുണ്ട് ". " അവക്ക് മലേലുള്ളാരേം വേണ്ട, വരുത്തനെ മതി ". എല്ലാം പച്ച കള്ളമായിരുന്നു. അബുവിന്റെ കിടത്ത  വള്ളക്കെട്ടിലായിരുന്നു. പറയുകയാണെങ്കിൽ ഐഷുവും ഈ നാട്ടുകാരിയല്ല. ബീവാത്തുമ്മയുടെ കൈ പിടിച്ച് മലകയറിയവൾ. 
            അബു ഐഷുവിന്റെ കയ്യിൽ നിന്നും രണ്ടാഴ്ച്ച കാപ്പി വാങ്ങി കുടിച്ചു. കാപ്പിപ്പൊടി തീർന്നപ്പോൾ ആടിനെ കറക്കി പച്ചപ്പാൽ കൊടുത്തു. മാസമൊന്നു കഴിഞ്ഞു. അബുവിന്റെ കാപ്പി കുടിയും പാലു കുടിയും നാട്ടിൽ സംസാരവിഷയമായി. ബാർബർ കുട്ടൻ കടയിൽ റേഡിയോ വെയ്ക്കാറില്ല. നാടകഗാനങ്ങളെക്കാൾ അവിടെ ഐഷു അബു ചരിതമാണു ചൂടുള്ള വിഷയം. അതിന്റെ പ്രചരണത്തിനു ചുക്കാൻ പിടിക്കുന്നതും കുട്ടൻ തന്നെ. 
            കഥാനായകനും നായികയും ഇതൊന്നുമറിഞ്ഞില്ല. അവർ പ്രണയപുഷ്പത്തിൽ നിന്നും തേൻ കുടിക്കുന്ന രണ്ടു ചിത്രശലഭങ്ങളെപ്പോലെ പാറി നടന്നു. മേഘക്കൂട്ടങ്ങളിൽ കൂടുക്കൂട്ടി. അവയ്ക്കൊപ്പം ചീനയിലും സിലോണിലും പോയി. മക്കയിലും മധുരയിലും പോയി. ഇരുഹൃദയങ്ങളും ചങ്ങലയിൽ ബന്ദിച്ച് മഴയ്ക്കും മഞ്ഞിനുമൊപ്പം താഴേക്കു പെയ്തു. ഭൂമിയിലവർ  പറങ്കിമാവിൻ ചോട്ടിലും കിണറ്റിൻക്കരയിലും ബന്ദിക്കപ്പെട്ടു. ഇവരുടെ പ്രണയം കേൾക്കാൻ അമ്പിളി കിണറ്റിലൊളിച്ച രാത്രി കിണറ്റിൻ കരയിൽ ഐഷുവും അബുവും ബന്ദിക്കപ്പെട്ടു.
         ഐഷുവിന്റെ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് അബു : "ഐഷുമ്മാ.." അബുവിന്റെ ചൂടുള്ള നെഞ്ചിലേക്കു തലച്ചായ്ച്ച് കൊണ്ട് ഐഷു : " ങ്ഹും". ഐഷുവിന്റെ കൈകൾ കൂട്ടിപ്പിടിച്ച് മുത്തം വച്ച് കൊണ്ട് അബു : " അന്നെ മ്മ്ള് കെട്ടിക്കോട്ട..". അബുവിനെ ഇറുകെ പുണർന്നു കൊണ്ട് ഐഷു : " ഓ " . 
            കാലിക്കച്ചവടം മതിയാക്കി അണ്ടിക്കച്ചവടത്തിനായി അബു മലയിറങ്ങി. ഐഷുവിനോട് ഒരു മാസം കാക്കാൻ പറഞ്ഞു. ഐഷു ഒരു മസം കാത്തു. ഒരു വർഷം കാത്തു. അബു വന്നില്ല. " അവക്കിതു നിച്ചയിച്ചതാ." "ഞാം പറഞ്ഞു ." "അവനുക്കു പോണേടത്തെല്ലാം പെണ്ണ്ണ്ട്. " "ഇവിടിപ്പം ഐഷു ". "അവക്ക് വരുത്തനെ മതി. " "ഇപ്പ എന്താ, ഇനി അവളെ മലേക്കാരന്മാരിക്കു വേണോ. " "അവക്കിനി നല്ലൊരുത്തനെ കിട്ടൂല. ". കുട്ടപ്പൻ രോഷം കൊണ്ടു.  
           ഐഷുവിനെ കവലയിൽ കാണാതായി. ഐഷു പാലും കൊണ്ട് വരുന്നതും കാത്ത്  കവലയിൽ ആരും കാക്കാതായി. കുട്ടപ്പന്റെ കടയിൽ വീണ്ടും നാടകഗാനം കേട്ട് തുടങ്ങി. ചില അവന്മാർ ഐഷുവിന്റെ മുറ്റത്ത് ചെന്നു തുമ്മാനും ചുമയ്ക്കാനും തുടങ്ങി. ഐഷു നീട്ടുന്ന വാക്കാത്തി കണ്ട് കാർക്കിച്ച് തുപ്പി തിരിച്ചു നടന്നു. നേരെ കവലയിൽ വന്നു കഥകളിറക്കി. കവലയിൽ ആളെക്കൂട്ടുന്നവയായിരുന്നു പലതും. ഐഷുവിന്റെ പൊക്കിളിനു താഴെ ഇല്ലാത്ത മറുകിനെ കുറിച്ചും, കൈമടക്കുകൾക്കു രാമച്ചത്തിന്റെ മണമാ ണെന്നും, മുടിയിഴകൾക്ക് പച്ചനെല്ലിക്കായുടെ മണമാണെന്നും, ശ്വാസത്തിനു ഏലയ്ക്കായുടെ മണമാണെന്നും പറഞ്ഞ് പരത്തി. വള്ളമൂന്നുന്ന മമ്മദ് ഐഷുവിന്റെ സഹകര ണ മനോഭാവത്തെക്കുറിച്ചാണു പറഞ്ഞതു. മീൻകാരൻ ജബ്ബാർ പറഞ്ഞതാണു രസം, പഹയൻ നാടോടി സ്വാമിയെ ഐഷുവിന്റെ പുരയിൽ കണ്ടുവെന്നു. ഒന്നു കൂടി പറഞ്ഞു, ഐഷു തിരുപ്പനാണു കെട്ടുന്നതെന്നു. കുട്ടപ്പൻ പറഞ്ഞു, " അപ്പൊ അവക്ക് ജാതീം മതോം കാര്യല്ല ". കുട്ടപ്പന്റെ പ്രശ്നം പട്ടണത്തിൽ നിന്നു കെട്ടിയ സുലോചനയാണു.
          ഐഷുവിന്റെ മുറ്റത്ത് വന്നു കാക്കിച്ച് തുപ്പുന്നവന്മാരുടെ എണ്ണം ദിനംപ്രതിക്കൂടി വന്നു. തന്റെ കന്യകാത്ത്വം പോലും വാക്കത്തിയെ  കാവലിരുത്തി അബുവിനായി കരുതിയിരിക്കുകയാണ്. പക്ഷെ അബു വന്നില്ല. പലരും പലതും പറഞ്ഞു, വസൂരി കൊണ്ടു പോയെന്നും നെഞ്ചാത്താരോ  കത്തികേറ്റിയെന്നും. ഐഷുവങ്ങനെ കന്യകയായ വേശ്യയായി. വേശ്യയെന്നു വിളിക്കപ്പെടുന്ന കന്യകയായ ഐഷു. വേശ്യയല്ലാത്ത ഐഷു വേശ്യയായി.
          ഒരു ചെറുകാറ്റില്‍ കൊഴിഞ്ഞ ഇലകള്‍ പോലെ വര്‍ഷങ്ങള്‍ ഭൂമിയില്‍ കരിഞ്ഞുണങ്ങി. അബു വന്നില്ല. പക്ഷ അബുവിന്റെ ഓര്‍മ്മകള്‍ തളര്‍ച്ചയിലും താങ്ങായി.  വെയിലില്‍ തണലായി, മഴയില്‍ കുടയായി  ഐഷുവിനോപ്പം കാലം കഴിച്ചു.. ഐഷു ഒരു മാങ്കനിയെന്നപോലെ ചുനവറ്റി നിന്നു. കാറ്റില്‍ കൊഴിഞ്ഞില്ല. ചാലി പയ്യന്മാരുടെ ഊക്കന്‍ കല്ലേറില്‍  ഞെട്ടിറ്റ്‌ വീണില്ല. 
          ഐഷുവെന്നത്  പലരും പാടിയും ആടിയും വഷളാക്കിയ ആട്ടക്കഥയിലെ അരങ്ങത്ത് വരാത്ത നായികയായി. വേദിയില്‍ ആളൊഴിഞ്ഞിരിന്നു. തട്ടില്‍ നിലവിളക്കണഞ്ഞിരുന്നു. തിരശ്ശീല വീണിരുന്നു. പുറകിലെ ഇരുട്ടില്‍ മൂടുപടം അഴിക്കാതെ കരഞ്ഞു കാലം കഴിച്ചു. ആരും കണ്ണീര്‍ കണ്ടില്ല, കവിളിലെ കരിമഷിച്ചാലുകള്‍ കണ്ടില്ല.
           ഐഷുവെന്നത് ആരും നുള്ളാതെ പോയ റോസപ്പൂവാണ്. പൂന്തേനുണ്ണാന്‍ പൂമ്പാറ്റ വന്നില്ല. പൂ നുള്ളാന്‍ വന്ന പെണ്‍ക്കുട്ടികള്‍ നുള്ളി തലയില്‍ ചൂടിയില്ല. ഇതള്‍ കൊഴിഞ്ഞു നിന്നു.
           മുറ്റത്തൊരു കാല്പെരുമാറ്റം കേൾക്കാൻ, ഉമ്മറത്തേക്ക് വീഴുന്ന നീളമുള്ള നിഴലിനെ പുണരാൻ, ഋതുഭേദങ്ങളറിയാതെ ചിതലരിച്ച് തുടങ്ങിയ പുല്പായിൽ കാത്ത് കിടപ്പാണു്.
          


കുറിപ്പ്‌: ഈ കുറിപ്പ്‌ മുകളില്‍ നല്‍കണമോ താഴെ നല്‍കണമോ എന്ന തര്‍ക്കവുമായി ഒരൊളിച്ചുകളി നടത്തി ഒടുവില്‍ താഴെയെന്നതിനു പിടി നല്‍കി. ഈ കഥ നിങ്ങള്‍ മുഴുവനും വായിക്കുമെന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു. ഇത് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌, കൃത്യമായി പറയുകയാണെങ്കില്‍ 06.05.2004 ല്‍ ഒരു കടലാസിന്റെ ഇരു പുറങ്ങളിലായി ഏഴുതിവെച്ച " ഐശുമ്മ ഒരു സ്ത്രിയായിരുന്നു." എന്ന ഒരു കഥയാണ്. ഇന്നിപ്പോള്‍ ഓര്‍മ്മയുടെ ഭാണ്‍ഡത്തില്‍ കൈയിട്ടപ്പോള്‍ കിട്ടിയതാണ്
ഈ കടലാസ്‌ കഷ്ണം. മെലിഞ്ഞുണങ്ങിയ ഒരു രുപം, അതിനു ധാരാളം വെള്ളവും ഭക്ഷണവും നല്‍കി മുകളില്‍ കാണുന്ന രൂപത്തിലാക്കിയെടുത്തു. ഒന്ന് തടിച്ചിട്ടുണ്ടെങ്കിലും രൂപഭംഗി കിട്ടിയിട്ടില്ലയെന്നു അറിയാം. ചില വാക്കുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വായനയ്ക്കൊരു താളം കിട്ടാന്‍ വേണ്ടി ചെയ്തതാണ്. ഒരു കഥാപ്രസംഗത്തിന്റെ ശൈലിയിലെക്ക്  മാറിപോയിയെന്നു തോന്നുന്നു. അത് മനപൂര്‍വമൊ, അറിയാതേയോ സംഭവിച്ചതല്ല, ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതാണ്. ഇനിയും ധാരാളം  എഴുതാന്‍, എഴുതിയവയിലെ തെറ്റുകള്‍ കണ്ടെത്താന്‍ നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.ഇനിയും ഞാന്‍ നിങ്ങളാല്‍ വായിക്കപ്പെടുമെന്ന പ്രതീക്ഷയോടെ....

Monday, September 5, 2011

രസതന്ത്രം


തീരുമാനിച്ചുറച്ചതാണു്, ഇനി പെൺകുട്ടികളെക്കുറിച്ചെഴുതില്ലാന്നു്. പക്ഷെ ആദ്യമായ് അവളെന്നോട് തന്നെക്കുറിച്ചെഴുതാൻ പറഞ്ഞു. എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. ഒരു തുണ്ട് കടലാസ് അവളോട് കടം വാങ്ങി. ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല, അദ്യ വരിക്കായി. നിർദ്ദേശം കിട്ടിയ പോലെ വിരലുകൾ കടലാസിൽ  മഷിച്ചാലുകൾ കീറി നീങ്ങിത്തുടങ്ങി.
                    'ഞാനൊരു പെൺകുട്ടിയുടെ കണ്ണുകൾ ഇഷ്ടപ്പെടുന്നു. അവളുടെ കവിളിലും, നെറ്റിയിലും, ചുണ്ടുകളിലും ചുംബിക്കുവാൻ വെമ്പുന്നു. അവളുടെ കൈവിരലുകളിൽ എന്റെ കൈവിരലുകൾ   കോർത്ത് പിടിച്ച്, കടൽക്കരയിലൂടെ കടൽക്കാറ്റേറ്റ് നടക്കാൻ കൊതിക്കുന്നു. കോരിച്ചൊരിയുന്ന മഴയിൽ അവളെയും കെട്ടിപ്പുണർന്ന് കൊണ്ട് നനയാൻ ആഗ്രഹിക്കുന്നു.  തണുപ്പുള്ള രാത്രികളിൽ അവളുടെ മടിയിൽ തലവെച്ച് അങ്ങകലെ മാനത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഞാൻ പറയും.. " ഇവയ്ക്ക് നിന്റെ കണ്ണുകളുടെയത്ര പോലും ശോഭയില്ല "  അപ്പോഴവളുടെ കണ്ണുകൾ നാണം കൊണ്ട് വിടരുന്നതും, ചുണ്ടിൽ പുഞ്ചിരി വിടരുന്നതും കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു'. ഇത്രയുമെഴുതി കടലാസ് മൂന്നായി മടക്കി അവളുടെ കയ്യിലിരുന്ന രസതന്ത്ര പുസ്തകത്തിനുള്ളിലേക്കു തിരുകി. തുറന്ന് നോക്കാതെ അവളത് പുസ്തകസഞ്ചിക്കുള്ളിലേക്ക് വച്ചു. തന്റെ ഏകാന്തതയിൽ വായിക്കാമെന്നുറപ്പ് പറഞ്ഞു കൈവീശിയകന്നു. എനിക്കൊരു കാര്യത്തിൽ സംശയമുണ്ടായിരുന്നു, ഒരു പക്ഷെ രസതന്ത്ര പുസ്തകത്തിനുള്ളിൽ എന്റെ അക്ഷരങ്ങൾക്ക് രാസമാറ്റം സംഭവിക്കുമോ?
                എന്നും അവളാണു ആദ്യമെത്താറ്. അവളുടെ മറുപടി അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ വളരെ നേരത്തെ അവിടേക്കു തിരിച്ചു. പക്ഷെ എനിക്കു മുമ്പേ അവളെത്തിയിരുന്നു. എന്നെ കണ്ടപാടെ സഞ്ചിയിൽ നിന്നും ഒരു പുസ്തകമെടുത്ത് നീട്ടി. മറിച്ചു നോക്കാൻ ആവശ്യപ്പെട്ടു. അതിനുള്ളിൽ രണ്ടായി മടക്കിയ ഒരു കടലാസുണ്ടായിരുന്നു ഒറ്റവരിയിൽഎനിക്കുള്ള മറുപടിയെഴുതിയിരുന്നു. മറുപടി വായിച്ചതിൽ നിന്നും ഒരു കാര്യം ഉറപ്പായി ഇന്നലെ എന്റെ അക്ഷരങ്ങൾക്ക് രാസമറ്റം സംഭവിച്ചിരിക്കുന്നു. മറുപടി കടലാസ് രണ്ടായിത്തന്നെ മടക്കി പുസ്തകത്തിനുള്ളിൽ വച്ച് തിരികെ നല്കി. ആ പുസ്തകത്തിന്റെ പുറം ചട്ടയിൽ ഇങ്ങനെ എഴുതുയിരുന്നു, 'ജീവശാസ്ത്രം'. അവളുടെ മറുപടി വായിച്ചതിനു ശേഷം ഞാൻ എന്റെ തീരുമാനം മാറ്റുകയാണുണ്ടായത്. എന്റെ വിരൽത്തുമ്പിലെ മഷിച്ചാൽ വറ്റുന്നത് വരെ ഞാൻ എഴുതും,  പെൺക്കുട്ടികളെക്കുറിച്ച്.

Wednesday, August 31, 2011

നിലാവിന്റെ തോഴി

കാവിൽ വിളക്കണഞ്ഞു. മാനത്ത് ചന്ദ്രിക തെളിഞ്ഞു. ഇടതൂർന്ന്  നില്ക്കുന്ന വൃക്ഷങ്ങൾക്കിടയിലൂടെ ചന്ദ്രികയുടെ നേർത്ത കിരണങ്ങൾ കടന്നുവന്നു. കാവിനുള്ളിൽ അവ താരങ്ങൾ വിരിയിച്ചു. ദൂരെയെങ്ങു നിന്നോ കാളവണ്ടിയുടെ കട കട ശബ്ദം കേൾക്കാം. കൂടെ കാളയുടെ കഴുത്തിലെ മണിയൊച്ചയും, കുളമ്പടി ശബ്ദവും.  എല്ലാം കൂടെ കാളവണ്ടിക്കാരന്റെ പാട്ടിനു താളം പിടിക്കുന്നതായി തോന്നും  
                                            ആ വണ്ടിയിലുണ്ടാവുമോ അവൻ..പൂരപറമ്പിൽ നിന്നും കരിവളയും, കണ്മഷിയും, ചാന്തും വാങ്ങിക്കാണുമോ? മൊരിഞ്ഞ അരിമുറുക്ക് വാങ്ങിക്കാണുമോ? അവൾക്ക് ധൃതിയായി. കാളവണ്ടി അടുത്ത് വരുന്നുണ്ട്. അവൾ പട്ട് പാവടയും, ഉടുപ്പും മണത്ത് നോക്കി. പിച്ചി പൂവിന്റെയും കാരസോപ്പിന്റെയും, പെട്ടിയിലിട്ടിരുന്ന പാറ്റാഗുളികയുടെയും മണം. അവളുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തിക്കളിച്ചു.
                 
        ഈ രാത്രിയിൽ എന്തിനാണവൾ കാവിൻ തറയിൽ ഒറ്റയ്ക്കിരിക്കുന്നത്...?

                        **                                   **                                     **                                   **                                  **                          
                                 
                കൺമഷിയെഴുതുമ്പോൾ അവളുടെ കണ്ണുകൾ മാനത്ത് വിരിയുന്ന താരങ്ങൾ പോലെ തിളങ്ങും. കരിവളയണിഞ്ഞാൽ കൈകൾ കടഞ്ഞെടുത്തതാണെന്നു തോന്നും.തിരുനെറ്റിയിൽ ചാന്ത് തൊട്ടാൽ ദേവതയാകും. അരിമുറുക്ക് കടിച്ച് മുറിക്കുമ്പോൾ മുല്ലമൊട്ടു പോലുള്ള പല്ലുകൾ നിലാവിന്റെ ശോഭയിൽ തിളങ്ങും.
                 
              കണ്ണിൽ കരിയെഴുതിയ, കയ്യിൽ കരിവളയിട്ട, തിരുനെറ്റിയിൽ ചാന്ത് തൊട്ട ദേവതയാണവൾ.
   അവൻ അവൾക്കു കണ്മഷി വാങ്ങി കൊടുക്കും. അവൾ കണ്ണുകളിൽ പ്രണയം നിറയ്ക്കും. അവൻ അവൾക്കു കരിവളകൾ വാങ്ങി കൊടുക്കും. അവൾ അവനു വളപ്പൊട്ടുകൾ നൽകും. അവൻ അവൾക്ക് ചന്തു വാങ്ങി കൊടുക്കും. അവൾ അവന്റെ നെഞ്ചിൽ ചാന്ത് മായ്ക്കും. അവൻ അവൾക്കു അരിമുറുക്ക് വാങ്ങി കൊടുക്കും. അവൾ അവനെ പാടിയുറക്കും. അവൾ അവനെ പിച്ചിപൂവിന്റെയും കാരസോപ്പിന്റെയും പാറ്റഗുളികയുടെയും സുഗന്ധത്തിൽ ലയിപ്പിക്കും. അവൻ അവളെ ചന്ദ്രിക നിലാവു പരത്തുന്ന രാവിൽ മായ്ക്കും.
               പിന്നിടൊരിക്കൽ അവൾ രാവിന്റെ തോഴിയായി. ചന്ദ്രിക നിലാവൊഴുക്കുന്ന രാവുകളിൽ അവളും നിലാവായി. കണ്മഷിയെഴുതാത്ത കണ്ണുകളിൽ തീജ്വലിച്ചു. കരിവളയണിയാത്ത കൈകളിൽ കൂർത്ത നഖങ്ങൾ അഭംഗിയേകി. ചാന്ത് തൊടാത്ത നെറ്റിയിലേക്ക് മുടി നാഗങ്ങളെ പോലെ ഇഴഞ്ഞിറങ്ങി. അട്ടഹസിക്കുമ്പോൾ
പല്ലിൽ നിന്നും ചോരയൊലിച്ചു
                                                   .......അവൾ പാലപ്പൂമണമായി.
               

Monday, August 29, 2011

അകാരണമായി


എന്റെ കയ്യിൽ ഉള്ളതിനേക്കാളും, എനിക്ക് കൊടുക്കാൻ മനസ്സുള്ളതിനേക്കാളും വലിയ ഒരു തുകയാണു അവർ എന്നോട് ആവശ്യപ്പെട്ടത്. ഒരു ഞെട്ടലുണ്ടായെങ്കിൽ കൂടി അത് പ്രകടിപ്പിക്കാതെ കൈമലർത്തി. അവർ വളരെ ദയനീയമായി യാചിച്ച് കൊണ്ടിരുന്നു. എന്താണവരുടെ ആവശ്യം എന്നാരായാൻ തീരുമാനിച്ചു. പക്ഷെ ചോദിച്ചപ്പോൾ അവർ ദേഷ്യപ്പെടുകയാണു ചെയ്തത്. അവർ എന്നെ തുടർച്ചയായി തെറി വിളിച്ചു് കൊണ്ടിരുന്നു. എന്താണവരുടെ ആവശ്യം എന്നറിയാൻ ഒരു മാർഗ്ഗവും ഇല്ല. ഒരു പക്ഷെ മാനസ്സിക വിഭ്രാന്തിയുള്ളവരായിരിക്കാം. അവർ എന്നെ ഉപേക്ഷിച്ച് മറ്റൊരാളുടെ അടുത്തേക്ക് നീങ്ങി. അയാളോടും കൈ നീട്ടി. എന്നെ ഒരു പുഛത്തോടെ നോക്കിയതിനു ശേഷം ഒരു പിടി നോട്ടുകൾ അയാൾ അവരുടെ കൈയിൽ വെച്ച് കൊടുത്തു. അവരുടെ ആവശ്യം എന്താണെന്ന് അയാൾ തിരക്കിയില്ല. ചോദിച്ചപാടെ പണം നൽകി. നന്ദി പ്രകടനം നടത്തിയതിനു ശേഷം അയാൾക്കൊരു സലാം നൽകി  വീണ്ടും അവർ എന്റെ അടുത്തേക്കു വന്നു. നേരത്തെ വിളിച്ചതിന്റെ ബാക്കി തെറി കൂടി വിളിച്ചതിനു ശേഷം എന്റെ മുഖത്തേക്കു ആഞ്ഞു തുപ്പി. ഒരു പിടി പൊടി മണ്ണു് വാരി എന്റെ മുഖത്തേക്കെറിഞ്ഞു. ഞാൻ പ്രതികരിക്കാൻ നിന്നില്ല. ഞാനെന്ന യാഥാർത്ഥ്യം വിറങ്ങലിച്ചു നിന്നു. മുഖത്തെ തുപ്പൽ തുടച്ചതിനു ശേഷം അവിടെ നിന്നും നടന്നു മാറി. വളരെയധികം സന്തോഷവതിയായി ഒരു വിജയിയെ പോലെ അവർ പോകുന്നതിനു എതിർ ദിശയിൽ ഇളിഭ്യനായി നടന്നകന്നു.

Thursday, August 25, 2011

വനകല


ഒരു വൃത്തിക്കെട്ട വെളിച്ചം അങ്ങിങ്ങായി പരന്നു് കിടന്നിരുന്നു. ഇടയ്ക്കിടയ്ക്കു വന്നു നില്ക്കുന്ന ബസ്സുകൾ ഉയർത്തുന്ന പൊടി  അവിടെത്തന്നെ തങ്ങി നില്ക്കുന്നു. മൂന്നാമത്തെ ചായ കുടിച്ച് കൊണ്ടിരുന്നപ്പോഴാണു കിഴക്കോട്ടേക്കുള്ള ഇന്നത്തെ നാലമത്തെ ബസ്സ് കവലയിലെത്തിയതു. ചായ ബെഞ്ചിൻ മേൽ വെച്ചിട്ട് ആകാംഷയോടെ പുറത്തേക്കു നോക്കി. ഇല്ല..ഇതിലുമില്ല. വന്നിറങ്ങിയതു മുഴുവൻ കോളേജ് കുമാരി കുമാരന്മാർ. ഏറ്റവും ഒടുവിലായി ഇറങ്ങിയത് ഒരു തടിമാടൻ. അതും ബസ്സ് ഡബിൾ അടിച്ച് നീങ്ങി തുടങ്ങിയതിനു ശേഷം. തടിയൻ വീഴുമെന്ന് കരുതിയതാണ്. പക്ഷെ അതുണ്ടായില്ല. പഹയനു വല്ലാത്ത് ബാലൻസാണെന്നു തോന്നുന്നു. കുമാരിമാർ കൂട്ടത്തോടെ ചായക്കടയുടെ ഇടതു വശത്തുള്ള ഊട് വഴിയിലൂടെ അപ്രത്യക്ഷരായി. തൊട്ടു പുറകയല്ലാതെ രണ്ടു കുമാരന്മാരും വെച്ച് പിടിച്ചു. ബാക്കി കുമാരന്മാർ റോഡിനു മറുവശത്തുള്ള  ഓലപ്പീടികയുടെ മറവിൽ നിന്നു പുകയ്ക്കുന്നു. തടിയന്റെ ചെരുപ്പിന്റെ വാറു പൊട്ടി. ഒരു കുറ്റികല്ലിലിരുന്നു വാറിടാൻ ശ്രമിക്കുന്നു.
                                                പതിനൊന്നു മണിക്കെത്തിയതാണു. ഇതിനകം കിഴക്കോട്ടേക്ക് നാല് ബസ്സുകൾ പോയിക്കഴിഞ്ഞു. അതിൽ രണ്ടെണ്ണം തിരിച്ചും പോയി. ഞാൻ കാത്തിരിക്കുന്ന ആൾ ഇതിലൊന്നും ഉണ്ടായിരുന്നില്ല. സ്ഥലം തെറ്റിയിട്ടില്ല. ഇതു തന്നെയാണു രാഘവേട്ടൻ പറഞ്ഞ സ്ഥലം. ആലും മാവും ഒന്നായി പിണഞ്ഞു വളർന്നു നില്ക്കുന്ന് കവല. അതിനു ചുവട്ടിൽ ഒരു പൊട്ടക്കിണറും
                    ഒരു കാഴ്ച്ച തന്നെയാണിതു.  രതിയിലേർപ്പെട്ടിരിക്കുന്ന സ്വവർഗ്ഗാനുരാഗികൾ. ഇവർ സംഭോഗാവസ്ഥയിലായിട്ടു വർഷങ്ങളായിട്ടുണ്ടു്. ഇവർ പ്രകൃതി വിരുദ്ധർ അല്ല. പ്രകൃതിയിൽ ലയിച്ചു ചേർന്നവർ.
                                               ചായക്കടക്കാരൻ ഇടയ്ക്കെന്നെ നോക്കുന്നുണ്ടു. പല്ല് കുത്തുന്നു. മൂക്കിൽ വിരലിട്ട് കറക്കുന്നു. അകത്തേക്ക് കയറാൻ ശ്രമിക്കുന്ന പൂച്ചയെ  ഓടിക്കുന്നു. ബസ്സിൽ വന്നിറങ്ങുന്നവരോട് കുശലന്വേഷണം നടത്തുന്നു. അവർ പോയ്ക്കഴിയുമ്പോൾ അവരെ കുറിച്ചുള്ള അപവാദങ്ങൾ തൊട്ടടുത്ത തയ്യൽക്കടക്കാരനോട്  പറഞ്ഞു കേൾപ്പിക്കുന്നു. അയാൾക്കു പക്ഷെ വല്ല്യ താല്പര്യമില്ലാത്തതു പോലെ തയ്യൽ തുടരുന്നു.
                                                 ഇനി ഒരു ചായ കൂടി കുടിക്കാൻ വയ്യ. ദാഹവും ക്ഷീണവുമൊക്കെ മാറി. ചെറുതായി വിശക്കുന്നുണ്ടു. പക്ഷെ അതടിവയറ്റിലാണു. ഞാൻ  വന്നു കയറിയപ്പോൾ ചായക്കടക്കാരൻ ചോദിച്ചതാണു എങ്ങൊട്ടേക്കാന്നു്. ഞാനൊന്നും മിണ്ടിയില്ല. പിന്നെ അയാൾ ഒന്നും ചോദിച്ചതുമില്ല. ഞാനൊരു നഗരവാസിയാണെന്നു കരുതിയിട്ടാവും. എന്റെ പെരുമാറ്റത്തിലും ചലനങ്ങളിലും ഒരു നഗരവാസിയുടെ ഹുങ്ക്‍ തോന്നിയിട്ടുണ്ടാവും. ഒരു നഗരവാസി ആരെ കാണാനാണു ഈ പട്ടിക്കാട്ടിൽ വന്നിരിക്കുന്നതു എന്നയാൾ കരുതുന്നുണ്ടാവും. ഞാൻ അന്വേഷിക്കുന്ന വ്യക്തിയെ കുറിച്ച് ഇയാളോടു അന്വേഷിക്കാമെന്നു വച്ചാൽ..ആ വ്യക്തിയുടെ ഈ നാട്ടിലെ അവസ്ഥയെന്താണെന്നറിയില്ല.
                                            ഇന്നത്തെ ആറാമത്തെ ബസ്സും വന്നു പോയി. മൂന്നു ചായ (വിരലിട്ടതു്), നാല് വട (തുളയുള്ളത്), ഒരു പഴംപൊരി (പഴം വയ്ക്കാതെ), രണ്ട് നാരങ്ങാവെള്ളം (ഉറുമ്പുകൾ ദീർഘശ്വാസം വലിക്കുന്നത്), ഒരു മോരും വെള്ളം (അച്ചാറിട്ടത്) മൂന്ന് നാണിപ്പൂവൻ രണ്ട് ഏത്തൻ. പിന്നെ ആറ് കിങ്ങ് ഒരു ഗോൾഡ്  (കിങ്ങിന്റെ കൂടൊഴിഞ്ഞത് കൊണ്ട്). ഇന്നത്തെ അയാളുടെ കച്ചവടം മോശമായില്ല. നൂറ് രൂപ കാശ് എന്റെ കയ്യിൽ നിന്നു തന്നെ അയാൾക്കു കിട്ടി. അത് കൊണ്ടാവാം ഇപ്പോൾ  എന്നെ നോക്കുമ്പോൾ അയാളുടെ മുഖത്ത് വശ്യമായ ഒരു ദയനീയത. വശ്യത കീശ നിറഞ്ഞതിന്റെയും, ദയനീയത എന്റെ ഈ കുത്തിയിരുപ്പ് കണ്ടിട്ടുമാവും.
                                            ഇപ്പോൾ പുറത്ത് പൊടിപടലങ്ങൾ ഒന്നടങ്ങിയിട്ടുണ്ട്. അതോ അന്തരീക്ഷം ഇരുണ്ടത് കൊണ്ട് കാണാൻ കഴിയാത്തതോ?ചായക്കടക്കാരൻ വിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പിലാണു. തയ്യൽക്കാരൻ ഒരു ബൾബ് വലിച്ച് പുറത്തേക്കിട്ടു. ചായക്കടക്കാരൻ പ്രാർത്ഥിക്കുകയാണു. എന്നെ പോലൊരുത്തൻ, അല്ലെങ്കിൽ ഞാൻ തന്നെ നാളെയും വരണേ എന്നാവും.
                                           എന്റെ കാത്തിരിപ്പു തുടങ്ങിയിട്ടു ഏഴ് മണിക്കൂർ കഴിഞ്ഞു. രാഘവേട്ടൻ പറഞ്ഞ സ്ഥലം ഇതു തന്നെയാണോ?. അല്ലെങ്കിൽ പിന്നെ ആലും മാവും പിണഞ്ഞു നില്ക്കുന്ന പ്രകൃതിയുടെ വിസ്മയം എന്നു ഞാൻ വിശേഷിപ്പിക്കുന്നിടം മറ്റെവിടെയാണുള്ളതു. ഉണ്ടെങ്കിൽ കൂടി അതിന്റെ ചുവട്ടിൽ ഒരു പൊട്ടക്കിണർ ഉണ്ടാവില്ല. (നഗരത്തിലുമുണ്ട് വിസ്മയങ്ങൾ. അംബരചുംബികളായ കോൺക്രീറ്റ് വിസ്മയങ്ങൾ. അവർ രതിയിലേർപ്പെടുന്നില്ല, തമ്മിൽ ഭോഗിക്കുന്നില്ല. എങ്കിലപോലും അവയ്ക്കു വംശനാശം സംഭവിക്കുന്നില്ല. ദിനംപ്രതി പുതിയവ ജന്മം കൊള്ളുന്നു. താറിട്ട റോഡുകളും, വാഹനങ്ങളും, പുകപടലങ്ങളും അവയ്ക്കു അതിർത്തിത്തീർക്കുന്നു. ആകാശം നോക്കി  നില്ക്കുന്ന അവയ്ക്കു തമ്മിൽ എന്ത് ബന്ധം. അതിനുള്ളിലുള്ളവരും ഓട്ടമല്ലെ, മാനം മുട്ടെ വളരാൻ. അതിനിടയിൽ എന്തു പ്രണയം, എന്ത് രതി. എല്ലാം വെറും കൊഞ്ഞനം കുത്തലുകൾ മാത്രം. അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരും സ്വയം ഇളിഭ്യരാകുന്നു. ബന്ധങ്ങൾ ശിഥിലമാവുമ്പോൾ അംബരചുംബികൾ ദൃഢമാകുന്നു. ബലിയാടാവുന്നതോ പാവം വൃക്ഷങ്ങൾ. അവയ്ക്കു കരയാനറിയില്ല. ചില്ലകളിൽ കാറ്റെത്തുമ്പോൾ ചിരിക്കാനറിയാം. പാവങ്ങൾ നിശബ്ദരായി കോടാലിക്കു മുന്നിൽ തലകുനിക്കുന്നു.)
                                          ചായക്കടക്കാരൻ എന്റെ അടുക്കലേക്ക് വരുന്നുണ്ട്. അയാളുടെ ശരീരമാകെ എന്നോടുള്ള ബഹുമാനം തുടിക്കുന്നുണ്ട്. " ഇനിയൊരു ബാബുമോൻ കൂടിയെ ഉള്ളൂ. അതെട്ടുമണിക്കാണു..സാറ് കാക്കണാൾ അതീക്കാണില്ല. അതിനാത്ത് നിറയെ ടൌണീ പിച്ചയ്ക്കു പോയ തെണ്ടികളും, പോക്കറ്റടിക്കാരും, വേശ്യകളുമാ. വയലും വീടും തുടങ്ങുമ്പ കിഴക്കോട്ട് പോയ സിനിമോള് തിരിച്ച് വരും. പടിഞ്ഞാട്ടേക്കു. അതീക്കേറിയാ ടൌണീ എറങ്ങാം ". അത് പറഞ്ഞയാൾ തിരിച്ച് പോയി റേഡിയോ ഓൺ ചെയ്തു് എനിക്കു നേർക്ക് തിരിച്ച് വെച്ചു. അതവിടിരുന്നു പൊട്ടിതെറിക്കാൻ തുടങ്ങി.
                                         ഒരു പക്ഷെ ഞാൻ ബാബുമോനെ കാത്ത് നില്ക്കില്ലായിരുന്നു. സിനിമോളെ പുണർന്നു നഗരം പുൽകിയേനെ. പക്ഷെ അയാളുടെ വാക്കുകൾ  എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. കാരണം, ഞാൻ കാത്തിരുന്നാൾക്കു ബാബുമോനിലെ വരാൻ കഴിയൂ.. ' വനകല ' അവളെക്കാത്താണു് ഞാനിതുവരെ വെള്ളം  കുടിച്ചിവിടിരുന്നതു്. ഒരു വേശ്യയെ കാത്താണു ഞാനിവിടിരുന്നതെന്നു് അയാളോടെങ്ങനെ പറയും.? 
                                         വനകല, ഒരു ഒന്നന്തരം വേശ്യയാണവൾ. പണം നൽകിയൽ വിയർപ്പൊപ്പുന്നവൾ, മുടിയിഴകളിലൂടെ വിരലോടിക്കുന്നവൾ, കാലുകൾ  നിശബ്ദമാക്കുന്നവൾ, അടിവയറ്റിലെ വിശപ്പ് മാറ്റുന്നവൾ. പരിശുദ്ധയാണവൾ. വാങ്ങുന്ന കാശിനു് വില കൽപ്പിക്കുന്നവൾ. അവൾ ചെയ്യുന്നത് ഒരു പുണ്യപ്രവർത്തിയാണു. ചൂട് പിടിച്ച മനസ്സും ശരീരവും അവൾ തണുപ്പിക്കുന്നു. തലച്ചുമടായി കൊണ്ടുവന്ന വേദനകൾ ഏറ്റ് വാങ്ങി അവളുടെ വിയർപ്പിൽ ലയിപ്പിച്ച് കളയുന്നു. വനകല  പരിശുദ്ധയാണു്. വനകല പുണ്യവതിയാണു്. വനകല വാഴ്ത്തപ്പെടേണ്ടവളാണു്.  
                                         വനകലയെ ഒരിക്കൽ മാത്രമെ ഞാൻ കണ്ടിട്ടുള്ളു. അതെന്റെ കമ്പനിയിലെ സെക്ക്യൂരിറ്റിക്കാരൻ രാഘവേട്ടന്റെ കറുത്ത് തടിച്ച ശരീരത്തിനടിയിൽ വിയർത്ത് കുളിച്ച് കിടക്കുന്ന ഒരു ഇരു നിറക്കാരിയയി മാത്രം. അന്നവൾ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു. ഇന്നവളുടെ കണ്ണുകൾ മുത്തം കൊണ്ടു പൊതിയണം.                                          


Wednesday, August 17, 2011

പുകഭോഗിരാവിലെയൊന്നു പുകച്ചു. ഒന്നു പുകയ്ക്കതെ ഒരു ദിവസം തുടങ്ങുന്നതിനെ കുറിച്ചോർക്കൻ വയ്യ. സുഗമമായി പ്രഭാത കൃത്യങ്ങൾ നിർവഹിക്കൻ ഇതില്ലാതെ പറ്റില്ല. പുകയ്ക്കാത്തവർക്കു ഇതിന്റെ മണം... ഹാ അവർക്കു നാറ്റം, വല്ല്യ അസ്വസ്ഥതയാണു. വെറുപ്പാണു. പുകയ്ക്കുന്നവർക്കോ അമൃതും. പുകച്ച് കറുത്തു ചുളിഞ്ഞ ചുണ്ടുകൾ അവളിലെന്നും വെറുപ്പുളവാക്കിയിരുന്നു. രതിമൂർച്ചയുടെ ഉച്ചസ്ഥായിൽ നില്ക്കുമ്പോൾ പോലും അവളെന്റെ ചുണ്ടുകളിൽ ചുംബിച്ചിട്ടില്ല. ചുണ്ടുകൾ കറുത്ത് ചുളിയാതിരിക്കാനോ, അവളുടെ ചുണ്ടുകളിൽ ചുംബിക്കാനോ വേണ്ടി ഒരിക്കൽ പോലും പുകവലി നിർത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. കാരണം, ഊർജ്ജശോഷണത്തിനു ശേഷം സംഭവിക്കുന്ന ബീജവിസ്ഫോടനത്തിനു പോലും നല്കാൻ കഴിയാത്തത്ര ലഹരി, അടിവയർ വരെയൊ, കൂടലറ്റം വരെയൊ, അല്ലെങ്കിൽ മലദ്വാരം വരെയൊ വലിച്ച് കേറ്റുന്ന ഈ പുകച്ചുരുളുകൾ നല്കുന്നു. പുറത്തേക്കു തുപ്പുന്ന പുകച്ചുരുളുകൾ എന്റെ മുഖമാകെ തഴുകി, കണ്ണിനു മുന്നിൽ നൃത്തം വെച്ച്, വിട പറഞ്ഞ് അകലേക്കലിഞ്ഞില്ലാതാവുന്നത് വേദനയോടെ മാത്രമെ കാണാൻ കഴിയൂ. എന്റെ അന്തരാളങ്ങളിൽ ഒരു നിമിഷം കൊണ്ട് അതു നിറയ്ക്കുന്ന ലഹരിക്കു പകരം ഞാൻ നല്കുന്നയതൊ, പുറത്തേക്കു തുപ്പി കോമാളിയാക്കുന്നു. എങ്കിൽ പോലും അവർക്കു പരാതിയില്ല, എന്റെ മുഖത്ത് തഴുകി, നൃത്തം വെച്ചു ദൂരേക്കലിഞ്ഞില്ലാതാവുന്നു.


അവളൊരിക്കൽ പോലും എന്റെ മുഖത്ത് തഴുകിയിട്ടില്ല. എന്റെ കണ്ണുകളിലേക്കു പ്രണയത്തോടെ നോക്കിയിട്ടില്ല. മിക്കപ്പോഴും എന്നിൽ നിന്നും വളരെ അകലെത്തന്നെയാണവൾ. അതു കൊണ്ടുത്തന്നെയാണു അവളുടെ മുന്നിൽ വെച്ചു പോലും ഈ പുകനാളങ്ങളെ ഞാൻ ഭോഗിക്കുന്നത്.


പണ്ടൊരിക്കൽ അവളൊന്നു കരഞ്ഞു കാണിച്ചു. അതിനവൾ പറഞ്ഞ കാരണം ഒട്ടും വിശ്വസനീയമായിരുന്നില്ല.


'ദുർബലരായ ഈ പുകനാളങ്ങൾ എന്റെ അന്തരാളങ്ങളിൽ കരി പടർത്തുകയാണെന്നു.'


ചിതല്പുറ്റ്എന്നെ അറിയുകയെന്നത്, എന്നിലേക്ക് വീശുന്ന കാറ്റിൽ പാറിനടക്കുകയെന്നാണു്.  എന്നിലേക്ക് എത്തിപ്പെടുകയെന്നത്, കാറ്റിനൊപ്പമുള്ള ഒരു ഒളിച്ച് കളിയാണു.എന്നിലേക്ക് എത്തിപ്പെടേണ്ടതിന്റെ ആവശ്യകതയെന്നത് നീ തിരഞ്ഞെടുത്തതാണു. അതിനുള്ള കാരണം ഒരു വേനലിൽ കണ്ട പരിചയമാവാം. ഞാൻ എന്നത് എനിക്ക് തന്നെ പുറം തിരിഞ്ഞു നില്ക്കുന്ന ഉടലില്ലാത്ത ഒരു നിഴൽ രൂപമാണ്.  എന്നെക്കാൾ നീളമുള്ളതും, മെലിഞ്ഞതുമാണത്. പ്രകാശം പോലും എന്നിൽ നിന്നും വളരെ ദൂരെയോ,  ഉയരത്തിലോ ആണുള്ളത്. ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം, എന്റെ മുന്നിലുള്ള പാത വീതിയേറിയതും, നിരപ്പായതുമണു. കാറ്റ് നിന്റെ മേലുള്ള പിടിവിട്ടാൽ പോലും നിനക്കിഴഞ്ഞ് എന്നിലെത്താം. എന്നിലൊരു രക്ഷകനെ നീ പ്രതീക്ഷിക്കരുത്. ഞാൻ തന്നെ ശിക്ഷിക്കപ്പെടേണ്ടവാനാണു. മുൾമുരിക്കിൽ മുള്ളുകമ്പിയാൽ ബന്ധിക്കപ്പെട്ടവനാണു. എന്നെ രക്ഷിക്കാൻ മുതിർന്നാൽ നിന്റെ കൈ മുള്ളുകളാൽ മുറിയാം. പകരം തരാൻ എന്റെ ഉടലിൽ നിണമില്ല.  നീ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞവൾ. പൊടിക്കാറ്റിൽ നഗ്നത മറച്ചവൾ.
ഞാനോ പെരുമഴയിൽ താഴേക്കൊഴുകാൻ മുനമ്പൊടിഞ്ഞു നില്ക്കുന്ന മൺക്കൂന. ഇനിയൊരു വേനലിൽ, ഒരിളം കാറ്റിനൊപ്പം നിനക്കെന്നിലലിയാം.         ചിതല്പുറ്റിനൊപ്പം ഒന്നായിപ്പുണർന്നിണച്ചേർന്നു മാനം മുട്ടാം..

Monday, August 15, 2011

കഥകേൾക്കാൻ


അവളെന്നെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. അവളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.  പറഞ്ഞിരന്നത് പോലെ മുടിയിൽ വെള്ള റോസപ്പൂവ് ചൂടിയിരുന്നു.  കയ്യിൽ വെറോണിക്ക ഷെസ്ഫീൽഡിന്റെ ' റെഡ്ജീൻ ' കരുതിയിരുന്നു. എന്നെ തിരിച്ചറിയാൻ ഞാൻ ആ പുസ്തകത്തിലെ എഴുപത്തിരണ്ടാം പേജിലെ  മൂന്ന് മുതലുള്ള വരികൾ  കാണാതെ  പറയേണ്ടതുണ്ട്. അവൾക്കരികിലേക്ക് നടന്നുക്കൊണ്ട് ഞാനത് മനസിലോർത്തു പഠിച്ചു.
 " അവൻ പുറപ്പെട്ടത് മുതൽ അവൾ കാത്തിരിക്കുകയാണു, ഇനിയൊരു തിരിച്ചു വരവിനായി. അവളവനോട് ഒന്നും പറഞ്ഞുകഴിഞ്ഞിരുന്നില്ല. ഇനിയും പറയാനേറെ. അവന്റെ മാറിൽ തലചായ്ച്ച് ഇനിയും എത്ര രാത്രികളിൽ കഥാലോകം സൃഷ്ടിക്കണം. അതിനായി ഇനിയവൻ വരുമോ?  ഒരിക്കലും പറഞ്ഞു തീരാത്ത അവളുടെ കഥകൾ  സൃഷ്ടിക്കപ്പെട്ടുക്കൊണ്ടിരുന്നു."
മനസ്സിലിത് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അവളുടെ മുന്നിലെത്തിയപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞു.
       "ഞാൻ പുറപ്പെട്ടതു മുതൽ നിന്നെക്കാണാനുള്ള തിടുക്കാത്തിലായിരുന്നു.  ഇനിയൊരു തിരിച്ചുവരവു പ്രതീക്ഷിച്ചതല്ല. നിന്നെക്കേൾക്കാനും, അറിയാനും ഇനിയുമേറെ. നിന്റെ മടിയിൽ തലവെച്ച്, നീ സൃഷ്ടിക്കുന്ന കഥാലോകത്ത് ഉറക്കമിളിക്കാൻ  കഴിയുമെന്നു കരുതിയില്ല". ഞാൻ പറഞ്ഞത് പൂർണ്ണമായും ശരിയാണെന്നു തോന്നുന്നു. അവളെന്നെ അകത്തേക്കു കൂട്ടിക്കൊണ്ട് പോയി. 

വഴിതെറ്റിയത് മുതൽജീവിത യാത്രയിൽ എപ്പഴോ എവിടെയോ വച്ച് വഴിതെറ്റി. അതോ വഴി മാറി നടന്നതോ. അറിയില്ല. വഴിതെളിക്കേണ്ടവർ യാത്രയുടെ ആരംഭത്തിൽത്തന്നെ യാത്ര മതിയാക്കി തിരികെ പോയി. മാതവിന്റെ അടിവയറ്റിൽ നിന്നും ഭൂമി മാതാവിന്റെ അടിവയറ്റിലേക്കു. പക്ഷെ ആത്മാവ് ശാസ്ത്രത്തെ തെറി പറഞ്ഞ്, വിശ്വാസത്തിന്റെ വഴിയിൽ ഒളിഞ്ഞും അപൂർവം ചിലപ്പോൾ തെളിഞ്ഞും സഞ്ചരിക്കുന്നു.
                                                 വഴിതെറ്റിയടുത്തേക്ക് പോകും മുൻപ് ഒരു കര്യം..വഴി തെറ്റിയത് മരുഭൂമിയിൽ വച്ചോ കടൽത്തീരത്ത് വച്ചോ അല്ല. തിരക്കേറെയുള്ള ഒരു തെരുവിൽ വച്ചാണത് സംഭവിച്ചത്.  നിശബ്ദമായി വഴിക്കാട്ടുന്ന സൂചനാ ബോർഡുകൾ ഉണ്ടായിട്ടും എവിടേക്ക് തിരിയണമെന്നറിയാതെ, ആകെ വിയർത്ത്, അഴുക്കുപിടിച്ച്, താടിയും മുടിയും വളർന്ന്, ദുർഗന്ധം പരത്തിക്കൊണ്ട്, കണ്ണുകൾ തുറന്നു എന്നാൽ  കാഴ്ച നഷ്ടപ്പെട്ടവനെ പോലെ എവിടെയെന്നില്ലാതെ അലയാൻ തുടങ്ങി. കഴ്ചകൾക്ക് നിറമില്ലായിരുന്നു. എല്ലാം കറുപ്പും വെളുപ്പും മാത്രം. ചിലപ്പോൾ ഇരുട്ടിന്റെ കറുപ്പ്. അപ്പോൾ അടിവയറ്റിൽ നിന്നും കടൽ ഇരമ്പുന്നത് പോലെ എന്തോ ഒന്നു മുകളിലെക്ക് ഉരുണ്ട് വരും. ഉടൻ കൈകാലുകൾ കുഴഞ്ഞു താഴേക്കു വീഴും. വിശപ്പെന്ന പ്രതിഭാസമയിരുന്നു അത്. കണ്ണുകൾ തുറക്കുമ്പോൾ മുലപ്പാലിന്റെ നിറമുള്ള എന്തോ ഒന്ന് എന്റെ മുഖത്തേക്കു തെറിച്ച് വീഴും. അതിനു പിന്നാലെ വീഴുന്ന വെള്ളിനാണയങ്ങൾക്കും മുഷിഞ്ഞ നോട്ടുകൾക്കും എന്റെ വിശപ്പടക്കാനാകും.
                                               ഒരു ദരിദ്ര സ്ത്രീയുടെ ഗർഭപാത്രത്തിലേക്കു തെറിച്ചു വീണ ദരിദ്ര ബീജം വളർന്നുണ്ടായതാണു ഞാൻ. ഏഴാം മാസത്തിൽ വളർച്ചയെത്താതെ ഭൂമിയിൽ പിറന്നു വീണു. എന്റെ ശരീരവും ദാരിദ്ര്യം അനുഭവിക്കുകയായിരുന്നു. പട്ടിണിക്കിടയിലും അവർക്കുള്ള ആഹാരം കൂടി എന്നെക്കൊണ്ട് കഴിപ്പിച്ചു. എന്റെ ആരോഗ്യത്തിനായി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളൊക്കെ അവർ കയറിയിറങ്ങി.  ഞാനൊരു ആരോഗ്യവാനായി തീർന്നപ്പോഴേക്കും അവരുടെ ആരോഗ്യം ക്ഷയിച്ചു. രോഗങ്ങൾ അവരെ കൂട്ടിക്കൊണ്ടു പോയി. അവർ പോകുന്നതും നോക്കി വീട്ടുപടിക്കൽ അന്തിച്ചു നിന്നപ്പോൾ അറിയില്ലായിരുന്നു ഈ ലോകത്തെക്കുറിച്ച്. കൊഴുത്ത ശരീരം ജീവിതയാത്രയിൽ കൂട്ടായി, സഹായമായി.
                                              പുറം ലോകം കണ്ടു പരിചയിച്ചപ്പോൾ ആണത്തം പൊട്ടിമുളച്ചു. ഒരുത്തനേയും കൂസാതെ മുന്നോട്ടു നടന്നു. എത്തിപ്പെട്ടടുത്തൊക്കെ ഒറ്റയാനായി. അവിടുത്തെ അധിപനായി. നന്മയും തിന്മയും തിരിച്ചറിഞ്ഞപ്പോഴും, തിന്മയുടെ വഴിയെ സഞ്ചരിച്ചപ്പോഴും, നന്മയുടെ ഒരു കനൽ മനസ്സിലെവിടെയോ അണയാതെകിടന്നു. ചിലപ്പോളതു പുകഞ്ഞു പുക പുറത്തേക്കു വരാറുണ്ടു. പുകയുടെ ഗന്ധം അറിഞ്ഞവർ പലപ്പോഴും നിശബ്ധമായി ഉപദേശിക്കാറുണ്ട്. പക്ഷെ അതിന്റെ പൊരുൾ മൻസ്സിലാക്കിയപ്പോഴേക്കും ഇരുൾ വീണ ഏതോ വഴിയരികിൽ കാലുകൾ കുഴഞ്ഞു വീണു. അവിടുന്നു പിടഞ്ഞെണീറ്റപ്പോൾ പിന്നിൽ വെളിച്ചം അണഞ്ഞിരുന്നു. വാതിൽ അടയ്ക്കപ്പെട്ടിരുന്നു. പിന്നെ മുന്നിലെ ഇരുട്ടിലൂടെ വേച്ച് വേച്ച് നടന്നു.

Monday, March 21, 2011

കശപിശ

വളരെ യന്ത്രികമായിരുന്നു ഓരോ ചലനങ്ങളും. നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതു പോലെ, എന്റെ ആദ്യ ഇടിയിൽ  തന്നെ അവന്റെ മുന്നിലുള്ള രണ്ടു പല്ലും തെറിച്ചു. മുഖം  പൊത്തിപിടിച്ചവൻ പിന്നിലേക്കു മലച്ചു.  അടുത്തവന്റെ ഊഴം കാത്തു നില്ക്കാതെ അവർക്കിടയിലേക്ക് ഞാൻ എടുത്തു ചാടി. എന്റെ ശരീരം  നിശ്ചലമായപ്പൊഴേക്കും അവന്മാർ ഓടി രക്ഷപ്പെട്ടിരുന്നു. എനിക്കൊന്നു അലറി വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെ ശബ്ദം മൂടോടെ, അതിലൊരുവൻ പിഴുതെടുത്തിരുന്നു. അവന്റെ കയ്യിലിരുന്നു അതു  കരയുന്നുണ്ടാവും....

Sunday, March 20, 2011

മുടിക്കെട്ട്

ഞാൻ അവരെ പിന്തുടരാൻ തീരുമാനിച്ചു. അവർ പോകുന്നത് സന്യാസി മഠത്തിലേക്കായാലും, വേശ്യാലയത്തിലേക്കായാലും, അവരുടെ കാലുകൾ നിശ്ചലമകുന്നതു വരെ ഞാനവരെ പിന്തുടരും. അവരുടെ മുടിക്കെട്ടിൽ നിന്നും പടരുന്ന സുഗന്ധം അത്രയ്ക്കെന്നെ ആകർഷിക്കുന്നു. അവരിൽ ആസക്തനാക്കുന്നു. പിന്തുടരാൻ തുടങ്ങിയിട്ടു അരമണിക്കൂർ കഴിഞ്ഞു. ഇപ്പോഴവർ ഇരുവശവും ഇറച്ചിക്കടകൾ നിറഞ്ഞ ഒരു ഇടവഴിയിലൂടെയാണു നടക്കുന്നതു. അവസാനത്തെ ഇറച്ചിക്കടയും കഴിഞ്ഞാൽ പിന്നെയൊരു ഇടുങ്ങിയ വളവാണു. അവിടെ വച്ച് എനിക്കവരുടെ മുന്നിൽ കയറണം.
" നിങ്ങളുടെ മുടിക്കു സുഗന്ധമേറെയാണു " എന്നവരോട് പറയണം. ഉറപ്പിച്ച ചുവടുകളോടെ ആ വളവിലേക്കു ഞാൻ എടുത്ത് ചാടി. പക്ഷെ കാലുകൾ നിലത്തുറയ്ക്കുന്നതിനു പകരം ഞാനൊരു ഗർത്തത്തിലേക്കു തലകുത്തി വീഴുകയായിരുന്നു. അതിന്നുള്ളിൽ തല മറിയുന്നതിനിടയിൽ ഞാൻ കണ്ടു, അവർ പൊട്ടിച്ചിരിക്കുന്നു. ഗർത്തത്തിനു മുകളിലെ വാതിൽ പിടിച്ചടച്ചതും അവർ തന്നെ..

Friday, March 18, 2011

സിലോൺ ലാമ്പുകൾ

ഇരുൾ വീണ ഇടനാഴികളിൽ ഇപ്പോഴും നിന്റെ തേങ്ങലുകൾ
കേൾക്കുന്നുണ്ടു. ഒരിക്കൽ ഞാനിതിനു മുന്നിൽ കണ്ണുകളടച്ചു,
ചെവി പൊത്തി. അന്നീ ഇടനാഴികളിലങ്ങിങ്ങായി സിലോൺ
ലാമ്പുകൾ പ്രകാശിച്ചിരുന്നു. അതിന്റെ മഞ്ഞ വെളിച്ചത്തിൽ
നിന്റെ മുഖം കരഞ്ഞു തുടുത്തിരുന്നു.  കവിളിലേക്കു ഒലിച്ചിറങ്ങിയ
കരിമഷിച്ചാലുകൾ എനിക്കോർമ്മയുണ്ടു. ഒരു കൈയ്യകലത്തിൽ
ഇന്നു നീയുണ്ടായിരുന്നുവെങ്കിൽ നിന്റെ കണ്ണുനീർച്ചാലുകൾ ഞാൻ
തുടച്ചേനെ. മുഖത്തേക്കു പാറിവീണു കിടക്കുന്ന മുടിയിഴകൾ മാടിയൊതിക്കിയേനെ.
വൈകി പോയിയെന്നു മനസ്സിലാക്കുന്നു. ഇരുൾ വീണ ഇടനാഴികളിൽ
ഇപ്പൊഴും നിന്റെ തേങ്ങലുകൾ കേൾക്കുന്നു. ഇന്നിതിനു മുന്നിൽ
ഞാൻ കണ്ണുകളടയ്ക്കില്ല, കതുപൊത്തില്ല..ഈ കറുപ്പിലും ഞാൻ
കണ്ണുകൾ തുറന്നു പിടിച്ചിട്ടുണ്ടാവും......ഇനിയൊരിക്കലും നീ ചിരിക്കില്ലായെന്നു അറിയാമെങ്കിൽ കൂടി...

Wednesday, March 16, 2011

ഒരിയ്ക്കലവൾ

അവളുടെ കണ്ണുനീർ എന്റെ കഴുത്തിലും താടിയിലുംപ്പറ്റിപ്പടർന്നു.
അവളുടെ ഏങ്ങലടികൾ എന്റെ ഹൃദയത്തിൽ വന്ന് തല്ലിക്കൊണ്ടിരുന്നു. അവളുടെ കുഴഞ്ഞ ശരീരം എന്റെ തോളിൽ തൂങ്ങിക്കിടന്നു. പെട്ടെന്നു ഒരു നിമിഷം എന്നിൽ നിന്നു അടർത്തിയെടുത്ത് അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.
ആ ചുംബനത്തിൽ അവൾ കുഴഞ്ഞു പിന്നിലേക്കു മലച്ചുപോയി.
ഒഴുക്കു നിലച്ചു തളം കെട്ടിനിന്ന ഇരുട്ടിലേക്കവൾ വഴുതിവീണു..
ഇരുട്ടിലും അവളുടെ കണ്ണുനീർ കണങ്ങൾ തിളങ്ങിക്കൊണ്ടിരുന്നു.
മനക്കോട്ടയിൽ നിന്നും താഴേക്കുവീണു് മൃതിയടഞ്ഞ അവളുടെ സ്വപ്നങ്ങൾക്ക് ഇതു വീണ്ടും..... ഒരു പുനർജന്മം.
ഈ പുതിയ ജന്മത്തിൽ മാഞ്ഞുപോയ ചുംബനങ്ങൾക്കുമേൽ പുതിയ ചുംബങ്ങൾ ഏറ്റുവാങ്ങി എന്റെ മാറിൽ തല ചായ്ച്ച്,  പുഞ്ചിരി പൊഴിച്ച്, രാത്രികളിൽ അവൾ തളർന്നുറങ്ങുന്നു....

ചുവന്ന നക്ഷത്രം

പ്രണയ മന്ദിരത്തിനു മുകളിലെ ഗോപുരത്തിൽ കയറിയിരുന്നു
നക്ഷത്രങ്ങളെ എണ്ണുമ്പോൾ അവയിലൊന്നു അവളാണെന്നു തോന്നിയിരുന്നു.
ആ നക്ഷത്രം കരയുന്നോ എന്നു തോന്നിയിരുന്നു. പ്രിയതമയെ നഷ്ടപ്പെട്ട
എന്നിലേക്കു ഒരു തലോടൽ എന്ന പോലെ അവയുടെ കൈകൾ
നീണ്ടു വന്നു തൊടുമായിരുന്നു. ഇന്നതു അവടെയില്ല. ഇന്നു എന്റെ
ജീവിതത്തിലേക്കു സാന്ത്വനവുമായി മറ്റൊരു സുന്ദരി കടന്നു വന്നിരിക്കുന്നു.
ഒരു സുന്ദരിയെന്നതു ഒരു നക്ഷത്രമായിത്തീരുന്നതു വരെ മാത്രമായിരുന്നു
അവൾ മരിച്ചതിനു ശേഷം. പ്രണയം എന്നതു കാമം ആയിത്തീരുകയും
അതു തലയ്ക്കു പിടിക്കുകയും ചെയ്തപ്പോൾ ആവശ്യം അവളുടെ ശരീരം മാത്രമായിരുന്നു.
അതു നേടാനുള്ള തന്ത്രപ്പാടിൽ പ്രണയത്തിന്റെ അർത്ഥം
മറന്നു പോയി . കാമത്തിന്റെ നിയമം തെറ്റി. ബക്കിയായതു ജീവൻ നഷ്ടപ്പെട്ട
ശരീരം മാത്രം. അതിൽ പലയിടത്തും രക്തചാലുകൾ കീറിയിരുന്നു.
ഗോപുരമുകളിൽ പ്രകാശിച്ചിരുന്ന നക്ഷത്രത്തിലും രക്തചാലുകൾ കീറിയിരുന്നു.
ഇന്നിതാ മറ്റെരു നക്ഷത്രം അതിനടുത്തായി. അതിലും രക്തചാലുകൾ
കാണാം. ഈ തുറുങ്കിൽ കമ്പിയഴികൾക്കു പകരം നക്ഷത്രങ്ങളെ എണ്ണുന്നു, കാത്തിരിക്കുന്നു..! ഇനിയുണ്ടാകുമോ എന്റെ കാമുകിമാരുടെ ചൊരയൊലിച്ച
തുടകൾ..?

ചാട്ടവറുകൾ

മഞ്ഞ വെയിൽ പൊടിപ്പിടിച്ച് പതയുന്നു. കണ്ണിനു ചുറ്റും പൊടിപാറുന്ന തരിശ് ഭൂമി. സൂര്യൻ ജ്വലിച്ച്,ബലൂണിലെ കാറ്റ് പോലെ ഭൂമിയാകെ വെയിൽ നിറച്ചിരിക്കുന്നു.
ശരീരമാകെയും മനസ്സും ഉരുകുകായണു. തലയിൽ തീപിടിച്ചത് പോലെ മുടിയിഴകൾ തീജ്വാല പോലെ ഇളകുന്നു . കൈകലുകൾ മെഴുകുതിരി പോലെ ഉരുകിയൊലിക്കുന്നു. പിന്നിട്ട ദൂരം, എന്റെ രോമസുഷിരങ്ങളിൽ നിന്നും പൊടിഞ്ഞ വിയർപ്പുകണങ്ങളെക്കാൾ അധികമാവും.
ജീവിതം അഴുക്ക് പിടിച്ചതായിരുന്നു. അതിവിടെ ദുർഗന്ധത്തോടെ പൊട്ടിയൊലിക്കുന്നു. ചലം വറ്റിയ വ്രണം പോലെ ശരീരം ഉരുകിയൊലിച്ച്  കഴിയുമ്പോൾ സുഗന്ധപൂരിതമായ ഒരു മരുപ്പച്ച  അങ്ങകലെ കണുമെന്നു പ്രതീക്ഷിക്കുന്നു. അവിടെ കാവലാളുകളുടെക്കയ്യിൽ ചാട്ടവറുകൾ നിലത്തിഴയുന്നുണ്ടാവും. അവയെന്നെ പ്രഹരിക്കാനുള്ളതണു. അവയ്ക്കു ഞാനൊരു ഭോഗവസ്തവാണു. അവയെന്നെ ഭോഗിച്ച്ക്കഴിയുമ്പോളെന്നിലേക്കൊരു പെരുമഴ പെയ്യും. കാർമേഘങ്ങൾ പനിനീർ ചാലിച്ച് ചൊരിയുന്ന സുഗന്ധമഴ. അതിനൊടുവിൽ, അലക്കിതേച്ച, വടിവൊത്ത ഒരു ആത്മാവുമായി, ദിനാന്ത്യത്തിലെ ചുവന്ന സൂര്യനു മുന്നിൽ ഞാനവളെക്കാത്തിരിക്കും. മഞ്ഞിൻക്കണങ്ങൾ  പതിപ്പിച്ച നിലവു പുതച്ച് അവളെന്നിലേക്ക് പറന്നിറങ്ങും.....

ഒടുവിലായി..

ഒരു കുഞ്ഞുമഴയിൽ,ഒരു കുഞ്ഞുകുടക്കീഴിൽ കൈകൾ കൂട്ടിപ്പിടിച്ച്,
തോളുരുമ്മി നടന്ന വൈകുന്നേരങ്ങൾക്കൊടുവിൽ കൈ വീശി യാത്ര പറഞ്ഞു നീങ്ങുന്ന അവളെ  മാത്രമെ എനിക്കോർമ്മയുള്ളു. 
ചില പ്രഭാതങ്ങളിൽ ഒരു ചെറു പുൻചിരിയോടെ
ഇളം വെയിൽ പുതച്ച് വരുന്ന, അവളെ  മാത്രമെ എനിക്കോർമ്മയുള്ളു. ചിതൽ തിന്ന പുസ്തകത്താളുകളിൽ അവൾ എഴുതിവെച്ച പ്രണയക്ഷരങ്ങൾ ഞാൻ കണ്ടില്ല.
അവളുടെ കണ്ണുകളിലൊളിപ്പിച്ച് വച്ച തിളക്കം ഞാൻ കണ്ടില്ല. അവളുടെ ചുണ്ടുകൾ വിറയാർന്നത് അവളുടെ പ്രണയം ഞാൻ  തിരിച്ചറിയുന്നില്ലയെന്നറിഞ്ഞിട്ടാണെന്ന് ഞാൻ അറിഞ്ഞില്ല. അവളെന്നോട് പറയാതിരുന്ന പ്രണയം ഞാൻ അറിഞ്ഞില്ല....

Monday, March 14, 2011

കല്ലുകടി

നിന്റെ ചുടുനിശ്വാസം എന്റെ മുഖത്ത് പതിച്ചപ്പോൾ ഞാൻ കോരിത്തരിക്കുകയാണു ചെയ്തത്. പിന്നെയൊരിക്കൽ കൂടി അതാവർത്തിച്ചപ്പോൾ എനിയ്ക്കെന്റെ ബോധം നഷടപ്പെടുന്നതായി തോന്നി. അതിവേഗത്തിൽ നീങ്ങുന്ന തീവണ്ടിയിൽ,വാതിലിൽ, തിരക്കിൽ നിന്നൊഴിഞ്ഞ് എന്റെ മുന്നിൽ കൈ കെട്ടിനില്ക്കുന്ന നീ എന്തിനാണു എന്നെ അവഗണിക്കുന്നത്. എന്റെ കണ്ണുകളിലേക്കു നോക്കു. അവിടെ തീക്ഷ്ണമായതെന്തെങ്കിലും ഉണ്ടാവും. കാറ്റിൽ പറന്നിളകുന്ന നിന്റെ മുടിയിഴകൾ എന്റെ മുഖത്ത് അസ്വസ്ഥതയുണ്ടാക്കി എത്ര തവണയാണു വന്നുരുമ്മിയത്. അത് പോലും ശ്രദ്ദിക്കാതെ എന്തിനാണു നീ പുറത്തേക്ക് മാത്രം നോക്കിനില്ക്കുന്ന്ത്. നിന്റെ മുടിയിഴകളോട് ചോദിക്കു, അവയ്ക്കു പറയാൻ ഏറെയുണ്ടാവും എന്നെക്കുറിച്ചു. അവയെന്നെ തഴുകി പൊയ്ക്കൊണ്ടിരിക്കുന്നു. നീ എന്താണതൊന്നു മാടിയൊതുക്കാൻ പോലും തുനിയാത്താത്. മുടിതുമ്പിലാണോ നിന്റെ ഹൃദയം? അതോ അധരങ്ങളോ? ഏതായാലും അവയ്ക്ക് സുഗന്ധമേറെയണ്. ഹേയ്.. എന്തുകൊണ്ടാണിപ്പോൾ നിന്റെ മാറിടം ഇത്ര വേഗത്തിൽ ചലിക്കുന്നത്? ഹൃദയമിടിപ്പ് വർദ്ദിക്കുന്നുണ്ടോ? അതെ ഞാനിപ്പോൾ കാണുന്നു നിന്റെ ചുണ്ടുകൾ വിറകൊള്ളുന്നത്. പറയൂ എന്തെങ്കിലും പറയൂ.. " ഹേയ് മിസ്റ്റർ നിങ്ങൾ എത്ര നേരമായി എന്റെ കാലിൽ ചവുട്ടി നില്ക്കുന്നു..പ്ലീസ് ദയവ് ചെയ്ത് ആ കാലൊന്നു മാറ്റൂ. എനിക്കു നന്നായി വേദനിക്കുന്നു.." (കല്ലുകടി)

Blog Archive

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....