Saturday, October 4, 2014

ചില ഫെയ്സ്‌ബുക്ക് പോസ്റ്റുകള്‍

അവള്‍ : നിന്നില്‍ ആളിപ്പടര്‍ന്ന വൈദ്യുത ജ്വാല തല്ലിതകര്‍ത്തത് 
എന്റെ ഹൃദയത്തിലെ വെള്ളിമേഘങ്ങളെയായിരുന്നു
ആ നിമിഷം കോരിച്ചൊരിയാന്‍ തുടങ്ങിയ എന്‍റെ മിഴികള്‍ 
നനഞ്ഞു കുതിര്‍ന്നിപ്പോഴും തോരാതെ നില്‍ക്കുന്നു.
_________________________________

ഇതിലുമേറെ ഗാഢമായെനിക്കവളെ പുണരാന്‍ കഴിയില്ല, എല്ല് നുറുങ്ങുമാറ്.
_________________________________

തികട്ടി വരുന്ന ചില ഓര്‍മ്മകള്‍ക്ക് 
പണ്ടെങ്ങോ കഴിച്ച വയനയിലയപ്പത്തിന്‍റെ
രുചിയും മണവും
_________________________________

ഇന്നലെ മോരുകറി, നെത്തോലി തോരന്‍ 

ഇന്ന് ചക്കയെരിശ്ശേരി ഉണക്കമീന്‍ പൊരിച്ചത്

എനിക്കിത് വയറ് നിറയ്ക്കല്‍ കോമ്പിനേഷനല്ല
മനസ്സ് നിറയ്ക്കലാണ്. ഒരു ഫാസ്റ്റ്ഫുഡ് സംസ്കാരവും 
ഇതിന്മേല്‍ ആവി പറത്തില്ല. തൃപ്തിയെന്നത് വയര്‍ നിറയല്‍
മാത്രമല്ല മനസ്സ് നിറയല്‍ കൂടിയാണ്.

_________________________________

എല്ലാക്കാലത്തും ഒരു ' ഇന്നത്തെക്കാലത്തു ' ണ്ടായിരുന്നു
_________________________________

വീണ്ടുമെന്‍റെ നിഴലുകളെന്നെ കോമാളിയാക്കുന്നു
എന്നിലേക്ക്‌ വീഴുന്ന പ്രകാശം വലിച്ചൂറ്റിയെടുത്ത്
വീര്‍ത്തും ചീര്‍ത്തും മെലിഞ്ഞും നീണ്ടും കുറുകിയും
പിന്‍പാതയിലും മുന്‍പാതയിലും വലിച്ചിഴയ്ക്കുന്നു
ചുമരുകളില്‍ കെട്ടി തൂക്കുന്നു.
_________________________________

വികാരങ്ങള്‍ മുഖത്ത് പ്രകടിപ്പിക്കാന്‍ കഴിയാത്തൊരവസ്ഥ
അഥവാ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയ്ക്ക് പോസ് ചെയ്യല്‍ -_-
_________________________________

രണ്ടു വാക്കുകള്‍ക്കിടയില്‍ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു
നോവിന്റെ പിടച്ചിലുണ്ടായിരുന്നു. പിഞ്ചി തുടങ്ങിയ നൂല് കൊണ്ട് 
തുന്നിച്ചേര്‍ത്തു വെച്ച രണ്ടു വാക്കുകള്‍. 
നികത്താനാവാത്ത വിടവുള്ളൊരു വിടപറച്ചില്‍. " ഞാന്‍ പോവുകയാണ് "
_________________________________

എനിക്കുമവള്‍ക്കുമിടയിലെ അകലം 
ചൂടുമാറാത്ത ഒരു നിശ്വാസത്തിന്‍റെയുമത്രെ....

എനിക്കുമവള്‍ക്കും സമൂഹം കല്‍പ്പിച്ച അകലം 
സദാചാര ' തീവ്ര ' വാദികളുടെ ഉലക്ക നീളം......
_________________________________

ചോറ് പൊതിയിലെ മുട്ടപ്പൊരിച്ചതും തേങ്ങാ ചമ്മന്തിയും
ഉച്ച ബെല്ലിനു മുന്‍പുള്ള പ്രതീക്ഷയായിരുന്നു.
_________________________________

മരുന്നിനൊപ്പം ചുംബനവും ചേര്‍ത്ത് നല്‍കിയവള്‍ക്ക്.
പനിച്ചുടിലും ചിരിക്കുന്നുണ്ടായിരുന്നവള്‍.
_________________________________

പ്രലോഭനങ്ങള്‍ക്ക് നേരെ ഒരു പുഞ്ചിരി എറിഞ്ഞു കൊടുത്തിട്ട്
പിന്തിരിഞ്ഞ്‌ നടക്കുമ്പോള്‍ നഷ്ടബോധം തോന്നിയിട്ടുണ്ട്.
കുറ്റബോധം തോന്നേണ്ടി വന്നിട്ടില്ല.....
_________________________________

നിങ്ങളുടെ കുഞ്ഞിനു നിങ്ങള്‍ നല്‍കുന്ന പരിഗണന
നിങ്ങള്‍ക്കൊരിക്കല്‍ നല്‍കിയിരുന്നവരെ നിങ്ങളിപ്പോള്‍ 
പരിഗണിക്കുന്നുണ്ടോ..? ങ്ഹും? ഉണ്ടോ?
_________________________________

കഥാകാരനായിരുന്നൊരെന്നെ കവിയാക്കിയവളെ....,
കാമുകി.., കൈകൂപ്പുന്നു _/\_ ..... കവിതയെഴുതിച്ചതും നീ.. 
കവിയെന്നെന്നെ വിളിച്ചതും നീ... എന്‍റെ കവിതയും നീ...
_________________________________

ഒരു ചുംബനത്തിന് നാട്ടുകാര്‍ എനിക്ക് നല്‍കിയത് (A) സര്‍ട്ടിഫിക്കറ്റ്
അവള്‍ നല്‍കിയത് 916 ഹാള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ്
_________________________________

ഇതിന്നലയെ കുറിച്ച്.. പിന്നെ നിന്നെയും

ഞാനവളെ ഇരുള്‍ വീണ വേനല്‍ക്കാട്ടിലേക്ക് ക്ഷണിച്ചു
കഴിക്കാന്‍ പാപത്തിന്റെ കനിയും ഒരു കുഞ്ഞു കോപ്പ
നിറയെ ലഹരി നുരയുന്ന മുന്തിരിച്ചാറും കരുതി വെച്ചു.
ചുടു കാറ്റ് വീശുന്ന രാത്രിയുടെ അന്ത്യയാമങ്ങളില്‍ 
മഞ്ഞിന്‍ മുത്ത്‌ പതിപ്പിച്ച പട്ടു ചേല ചുറ്റി എന്നിലേക്കവള്‍
പടര്‍ന്നു കയറി. ഓരോ മരച്ചില്ലകളിലും മഞ്ഞിന്‍കണങ്ങള്‍
വാരി വിതറി. വേനല്‍ക്കാട്ടില്‍ പെയ്ത മഞ്ഞു മഴപോല്‍
അവള്‍ തോര്‍ന്നു നിന്നു. ചുട്ടു പഴുത്തിരുന്നെന്റെ ഭൂപ്രതലത്തില്‍ 
നിന്നുയര്‍ന്ന പുകമണം ശ്വസിച്ചവള്‍ മയങ്ങിക്കിടക്കുന്ന മരുപ്പച്ചയായി.
അതിപുലരിയിലെ നരച്ചപ്രകാശത്തില്‍ ഞാന്‍ കണ്ടു, ചേല
വാരി ചുറ്റി മുടിയിഴകളിലെ മഞ്ഞു കണങ്ങള്‍ കുടെഞ്ഞെറിഞ്ഞു
കണ്ണുകളിലെന്നിലണഞ്ഞ കാട്ടുതീ ആളിക്കാന്‍ പോന്നൊരു 
ചുടുകാറ്റുമായി പുഞ്ചിരിച്ചകലുന്നു... 

ഇന്നലെയെന്റെ വേനല്‍ക്കാട്ടില്‍ മഞ്ഞുമഴ പെയ്തിരുന്നു..
ഇന്നിലേക്ക് കുളിരേകാന്‍ മരച്ചില്ലകളില്‍ മഞ്ഞു കണങ്ങള്‍
ഉപേക്ഷിച്ചവള്‍ യാത്രയായി. ഇനിയൊരു വേനലില്‍ കണ്ടുമുട്ടാമെന്നു
വാക്ക് നല്‍കി...
_________________________________

കാന്തമായിരുന്നൊരിക്കല്‍.

മുറിക്കപെട്ടതിനു ശേഷം 
കൂടിച്ചേരാന്‍ വിസമ്മതിക്കുന്ന
രണ്ടഗ്രങ്ങളിപ്പോള്‍.
_________________________________

വാര്‍ദ്ധക്യത്തിന്റെ ഗന്ധം 
നിറഞ്ഞ മുറിയില്‍ 
ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്റെ
സുഗന്ധം നിറഞ്ഞ 
ഓര്‍മ്മകള്‍ കുഞ്ഞി പല്ല്
കാട്ടി ചിരിക്കുന്നു.
_________________________________

നിറവയറില്‍ ഇരുകൈകളും
കൊണ്ട് താങ്ങി, തളര്‍ന്ന 
പുഞ്ചിരി പൊഴിക്കുമ്പോള്‍
അവളോടു കളിയായെങ്കിലും 
ഞാന്‍ പറഞ്ഞിട്ടുണ്ട്
" അടുത്ത ജന്മത്തില്‍ ഞാന്‍ 
പെണ്ണായും നീ ആണായും 
ജനിക്ക്. ഞാന്‍ ഗര്‍ഭം ധരിക്കാം
നീ വേവാലതിപ്പെട്. "

തളര്‍ച്ച മാറിയില്ലെങ്കില്‍ കൂടി 
ആ പുഞ്ചിരിയൊന്നല്പം വിടര്‍ത്തി
കൊണ്ട് തന്നെയവള്‍പറയും.
" ങ്ഹും ഇനിയുള്ള നൂറായിരം ജന്മങ്ങളിലും
നിന്റെ കുഞ്ഞുങ്ങളെയെനിക്ക് 
വയറ്റില്‍ ചുമന്നു പെറ്റ് കൂട്ടിയൂട്ടണം "
_________________________________

പ്രണയിച്ചു തുടങ്ങിയതിനു ശേഷമാണ് 
♥ ' ചിറകു മുളച്ചിരിന്നുവെങ്കില്‍ ' ♥
എന്ന ആഗ്രഹം കലശലായത്.
_________________________________

എത്ര വളച്ചിട്ടും 
വളയാതെയൊരൊന്നു.

എത്ര നിവര്‍ത്തിയിട്ടും 
നിവരാതെയൊരു പൂജ്യം

എത്ര മുറിച്ചിട്ടും മുറിച്ചിട്ടും 
മുറിയാതെയൊരു മൂന്ന്

പിന്നെത്ര ശ്രമിച്ചിട്ടും പിടി തരാതെ 
വളഞ്ഞും പുളഞ്ഞും
നെടുകയും കുറുകയും 
പായുന്നൊരു മനസ്സ്‌.
_________________________________

രാജു..രസികന്‍ നിഷ്കളങ്കന്‍.
നാടിനെയും നാട്ടാരെയും നോക്കിയെ-
പ്പോഴും ചിരിച്ചു നടന്നവന്‍, 
ചിരിപ്പിച്ചു നടന്നവന്‍.

ഒരിക്കല്‍ ഒരു കുല മോഷ്ടിച്ചു.

പിന്നെയവന്റെ പുഞ്ചിരി പോലും
കൊലച്ചിരിയെന്നു നാട്ടുകാര്‍.
_________________________________

കിണറ് കുത്തുന്നവന്റെ ധൈര്യം
മുകളില്‍ വട്ടത്തില്‍ കാണുന്ന
ആകാശമാണ്.

പിന്നത് കുറഞ്ഞു വരും
വട്ടവും ധൈര്യവും,

കാലില്‍ നനവ് തട്ടുന്നത് വരെ.
_________________________________

അച്ഛനെ പിടിച്ചു കള്ളയാണയിടാന്‍
അവള്‍ മടിച്ചിരുന്നില്ല, കാരണങ്ങള്‍
രണ്ട്. 
പറഞ്ഞതിലൊന്നു....

കുട്ടിക്കാലത്തുപേക്ഷിച്ചു പോയതിന്റെ 
വാശി തീര്‍ക്കലെന്നു.

പിന്നൊന്നു, രണ്ടാനച്ഛന്റെ പീഡനത്തിന്റെ
അവശേഷിപ്പുകളായി പുറം നിറയെ
പതിഞ്ഞ പാടുകളിലെ ചൊറിച്ചിലിനോടുള്ള
അറപ്പ്.
_________________________________

അവള്‍ എല്ലാം തികഞ്ഞവളായിരുന്നു
ഉന്നതകുലജാത
വിദ്യാസമ്പന്ന
സ്വഭാവശുദ്ധിയുള്ളവള്‍
ദൈവഭയം ഉള്ളവള്‍
പെണ്ണുഴകുക - 
ളെല്ലാം തികഞ്ഞവള്‍

പക്ഷെ അവളുടെ അച്ഛന്റെ
കക്ഷത്തിലെ തുകല്‍ സഞ്ചി
കാശൊഴിഞ്ഞതും മെലിഞ്ഞതുമായിരുന്നു.

വധുവിനെ ആവശ്യമുണ്ട്
സാമ്പത്തികം പ്രശ്നമാണ്
പിന്നൊന്നും പ്രശ്നമല്ല
സുന്ദരന്‍
സുമുഖന്‍ 
സല്‍സ്വഭാവി
_________________________________

പ്രണയം 
പൂത്തുലഞ്ഞു 
നില്‍ക്കുന്നു,
കൊടുംങ്കാറ്റിലും 
കൊഴിയാത്ത 
പൂക്കളുമായി 
_________________________________

ആയിരം വിവരദോഷികള്‍ എന്നെ കല്ലെറിയട്ടെ
വിവരമുള്ളവന്‍ ഒരുത്തന്‍ മതി, മുറിവില്‍ മരുന്ന് പുരട്ടാന്‍.
_________________________________

ദേ വരുന്നു രണ്ടു പേര്‍
പോസിറ്റീവ് എനെര്‍ജിയുമായി

പ്ലാസ്റ്റിക് കാലുകളില്‍ കുഴികള്‍
ചാടിക്കടന്നൊരാള്‍.

പിന്നെ ബെല്‍ ഘടിപ്പിച്ച 
ഊന്നുവടി കുത്തി മറ്റൊരാള്‍.
_________________________________

പുറത്തൊരു മുറിവ്
പുരട്ടാന്‍ ഒരു ട്യുബ് ബെറ്റാടിന്‍

മനസ്സിലൊരു മുറിവ്
പുരട്ടാന്‍ സ്നേഹം ട്യുബില്‍
കിട്ടില്ലാന്ന്.
_________________________________

ഫേയ്സ്ബുക്ക് അധികമായതിനാല-
ടിയില്‍ പിടിച്ചൊരു സാമ്പാര്‍
കൂട്ടിക്കുഴച്ചൊരുച്ചയൂണുണ്ണല്‍
_________________________________

ഒരു ചോദ്യം,
മറുചോദ്യത്തിനപ്പുറം
പിടഞ്ഞു മരിച്ചു,
ഉത്തരംമുട്ടി...
_________________________________

കള്ളിന്റെ പുറത്ത് നല്‍കുന്ന വാക്കിന്
കാരിരിമ്പിന്റെ കരുത്തുണ്ടാകും
_________________________________

വെളുക്കാന്‍ തേച്ചതേറ്റു....
പണ്ടാരോ പറഞ്ഞത് പോലെ പാണ്ടായില്ല
_________________________________

കൊറിക്കുന്നവന് കപ്പലണ്ടി ടൈം പാസായിരിക്കും
വറുക്കുന്നവന് ജീവിതവും ..
_________________________________

ഞാന്‍ കണ്ട നിഷ്കളങ്കരായവരുടെയെല്ലാം മുഖത്ത്
ക്രൂരമായ ഒരു ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു....
_________________________________

പിന്നില്‍ നിന്നു വിളിച്ചതും, പിന്നെ
മുന്നില്‍ നിന്ന് പിന്നിലേക്കുന്തിയതും നീ...
എന്റെ സിരകളിലെ മിന്നല്‍പ്പിണരുകളൂരി
നിന്റെ നാഭിച്ചുഴിയില്‍ തീകൊളുത്തിയതും
പിന്നെയാത്തീയെന്റെ മാറത്തണച്ചു വെച്ച 
കൊടുങ്കാറ്റെടുത്തൂതിക്കെടുത്തിയതും നീ...
പിന്നെ പെയ്ത വര്‍ഷ കാലങ്ങളില്‍ മടിത്തട്ടിന്‍
മേലൊരു മേഘക്കൂട്ടത്തില്‍ എന്റെ ജീവനെടുത്ത്
ഉരുട്ടിക്കുഴച്ചൂട്ടി വീര്‍പ്പിച്ച വളര്‍ത്തിയ ചോര നിറമുള്ള
പാവക്കുഞ്ഞിന്‍ ചെവിയില്‍ കാര്‍മേഘ വര്‍ണ്ണനെന്നോതിയതും നീ...
_________________________________

ഭക്ഷണം കഴിക്കുമ്പോള്‍ കാണിക്കുന്ന അക്ഷമ 
ഭക്ഷണം കാത്തിരിക്കുമ്പോള്‍ കാണിക്കാറില്ല
_________________________________

നിശബ്ദതയിപ്പോളെനിക്ക് ഭയമാണ്, 
അമര്‍ത്തിപ്പിടിക്കുന്ന പൊട്ടിച്ചിരികളെയും
വിങ്ങലുകളെയും നഷ്ടമാകുന്നതോര്‍ത്ത്‌..
_________________________________

എന്നില്‍ നിന്നുമൊരു പ്രണയ നദി ഉത്ഭവിച്ചത് നീയറിഞ്ഞോ..?
ഇനി നമുക്കേതേലും കടവുകളില്‍ വെച്ച് കണ്ടു മുട്ടം.
ഹൃദയഭാഗത്തണകെട്ടി തടഞ്ഞില്ലേലതിവേഗം നിന്റെ 
നഗ്നപാദങ്ങളില്‍ കുളിരായൊഴുകിയെത്തും.
കൈകുമ്പിളില്‍ നിറയുന്നൊരു തുടം തെളിഞ്ഞ ജലമായി
നിന്റെ പുഞ്ചിരി പ്രതിഫലിപ്പിക്കാം.
അടിയൊഴുക്കിനുമപ്പുറം അഗാധമായ ചരല്‍ പാളികളില്‍
നിനക്കായി മുത്തും പവിഴവും കാത്ത്‌ സൂക്ഷിക്കാം
വരുമോ നീ.... ഉടയാടകളഴിച്ചു വെച്ചെന്നിലേക്കൂളിയിടുമോ..?
_________________________________

അയാള്‍ തന്റെ ചോര പുരണ്ട കൈ, 
അവന്റെ രോമാവൃതമായ മാറിലേക്ക് തടവി. 
അയാള്‍ തന്നെ സ്നേഹത്തോടെ തഴുകുകയെണെന്നു 
കരുതി അവന്‍ മുട്ടിയുരുമ്മി നിന്നു, 
അടുത്ത ഊഴം തന്റെതാണന്നറിയാതെ .
_________________________________

പുഞ്ചിരിച്ചു കൊണ്ട് " നന്ദി " എന്ന് പറയുന്നതിനേക്കാള്‍ 
എത്രയോ മടങ്ങ് ആത്മാര്‍ഥമാണ് കരഞ്ഞു കൊണ്ട് വാക്കുകള്‍ 
കിട്ടാതെ കൈകൂപ്പുന്നത്. _/\_
_________________________________

ധൈര്യം വാങ്ങാന്‍ ഭയം വിറ്റ കാശുമായി അലയുന്നു
_________________________________

നിന്റെയീക്കുറവുകള്‍ത്തന്നെയാണെനിക്കിഷ്ടം
നീയെല്ലാംത്തികഞ്ഞവളായിരുന്നെങ്കില്‍ച്ചിലപ്പോളെനിക്ക്
നിന്നിലേക്കിത്രയടുക്കാന്‍പ്പറ്റില്ലായിരുന്നുവെന്നറിയുന്നു.
ശരിക്കും, നീയെന്നതെന്റെ പ്രതിഭലനംത്തന്നെയാണെന്നത്തോന്നലില്‍
ഞാനെന്റെ കുറവുകള്‍ തിരിച്ചറിയുന്നു...
_________________________________

വിരഹത്തെക്കുറിച്ചുള്ള അജ്ഞതയാവാം
പ്രണയിക്കാന്‍ പ്രേരിപ്പിച്ചത്..
_________________________________

പ്രായമായവരെ ഉപദേശിക്കാന്‍ ശ്രമിക്കരുത്.
അവരുടെ ഉപദേശങ്ങള്‍ അനുസരിക്കാതിരിക്കുകയുമരുത്....
_________________________________

ജീവിതത്തില്‍ റീ ടേക്കുകള്‍ ഉണ്ടാവില്ലാന്ന്‍ ഏതോ ഒരു നടി
ഒരു നടനോട് പറഞ്ഞിട്ടുണ്ടത്രേ....

ജീവിതത്തില്‍ ഇടയ്ക്കെങ്കിലുമൊക്കെ സ്ലോമോഷന്‍ ആകാമെന്ന്
ഒരുത്തി എന്നോട്.....
_________________________________

ഒഴിഞ്ഞ ഓള്‍ഡ്‌ സ്പൈസ് കുപ്പികള്‍ എനിക്ക്
വേദന സമ്മാനിച്ച്‌ കുപ്പയില്‍ കുന്നുകൂടി.

ഷവറിനു ചുവട്ടില്‍ കടിച്ചമര്‍ത്തിയ അലര്‍ച്ചകള്‍ക്ക്
മേല്‍ ചോര തുടിക്കുന്ന ചുണ്ടുകള്‍ വിസില്‍ മുഴക്കി.

അവള്‍ പിന്നെയും പുതപ്പ് ചുറ്റി കണ്ണില്‍ മയക്കം
നടിച്ച് തളര്‍ച്ചയുടെ വേലിയേറ്റത്തിനായി 
പിന്‍വാങ്ങുന്നു.

അവള്‍ക്ക് രതിമൂര്‍ച്ഛയുടെ ശക്തി പരീക്ഷിക്കാന്‍
പിന്നെയുമെന്റെ വെള്ളി ചങ്ങല മാലകള്‍
വിളക്കി ചേര്‍ക്കുന്നു.
_________________________________

വെളുപ്പില്‍ പുരളുന്ന അഴുക്ക് മാത്രമേ നാം കാണുന്നുള്ളൂ.
കറുപ്പിലുമുണ്ട്.. ചിലപ്പോളധികം
_________________________________

ചക്കയും മാങ്ങയും ആണേല്‍ ചൂഴ്ന്നു നോക്കാം..
പക്ഷെ മനുഷ്യനെ.... ഹുംഹും....പറ്റില്ലാന്നാണ് പൊതുവേ.
അതറിഞ്ഞുകൊണ്ട് ഞാനിന്നവളെയൊന്നു ചൂഴ്ന്നു നോക്കാന്‍ ശ്രെമിച്ചു..
ചെമ്പ് ...ഒരൊന്നൊന്നര ചെമ്പ്.. ക്ലാവ് പിടിച്ചിരിക്കുന്നു.....
_________________________________

പൊക്കമില്ലായെന്നത് അവളുടെ കുറ്റമല്ല.
അതവളുടെ ഒരു കുറവാണ്.

അവളെ എടുത്തുയര്‍ത്താന്‍ കഴിയാത്തത് എന്റെ കുറ്റമല്ല.
ശരിക്കും എന്റെ കഴിവില്ലായ്മയാണ്.

കുറ്റകൃത്യങ്ങള്‍ സംഭാവിക്കാതിരുന്നതിനു കുറവുകളേയും,
കഴിവില്ലായ്മയേയും പുകഴ്ത്തണം.
_________________________________

പ്രണയം, ഇഷ്ടങ്ങള്‍ പലതും പൂര്‍ണ്ണമനസ്സോടെ ത്വജിക്കുകയും
ഇഷ്ടമില്ലാത്ത പലതും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും 
ചെയ്യുമ്പോള്‍ വിജയമാകുന്നു.
_________________________________

പുസ്തകജ്ഞാനത്തിന്റെ ആവശ്യകതയും 
അനുഭവജ്ഞാനത്തിന്റെ അനിവാര്യതയും
വിപരീത ദിശയില്‍ കറങ്ങുന്ന ഇരു ഗോളങ്ങളാണ്.
ഒരേ സമയം അതിന്റെ അനേകം മുഖങ്ങള്‍ നേര്‍ക്ക്‌ നേര്‍ 
വന്നു കൊണ്ടിരിക്കുന്നുവെങ്കിലും അവയുടെ സംഗമം 
പ്രതികൂല സാഹചര്യങ്ങളില്‍ അസംഭ്യവമാണ്..
_________________________________

സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളുടെ വളര്‍ച്ച ഏതാണ്ട് 
OK - യില്‍ നിന്ന് K - യിലേക്കുള്ളത്രയും വരും
_________________________________

അവള്‍ക്കുള്ളിലേക്കെന്റെ ചങ്ക് പറിച്ചു നാട്ടപ്പോള്‍
മറന്നു പോയത് വളമിടാനും വെള്ളമൊഴിക്കാനും.

ഫലമെടുക്കാന്‍ പ്രതീക്ഷിച്ചു ചെന്നയെന്നെ 
സ്വീകരിച്ചത് വേലി കെട്ടിയടച്ച മാറിലെ കോലം.
_________________________________

അവളുടെ ആര്‍ത്തവ ദിനങ്ങളെന്റെ ഭ്രമണപഥത്തില്‍ 
കുറിക്കപ്പെട്ടിരിക്കുന്നു. എന്റെ ചുമലിലെ ദന്തക്ഷതങ്ങള്‍ 
അടിവയറ്റിലവളനുഭവിച്ച വേദനയുടെ സംഹാരികളാണ്.
_________________________________

നിന്റെ ലിപ്സ്റ്റിക് ചുവപ്പിലൊലിച്ചിറങ്ങിയതെന്റെ 
കാമാവെറിയുടെ കറുത്ത നുരയോ?

നിന്റെ കണ്മഷിക്കരടില്‍ വീണു കുഴഞ്ഞ കണ്ണീര്‍ 
തുള്ളിയൊരുകുടം പാല്‍വെണ്ണയോ? 
_________________________________

അവളുടെ കാലുകളുടെ വില ഞാനറിഞ്ഞു. ഏതാണ്ട് ഒരു ലക്ഷം
_________________________________

ഒരു തഴമ്പുണ്ട്...
അത് നിന്റെ കണ്ണുരുട്ടലുകളില്‍ ഭയന്ന്
അവതാളമടിച്ച ഹൃദയത്തിലാണ്. ".....
_________________________________

കേട്ടിട്ടുണ്ട്...

പണ്ടൊരിക്കല്‍ ആകാശവും ഭൂമിയും
പ്രണയബദ്ധരായി ഇറുകെപ്പുണര്‍ന്നു കിടന്നിരുന്നു.
ഒരിക്കലവര്‍ തമ്മില്‍ അകന്നു.
അതിന്‍റെ സ്മരണയാണത്രെ ചക്രവാള സീമ.. 

രാധേ.... 

ഇനിയൊരിക്കല്‍ ഞാനും നീയും തമ്മിലകലുമ്പോള്‍ 
ആ ചക്രവാള സീമ ഇല്ലാതായി,
അവര്‍ വീണ്ടും പ്രണയബദ്ധരാവട്ടെ.
അവര്‍ക്ക് വേണ്ടി നമുക്ക് പിരിയാം.......
_________________________________

ലൈഗികത... ജനനം
ലൈഗികത... മരണം
_________________________________

അസ്ഥാനത്തുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.
അവള്‍ ഇറ്റിച്ച രണ്ടു തുള്ളി കണ്ണീരിനു പകരം ഞാന്‍
എന്താണ് നല്‍കുക? മാപ്പ്..നിനക്ക് പറയാന്‍ കഴിയാത്ത
ഉത്തരം ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല
_________________________________

 പ്രണയം.. കോപ്പാണ് കോപ്പ്. പടക്കോപ്പ്.
ഞാന്‍ കേള്‍ക്കുന്നു ഒരു യുദ്ധകാഹളം.
നീ വെട്ടിപ്പിടിക്കാനൊരുങ്ങുന്നത് എന്റെ ഹൃദയമാണ്‌.
ഉറപ്പ്.. എന്റെ വിരിമാറില്‍ നീ പിടഞ്ഞു വീഴും."..........
_________________________________

" അവളുടെ കണ്ണീര്‍ വീണു കുതിര്‍ന്ന ചാറ്റ്ബോക്സ്‌ തുറന്നപ്പോള്‍ കണ്ടത് 
വിരഹത്തില്‍ പൊതിഞ്ഞ പിടയുന്ന ഹൃദയം "...
_________________________________

ആശയ ദാരിദ്ര്യം.......
പിടി തരാത്ത വാക്കുകള്‍.........
പൂര്‍ണ്ണമാകാത്ത വാചകങ്ങള്‍..........
അതിഘോരമായ കഥാപാത്ര സൃഷ്ടി........
സൃഷ്ടിക്കപ്പെട്ട പെണ്‍കഥാപത്രത്തോടൊപ്പം 
ഇടനാഴിയില്‍ ഒരു വേള അറച്ച് നിന്നു. 
ഒടുവിലവളെ ഒരു കുളിമുറി സൃഷ്ടിച്ച് അതില്‍ കേറ്റി വാതിലടച്ചു.
നായകന്‍ എത്തുന്നത് വരെ അവള്‍ അവിടെ കിടക്കട്ടെ.
പീഡിപ്പിച്ചു തളര്‍ന്ന വില്ലന്‍ ഒന്ന് വിശ്രമിക്കട്ടെ.
................................ഇടനാഴിയില്‍ കുളിമുറിയോ? 
കഥാകാരന് ഇനി ചിന്തകളുടെ പിരിമുറുക്കം.
................................ഇടനാഴിയില്‍ കുളിമുറിയോ? 
എന്താണീ ലോജിക്കിന്റെ മലയാളം?
_________________________________

ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ സുഖം
അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ് " ..
_________________________________

" എന്നെ വ്യഭിചരിച്ചിരുന്ന വിലകുറഞ്ഞ മദ്യം, 
ഒടുവില്‍ എന്നെ വിഴുങ്ങുകയും ചെയ്തു " .....
_________________________________

" നിനക്ക് ശരിയെന്നു തോന്നുന്നത് എന്റെ തെറ്റുകളാവും
അങ്ങനെയെങ്കില്‍ നിന്റെ ശരികളില്‍ ഞാനേറെ ദുഖിക്കുന്നു 
_________________________________

പൂര്‍ണ്ണമായ ഒരു വരിയില്‍ നിന്നും അടുത്തതിലേക്കുള്ള 
ചിന്തയുടെ ചാട്ടം പതിഞ്ഞതും വേഗത്തിലുമാണ്. 
എന്നാല്‍ വാക്കുകള്‍ മടി പിടിച്ചു വഴങ്ങാതെ നില്‍ക്കും.
_________________________________

ഇന്നലെ പല്ലിളകുന്നു..
സുന്ദരിയായ ഒരു വനിതാ ദെന്തിസ്റ്റിനെ കാണുന്നു...
അവര്‍ പല്ല് പറിക്കുന്നു...
ദേ ഇപ്പൊ ചങ്കിളകുന്നു...
_________________________________

അവളുടെ എല്ലാം എനിക്കിഷ്ടമാണ്
അവളുടെ തുമ്മല്‍ എനിക്കിഷ്ടമാണ്
'' ചുമ 
'' കോട്ടുവായ്
'' കൂര്‍ക്കംവലി
'' ഏമ്പക്കം
'' മൂളല്‍
'' ഞരക്കം
'' ഞെരിപിരി എല്ലാം എനിക്കിഷ്ടമാണ്

അവള്‍ ആദ്യമായി എന്റെ മുന്നില്‍ ഓക്കനിച്ച ദിവസം
എനിക്കോര്‍മ്മയുണ്ട്. കാരണം,
അന്നാണ് ടെലിഗ്രാം നിര്‍ത്തലാക്കിയത്.
കേട്ടുകേള്‍വി മാത്രമുള്ള കമ്പിയില്ലാക്കമ്പിയെ കുറിച്ചോര്‍ത്തു
വേവലാതിപ്പെട്ടതും അന്ന് തന്നെ.
_________________________________

നീയെന്നെ വെറുക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നിലേക്ക് 
അടുത്തുകൊണ്ടിരിക്കുകയാണ് ...

നീയെന്നെ വേദനിപ്പിക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നില്‍
അലിഞ്ഞു ചേരുകയാണ് ...
_________________________________

എങ്ങനെയൊക്കെ നോക്കിയിട്ടും ഞാനവളില്‍ സൗന്ദര്യം കണ്ടില്ല .. 
ഇനി നീയെന്ത് കാട്ടാന്‍ എന്ന മട്ടില്‍ ഞാന്‍ കൈകെട്ടി നിന്നു . 
ഒന്നലോചിച്ചതിനു ശേഷം ഇരു കൈകളിലെയും കൂര്‍ത്ത നഖങ്ങള്‍ 
അവള്‍ തന്‍റെ ഇടത് മാറിലേക്ക് കുത്തിയിറക്കി, 
ഇരു വശത്തേക്കും വലിച്ചു. ഇമചിമ്മരുതേയെന്ന കരുതലോടെ ഞാന്‍ നോക്കി നിന്നു ..
_________________________________

8 comments:

 1. ചിലതൊക്കെ വളരെ രസകരവും ചിലത് ചിന്തനീയവും മറ്റുചിലത് ബിലോ ആവറേജ് ഗണത്തിലും!!

  ReplyDelete
  Replies
  1. നന്ദി സാര്‍ :) പലപ്പോഴായി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തവയാണ്.. കുറച്ചു സെലക്ട്‌ ചെയ്തു ഇവിടെ ഇട്ടതാ :)

   Delete
 2. പിടി തരാത്ത വാക്കുകള്‍.........
  പൂര്‍ണ്ണമാകാത്ത വാചകങ്ങള്‍..........but something is somewhere....

  ReplyDelete
  Replies
  1. പിടി നല്‍കാന്‍ ഭയമാണ് , വാക്കുകള്‍ കൈമോശം വരുമെന്ന വാചകങ്ങളുടെ ഭയം..
   ഒരു കുത്തിട്ടു നിര്‍ത്താനിടമില്ലാതെയെങ്ങനെ പൂര്‍ണ്ണമാകും വാചകങ്ങള്‍ ..? ബിസ്മിത :)

   Delete
  2. ഒരു കുത്തിട്ടുവെന്നു കരുതി ഒരു വാചകങ്ങളും ഒരിക്കലും പൂർണമാകില്ല ...എല്ലാ ഒടുക്കങ്ങളും മറ്റൊന്നിന്റെ തുടക്കം മാത്രം ..............ആ ഒടുക്കങ്ങളില്ലായ്മയുടെ തുടക്കങ്ങളാണ് ഒരു സാഹിത്യകാരന്റെ ജീവവായു ......so keep writing as long as u can....

   Delete
  3. ഞാനൊരു സാഹിത്യകാരനല്ലയെന്നിരിക്കെ എന്റെ ജീവവായു, തുടങ്ങി വെച്ച ചിലതിനെ ഒടുക്കാനുള്ള ഓട്ടത്തില്‍ വഴിയരികില്‍ അജ്ഞാതര്‍ ചിലര്‍ വെച്ച് നീട്ടുന്ന സ്നേഹ നീമിഷങ്ങളാണ് .. എന്‍റെ എഴുത്ത് ചവറ്റു കുട്ട നിറയ്ക്കാനുള്ള പേപ്പര്‍ തുണ്ടുകളില്‍ ഒതുങ്ങുന്നു... ബിസ്മിത, നന്ദി എന്‍റെ വരികള്‍ക്കൊപ്പം വലിച്ചെറിയുന്ന നിമിഷങ്ങള്‍ക്ക് :)

   Delete
 3. ഒരു ചുംബനത്തിന് നാട്ടുകാര്‍ എനിക്ക് നല്‍കിയത് (A) സര്‍ട്ടിഫിക്കറ്റ്
  അവള്‍ നല്‍കിയത് 916 ഹാള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ്

  എനിക്കിതു വളരെ ഇഷ്ടമായി
  benpathri.blogspot.in

  ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....