Wednesday, November 6, 2013

സാമ്പാര്‍...! ചിലപ്പോള്‍ അത് എന്തിനോ വേണ്ടി തിളയ്ക്കും.

       അടുക്കളയില്‍ മിനിഞ്ഞാത്തെ സാമ്പാര്‍   തിളപ്പിക്കുന്നതിനിടയില്‍ പുറം ജനാലയില്‍ കൂടിയാണ് ഞാനത് കണ്ടത്. റോഡില്‍ കുറച്ചകലെയായി ഒരാള്‍ക്കൂട്ടം. കൂറെയേറെ പുരുഷന്മാര്‍ അവിടേക്കോടിയടുക്കുന്നു. എന്താന്നറിയില്ല. പാതി തിളച്ച സാമ്പാര്‍ വാങ്ങി വെച്ച് ബാത്ത്റൂമിലേക്കോടി. വാഷ്‌ബേസിനില്‍ നിന്നും കുറച്ചു വെള്ളമെടുത്ത്‌ മുഖത്തേക്ക് തളിച്ചു. കണ്ണാടിക്കു മുന്നില്‍ വന്നു മുടിയൊന്നിളക്കി, ഇരുവശത്തേക്കും പറത്തിയിട്ടു. കഴുത്തിനു താഴേക്കു അതൊരിഞ്ചു പോലും വളര്‍ന്നിട്ടില്ലാന്നുറപ്പുവരുത്തി. ചുവപ്പധികം ഉപയോഗിക്കാറില്ലേ. പക്ഷെ കരി തീര്‍ന്നതു കാരണം സിന്ദൂരം തന്നെ ഇടേണ്ടി വന്നു. അതുമല്‍പ്പം വലിപ്പത്തില്‍. ഏതാണ്ട് ഒരമ്പതു പൈസ വലിപ്പത്തില്‍. നെറ്റിക്ക് നടുവിലായി. ധരിച്ചിരുന്ന ഷിഫോണ്‍ നൈറ്റ്‌ ഗൌണ്‍ വലിച്ചൂരി കട്ടിലിലേക്കെറിഞ്ഞു. അലമാരിയില്‍ കോട്ടന്‍ കുര്‍ത്തകളുടെ കൂട്ടത്തിലെ പുതിയ അതിഥിയെ വലിച്ചു താഴേക്കിട്ടു. വെള്ളയില്‍  കറുത്ത പൂക്കളുള്ളതു. പ്യുര്‍ കൈത്തറി. കുറച്ചതികം വില കൊടുക്കേണ്ടി വന്നതാ. അളവ് പറഞ്ഞു തയ്പ്പിച്ചത്. കുര്‍ത്തകള്‍ അളവ് പറഞ്ഞു തയ്പ്പിക്കാറാ പതിവ്. പക്ഷെ ധൃതിയില്‍ വലിച്ചെടുത്തപ്പോള്‍ എവിടെയോ ഉടക്കി ഒന്ന് വലിഞ്ഞു കീറി. ശരിക്കും ദേഷ്യം തോന്നെണ്ടാതാ...പക്ഷെ ഇപ്പൊ...ആവേശം വരാന്‍ പോകുന്നതെ ഉള്ളൂ. തലയിലൂടെയത് വലിച്ചിറക്കി. അടിപ്പാവടയുടെ മുകളിലൂടെ തന്നെ ജീന്‍സും വലിച്ച് കേറ്റി. തപ്പിയിട്ട് നീലയെ കിട്ടിയുള്ളൂ. കറുപ്പായിരുന്നു മാച്ച്. ഹാ കുഴപ്പമില്ല..ഇപ്പോഴത്തെ സാഹചര്യം. ഇനി ഭ്രാന്ത്‌ പിടിക്കാന്‍ പോകുന്നത് തുകല്‍ സഞ്ചി കണ്ട് പിടിക്കാനാണ്. ശാരീരികമായും മാനസികമായും തളര്‍ന്നാണ് എന്നും വീട്ടിലേക്കു വന്നു കേറുന്നത്. അപ്പോഴത് എവിടെക്കെങ്കിലും വലിച്ചെറിയും. പക്ഷെ ഇത്തവണ അധികം തിരക്കേണ്ടി വന്നില്ല. വേസ്റ്റ് കുട്ടയ്കരികിലായി കിടപ്പുണ്ട്. അതുമെടുത്ത് തോളിലേക്കിട്ടു പുറത്തേക്കോടി. സഞ്ചിക്കെന്തോ ഭാരം തോന്നിയാണ് തുറന്നു നോക്കിയത്. ഇന്നലെ വാങ്ങിയ നാപ്കിന്‍ എടുത്തു മാറ്റിയിട്ടില്ല. പാതി വെള്ളവുമായി വാട്ടര്‍ ബോട്ടില്‍. പിന്നെ വുമെന്‍, റെയ്സ്, ആന്‍ഡ്‌ ക്ലാസ്സ്‌. ആഞ്ജെല വൈ ഡേവിസിന്റെ പുസ്തകം. അതും സഞ്ചിയില്‍ നിന്നു മാറ്റിവെയ്ക്കാന്‍ മറന്നു. സഞ്ചിയില്ലാതെ പുറത്തേക്കു പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയാതായത് അയാള്‍ എന്നില്‍ നിന്നകന്നതിനു ശേഷമാണ്. അയാളുടെ ക്രൂരമായ ചിരി ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് വിറയാലാണ്. തളര്‍ച്ചയാണ്. ഹെല്‍ത്ത്‌ ഡ്രിങ്ക്സും പെയിന്‍ കില്ലെര്‍ ബോട്ടിലുകളും യാത്രയില്‍ കരുതാനാണ് ആദ്യമായി ഒരു തുകല്‍ സഞ്ചി വാങ്ങിയത്. അന്ന് ആ കോടതി മുറ്റത്ത്‌ കരഞ്ഞു തളര്‍ന്നു വീണ എന്നെ സമാധാനിപ്പിക്കാന്‍ ചുറ്റും കൂടിയ സ്ത്രീകളുടെയെല്ലാം തോളില്‍ ഇത് പോലൊന്നുണ്ടായിരുന്നു. 
               
        ഓടുകയാണ്..... വെയിലധികം ഇല്ലായിരുന്നെങ്കിലും അന്തരീക്ഷം ചുട്ടുപഴുക്കുകയാണ്. ആള്‍ക്കൂട്ടം ആദ്യം കണ്ടതിനേക്കാള്‍ വിടര്‍ന്നിടുണ്ട്. നന്നായി കൂര്‍ത്ത് വൃത്താകൃതിയില്‍.. അതിനുള്ളില്‍ ആരോ ഉണ്ട്..ചിലപ്പോ വീണു കിടക്കുകയാവും. ജീവനുവേണ്ടി കേണു  കരയുന്നുണ്ടാവും. അലറി വിളിച്ചു കൊണ്ട് ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അകത്തേക്ക്
കയറി. പതിനഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി നിന്ന് കരയുകയാണ്. ചെമ്പന്‍ മുടി മുഖത്തേക്ക് പാറി കിടക്കുന്നു. എണ്ണക്കറുപ്പുള്ള മുഖത്തേക്ക് കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് വെയിലില്ലെങ്കില്‍ക്കൂടി വെട്ടിത്തിളങ്ങുന്നു. പൊടിയും അഴുക്കും നിറഞ്ഞ കവിളിലൂടെ കണ്ണീര്‍ പ്രവഹിക്കുന്നു. കൈ മുട്ടുകള്‍ മുറിഞ്ഞതില്‍ ചോര ഉണങ്ങിയ പാടു. ഉടുപ്പിന്റെ പലഭാഗവും കീറിയിരിക്കുന്നു. അതില്‍ ചിലത് പഴയതാണ്. അവളുടെ കാല്‍ച്ചുവട്ടില്‍ ഒരു പൊതി ചോര്‍ അഴിഞ്ഞു കിടക്കുന്നു. കവറില്‍ നിന്നും പൊട്ടിയൊലിച്ച സാമ്പാര്‍ അവിടമാകെ പരന്നൊലിച്ചിരിക്കുന്നു. മല്ലയിലയുടെയും കായത്തിന്റെയും ഗന്ധം മാറിയിട്ടില്ല. ഒരു സ്ത്രീയായ എന്നെ കണ്ടത് കൊണ്ടാവണം അവള്‍ കരച്ചിലടക്കി എന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയിട്ട് ആ ചോറ് പൊതി വാരി കൂട്ടി നെഞ്ചോടുചേര്‍ത്തു. ഉറപ്പാണ്‌ അവള്‍ ഒരു തെറ്റും  ചെയ്തിട്ടുണ്ടാവില്ല. പിന്നെ ഒരു ചേതക്ക് വീണു കിടപ്പുണ്ട്. ഇളം നീല നിറത്തിലുള്ളത്. എന്റെ പപ്പയ്ക്ക് ഒന്നുണ്ടായിരുന്നു.  അതിന്റെ നിറം ഗോള്‍ഡ്‌ ആയിരുന്നു. വെറുപ്പാണ് എനിക്കിതിനോട്. ബജാജ് ചേതക്കിന് ആജ്ഞയുടെയും  അടിച്ചേല്‍പ്പിക്കലിന്റെയും ചലിക്കുന്ന രൂപമാണെന്റെ മനസ്സില്‍. ഇതിന്റെ പിന്‍ സീറ്റിലിരുന്ന്‍  ഞാന്‍ കുറെ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. ഒരിക്കല്‍ പകുതി വഴി വെച്ച് അവസാനിച്ച ഒരു സ്വപ്നയാത്രക്ക്  അന്ത്യം കുറിച്ചത് ഇതിന്റെ പിന്‍ സീറ്റിലേക്ക് ബലമായി വലിച്ചു കേറ്റിയപ്പോഴാണ്.  അന്നും ഇതിനു പിന്നില്‍ തുണികള്‍ കുത്തിനിറച്ച ട്രാവല്‍ ബാഗ് കെട്ടി പിടിച്ചു ഞാന്‍ കുറെ കരഞ്ഞു.  ഞാന്‍ പിന്നെയും പിന്നെയും കരഞ്ഞു കൊണ്ടിരുന്നു. 
                      
           സ്കൂട്ടറിന്റെ ഉടമ ഒരു കഷണ്ടി കിളവന്‍ കൈമലര്‍ത്തി നില്‍ക്കുന്നു. വിശ്വസനീയമായ രീതിയില്‍ അയാള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഞാന്‍ അതൊന്നും കേട്ടില്ല. എനിക്കയാള്‍ പറയുന്നത് കേള്‍ക്കാന്‍ ക്ഷമയുണ്ടായില്ല. എന്തിനാ കേള്‍ക്കുന്നത്. അയാള്‍ കറുത്ത കണ്ണട ഊരി മാറ്റത്തത് തന്നെ കള്ളം പറയുന്നതിന്റെ ലക്ഷണമാണ്. കണ്ണുകളിലെ കള്ളം ഒളിപ്പിക്കാന്‍  ആര്‍ക്കും കഴിയില്ല. ഞാനിയാളെ എവിടെയോ കണ്ടിട്ടുണ്ട്. ഒരു പക്ഷെ ഏതെങ്കിലും ഹോട്ടലിന്റെ കണ്ണാടി കൂട്ടിനുള്ളില്‍. എനിക്കെന്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു. കുര്‍ത്ത കീറിയതിന്റെ ദേഷ്യം മനസ്സില്‍ നിന്ന് തികട്ടി വന്നു. അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് മുഖത്തേക്ക് വിരല്‍ ചൂണ്ടി കൊണ്ട്  ഞാന്‍ അലറി.." നിങ്ങള്‍.. നിങ്ങളാണ്..നിങ്ങള്‍ തന്നെയാണ്.. നിങ്ങളുള്‍പ്പെടുന്ന വര്‍ഗം വീണ്ടും വീണ്ടും തെളിയിക്കുന്നു..മാറിനെടാ പട്ടികളെ " അയാള്‍ അപ്പോഴും കൈ മലര്‍ത്തി തന്നെ പിടിച്ചിരുന്നു. വിരലുകള്‍ക്കിടയിലിരുന്ന ഹോട്ടല്‍ ബില്‍ നനഞ്ഞു കുതിര്‍ന്നു താഴേക്കു വീണു.. ഒരു പരാജിതന്റെ നിസ്സഹായത അയാളില്‍ ഞാന്‍ കണ്ടില്ല..കൈ മലര്‍ത്തി തന്നെ പിടിച്ചിരുന്നു.. പക്ഷെ ചുറ്റും കൂടിയ കൂടിയ നായകള്‍ മുറുമുറുത്തു തുടങ്ങി... ഓരിയിടാനും..   

7 comments:

 1. This comment has been removed by the author.

  ReplyDelete
 2. കഥ നന്നായി. അജിത്‌ സര്‍ പറഞ്ഞപോലെ അവസാനത്തെ വാചകം വേണ്ടിയിരുന്നില്ല.
  പാരഗ്രാഫ്‌ തിരിക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം.

  ReplyDelete
 3. കഥ വളരെ നന്നായിട്ടുണ്ട്

  ReplyDelete
 4. കഥ നന്നായിരിക്കുന്നു. ഉദയപ്രഭൻ മാഷ് പറഞ്ഞതു പോലെ പാരഗ്രാഫ് തിരിക്കുന്നതിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു എന്നു തോന്നി. കഥയുടെ ടൈറ്റിലിൽത്തന്നെ 'കഥ' മുഴുവനുമുണ്ട് :)
  ആശംസകൾ.

  ReplyDelete
 5. @ അജിത്‌ സാര്‍ :) വളരെ നന്ദി വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും
  @ ഉദയപ്രഭാന്‍ :) വളരെ നന്ദി..ഞാനത് ഒഴിവാക്കിയിട്ടുണ്ട്. പാരഗ്രാഫ് തിരിക്കുക എന്ന് വെച്ചാല്‍
  എന്താന്നു മനസ്സിലായില്ല. കഥയുടെ ഗതിക്കനുസരിച്ച് തിരിക്കണമെന്നാണോ
  അതോ വരികളുടെ അലൈഗ്മെന്റ് ആണോ ഉദ്ദേശിച്ചത് :(
  @ പ്രിന്‍സ്‌ :) നന്ദി ശരിക്കും പാരഗ്രാഫ് തിരിക്കുക എന്താന്നു
  മനസ്സിലായില്ല...

  ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....