Thursday, August 25, 2011

വനകല


ഒരു വൃത്തിക്കെട്ട വെളിച്ചം അങ്ങിങ്ങായി പരന്നു് കിടന്നിരുന്നു. ഇടയ്ക്കിടയ്ക്കു വന്നു നില്ക്കുന്ന ബസ്സുകൾ ഉയർത്തുന്ന പൊടി  അവിടെത്തന്നെ തങ്ങി നില്ക്കുന്നു. മൂന്നാമത്തെ ചായ കുടിച്ച് കൊണ്ടിരുന്നപ്പോഴാണു കിഴക്കോട്ടേക്കുള്ള ഇന്നത്തെ നാലമത്തെ ബസ്സ് കവലയിലെത്തിയതു. ചായ ബെഞ്ചിൻ മേൽ വെച്ചിട്ട് ആകാംഷയോടെ പുറത്തേക്കു നോക്കി. ഇല്ല..ഇതിലുമില്ല. വന്നിറങ്ങിയതു മുഴുവൻ കോളേജ് കുമാരി കുമാരന്മാർ. ഏറ്റവും ഒടുവിലായി ഇറങ്ങിയത് ഒരു തടിമാടൻ. അതും ബസ്സ് ഡബിൾ അടിച്ച് നീങ്ങി തുടങ്ങിയതിനു ശേഷം. തടിയൻ വീഴുമെന്ന് കരുതിയതാണ്. പക്ഷെ അതുണ്ടായില്ല. പഹയനു വല്ലാത്ത് ബാലൻസാണെന്നു തോന്നുന്നു. കുമാരിമാർ കൂട്ടത്തോടെ ചായക്കടയുടെ ഇടതു വശത്തുള്ള ഊട് വഴിയിലൂടെ അപ്രത്യക്ഷരായി. തൊട്ടു പുറകയല്ലാതെ രണ്ടു കുമാരന്മാരും വെച്ച് പിടിച്ചു. ബാക്കി കുമാരന്മാർ റോഡിനു മറുവശത്തുള്ള  ഓലപ്പീടികയുടെ മറവിൽ നിന്നു പുകയ്ക്കുന്നു. തടിയന്റെ ചെരുപ്പിന്റെ വാറു പൊട്ടി. ഒരു കുറ്റികല്ലിലിരുന്നു വാറിടാൻ ശ്രമിക്കുന്നു.
                                                പതിനൊന്നു മണിക്കെത്തിയതാണു. ഇതിനകം കിഴക്കോട്ടേക്ക് നാല് ബസ്സുകൾ പോയിക്കഴിഞ്ഞു. അതിൽ രണ്ടെണ്ണം തിരിച്ചും പോയി. ഞാൻ കാത്തിരിക്കുന്ന ആൾ ഇതിലൊന്നും ഉണ്ടായിരുന്നില്ല. സ്ഥലം തെറ്റിയിട്ടില്ല. ഇതു തന്നെയാണു രാഘവേട്ടൻ പറഞ്ഞ സ്ഥലം. ആലും മാവും ഒന്നായി പിണഞ്ഞു വളർന്നു നില്ക്കുന്ന് കവല. അതിനു ചുവട്ടിൽ ഒരു പൊട്ടക്കിണറും
                    ഒരു കാഴ്ച്ച തന്നെയാണിതു.  രതിയിലേർപ്പെട്ടിരിക്കുന്ന സ്വവർഗ്ഗാനുരാഗികൾ. ഇവർ സംഭോഗാവസ്ഥയിലായിട്ടു വർഷങ്ങളായിട്ടുണ്ടു്. ഇവർ പ്രകൃതി വിരുദ്ധർ അല്ല. പ്രകൃതിയിൽ ലയിച്ചു ചേർന്നവർ.
                                               ചായക്കടക്കാരൻ ഇടയ്ക്കെന്നെ നോക്കുന്നുണ്ടു. പല്ല് കുത്തുന്നു. മൂക്കിൽ വിരലിട്ട് കറക്കുന്നു. അകത്തേക്ക് കയറാൻ ശ്രമിക്കുന്ന പൂച്ചയെ  ഓടിക്കുന്നു. ബസ്സിൽ വന്നിറങ്ങുന്നവരോട് കുശലന്വേഷണം നടത്തുന്നു. അവർ പോയ്ക്കഴിയുമ്പോൾ അവരെ കുറിച്ചുള്ള അപവാദങ്ങൾ തൊട്ടടുത്ത തയ്യൽക്കടക്കാരനോട്  പറഞ്ഞു കേൾപ്പിക്കുന്നു. അയാൾക്കു പക്ഷെ വല്ല്യ താല്പര്യമില്ലാത്തതു പോലെ തയ്യൽ തുടരുന്നു.
                                                 ഇനി ഒരു ചായ കൂടി കുടിക്കാൻ വയ്യ. ദാഹവും ക്ഷീണവുമൊക്കെ മാറി. ചെറുതായി വിശക്കുന്നുണ്ടു. പക്ഷെ അതടിവയറ്റിലാണു. ഞാൻ  വന്നു കയറിയപ്പോൾ ചായക്കടക്കാരൻ ചോദിച്ചതാണു എങ്ങൊട്ടേക്കാന്നു്. ഞാനൊന്നും മിണ്ടിയില്ല. പിന്നെ അയാൾ ഒന്നും ചോദിച്ചതുമില്ല. ഞാനൊരു നഗരവാസിയാണെന്നു കരുതിയിട്ടാവും. എന്റെ പെരുമാറ്റത്തിലും ചലനങ്ങളിലും ഒരു നഗരവാസിയുടെ ഹുങ്ക്‍ തോന്നിയിട്ടുണ്ടാവും. ഒരു നഗരവാസി ആരെ കാണാനാണു ഈ പട്ടിക്കാട്ടിൽ വന്നിരിക്കുന്നതു എന്നയാൾ കരുതുന്നുണ്ടാവും. ഞാൻ അന്വേഷിക്കുന്ന വ്യക്തിയെ കുറിച്ച് ഇയാളോടു അന്വേഷിക്കാമെന്നു വച്ചാൽ..ആ വ്യക്തിയുടെ ഈ നാട്ടിലെ അവസ്ഥയെന്താണെന്നറിയില്ല.
                                            ഇന്നത്തെ ആറാമത്തെ ബസ്സും വന്നു പോയി. മൂന്നു ചായ (വിരലിട്ടതു്), നാല് വട (തുളയുള്ളത്), ഒരു പഴംപൊരി (പഴം വയ്ക്കാതെ), രണ്ട് നാരങ്ങാവെള്ളം (ഉറുമ്പുകൾ ദീർഘശ്വാസം വലിക്കുന്നത്), ഒരു മോരും വെള്ളം (അച്ചാറിട്ടത്) മൂന്ന് നാണിപ്പൂവൻ രണ്ട് ഏത്തൻ. പിന്നെ ആറ് കിങ്ങ് ഒരു ഗോൾഡ്  (കിങ്ങിന്റെ കൂടൊഴിഞ്ഞത് കൊണ്ട്). ഇന്നത്തെ അയാളുടെ കച്ചവടം മോശമായില്ല. നൂറ് രൂപ കാശ് എന്റെ കയ്യിൽ നിന്നു തന്നെ അയാൾക്കു കിട്ടി. അത് കൊണ്ടാവാം ഇപ്പോൾ  എന്നെ നോക്കുമ്പോൾ അയാളുടെ മുഖത്ത് വശ്യമായ ഒരു ദയനീയത. വശ്യത കീശ നിറഞ്ഞതിന്റെയും, ദയനീയത എന്റെ ഈ കുത്തിയിരുപ്പ് കണ്ടിട്ടുമാവും.
                                            ഇപ്പോൾ പുറത്ത് പൊടിപടലങ്ങൾ ഒന്നടങ്ങിയിട്ടുണ്ട്. അതോ അന്തരീക്ഷം ഇരുണ്ടത് കൊണ്ട് കാണാൻ കഴിയാത്തതോ?ചായക്കടക്കാരൻ വിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പിലാണു. തയ്യൽക്കാരൻ ഒരു ബൾബ് വലിച്ച് പുറത്തേക്കിട്ടു. ചായക്കടക്കാരൻ പ്രാർത്ഥിക്കുകയാണു. എന്നെ പോലൊരുത്തൻ, അല്ലെങ്കിൽ ഞാൻ തന്നെ നാളെയും വരണേ എന്നാവും.
                                           എന്റെ കാത്തിരിപ്പു തുടങ്ങിയിട്ടു ഏഴ് മണിക്കൂർ കഴിഞ്ഞു. രാഘവേട്ടൻ പറഞ്ഞ സ്ഥലം ഇതു തന്നെയാണോ?. അല്ലെങ്കിൽ പിന്നെ ആലും മാവും പിണഞ്ഞു നില്ക്കുന്ന പ്രകൃതിയുടെ വിസ്മയം എന്നു ഞാൻ വിശേഷിപ്പിക്കുന്നിടം മറ്റെവിടെയാണുള്ളതു. ഉണ്ടെങ്കിൽ കൂടി അതിന്റെ ചുവട്ടിൽ ഒരു പൊട്ടക്കിണർ ഉണ്ടാവില്ല. (നഗരത്തിലുമുണ്ട് വിസ്മയങ്ങൾ. അംബരചുംബികളായ കോൺക്രീറ്റ് വിസ്മയങ്ങൾ. അവർ രതിയിലേർപ്പെടുന്നില്ല, തമ്മിൽ ഭോഗിക്കുന്നില്ല. എങ്കിലപോലും അവയ്ക്കു വംശനാശം സംഭവിക്കുന്നില്ല. ദിനംപ്രതി പുതിയവ ജന്മം കൊള്ളുന്നു. താറിട്ട റോഡുകളും, വാഹനങ്ങളും, പുകപടലങ്ങളും അവയ്ക്കു അതിർത്തിത്തീർക്കുന്നു. ആകാശം നോക്കി  നില്ക്കുന്ന അവയ്ക്കു തമ്മിൽ എന്ത് ബന്ധം. അതിനുള്ളിലുള്ളവരും ഓട്ടമല്ലെ, മാനം മുട്ടെ വളരാൻ. അതിനിടയിൽ എന്തു പ്രണയം, എന്ത് രതി. എല്ലാം വെറും കൊഞ്ഞനം കുത്തലുകൾ മാത്രം. അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരും സ്വയം ഇളിഭ്യരാകുന്നു. ബന്ധങ്ങൾ ശിഥിലമാവുമ്പോൾ അംബരചുംബികൾ ദൃഢമാകുന്നു. ബലിയാടാവുന്നതോ പാവം വൃക്ഷങ്ങൾ. അവയ്ക്കു കരയാനറിയില്ല. ചില്ലകളിൽ കാറ്റെത്തുമ്പോൾ ചിരിക്കാനറിയാം. പാവങ്ങൾ നിശബ്ദരായി കോടാലിക്കു മുന്നിൽ തലകുനിക്കുന്നു.)
                                          ചായക്കടക്കാരൻ എന്റെ അടുക്കലേക്ക് വരുന്നുണ്ട്. അയാളുടെ ശരീരമാകെ എന്നോടുള്ള ബഹുമാനം തുടിക്കുന്നുണ്ട്. " ഇനിയൊരു ബാബുമോൻ കൂടിയെ ഉള്ളൂ. അതെട്ടുമണിക്കാണു..സാറ് കാക്കണാൾ അതീക്കാണില്ല. അതിനാത്ത് നിറയെ ടൌണീ പിച്ചയ്ക്കു പോയ തെണ്ടികളും, പോക്കറ്റടിക്കാരും, വേശ്യകളുമാ. വയലും വീടും തുടങ്ങുമ്പ കിഴക്കോട്ട് പോയ സിനിമോള് തിരിച്ച് വരും. പടിഞ്ഞാട്ടേക്കു. അതീക്കേറിയാ ടൌണീ എറങ്ങാം ". അത് പറഞ്ഞയാൾ തിരിച്ച് പോയി റേഡിയോ ഓൺ ചെയ്തു് എനിക്കു നേർക്ക് തിരിച്ച് വെച്ചു. അതവിടിരുന്നു പൊട്ടിതെറിക്കാൻ തുടങ്ങി.
                                         ഒരു പക്ഷെ ഞാൻ ബാബുമോനെ കാത്ത് നില്ക്കില്ലായിരുന്നു. സിനിമോളെ പുണർന്നു നഗരം പുൽകിയേനെ. പക്ഷെ അയാളുടെ വാക്കുകൾ  എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. കാരണം, ഞാൻ കാത്തിരുന്നാൾക്കു ബാബുമോനിലെ വരാൻ കഴിയൂ.. ' വനകല ' അവളെക്കാത്താണു് ഞാനിതുവരെ വെള്ളം  കുടിച്ചിവിടിരുന്നതു്. ഒരു വേശ്യയെ കാത്താണു ഞാനിവിടിരുന്നതെന്നു് അയാളോടെങ്ങനെ പറയും.? 
                                         വനകല, ഒരു ഒന്നന്തരം വേശ്യയാണവൾ. പണം നൽകിയൽ വിയർപ്പൊപ്പുന്നവൾ, മുടിയിഴകളിലൂടെ വിരലോടിക്കുന്നവൾ, കാലുകൾ  നിശബ്ദമാക്കുന്നവൾ, അടിവയറ്റിലെ വിശപ്പ് മാറ്റുന്നവൾ. പരിശുദ്ധയാണവൾ. വാങ്ങുന്ന കാശിനു് വില കൽപ്പിക്കുന്നവൾ. അവൾ ചെയ്യുന്നത് ഒരു പുണ്യപ്രവർത്തിയാണു. ചൂട് പിടിച്ച മനസ്സും ശരീരവും അവൾ തണുപ്പിക്കുന്നു. തലച്ചുമടായി കൊണ്ടുവന്ന വേദനകൾ ഏറ്റ് വാങ്ങി അവളുടെ വിയർപ്പിൽ ലയിപ്പിച്ച് കളയുന്നു. വനകല  പരിശുദ്ധയാണു്. വനകല പുണ്യവതിയാണു്. വനകല വാഴ്ത്തപ്പെടേണ്ടവളാണു്.  
                                         വനകലയെ ഒരിക്കൽ മാത്രമെ ഞാൻ കണ്ടിട്ടുള്ളു. അതെന്റെ കമ്പനിയിലെ സെക്ക്യൂരിറ്റിക്കാരൻ രാഘവേട്ടന്റെ കറുത്ത് തടിച്ച ശരീരത്തിനടിയിൽ വിയർത്ത് കുളിച്ച് കിടക്കുന്ന ഒരു ഇരു നിറക്കാരിയയി മാത്രം. അന്നവൾ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു. ഇന്നവളുടെ കണ്ണുകൾ മുത്തം കൊണ്ടു പൊതിയണം.                                          


2 comments:

  1. നന്ദി..കഴിയുമെങ്കിൽ വനകലയെ കുറിച്ച് ഇവിടെ എഴുതു..ഇഷ്ടപെട്ടുവെങ്കിലും ഇല്ലെങ്കിലും..

    ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....