Thursday, August 22, 2013

കീഴ്പ്പെടുത്തല്‍ (വനകലയ്ക്കൊപ്പം - ലോഡ്‌ജ്‌ - പേജ് നമ്പര്‍ 28)

നീ എന്തിനെയാണ് പേടിക്കുന്നത് ?
നീ ആരെയാണ് പേടിക്കുന്നത്?
സുഹൃത്തുക്കള്‍ നമ്മെ അംഗീകരിച്ചു കഴിഞ്ഞു.
ബന്ധുക്കളും കുടുംബാഗങ്ങളും, അവര്‍ നാം പറയുന്നതേ കേള്‍ക്കൂ.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറം
ഒരു സമൂഹമുണ്ട് അവര്‍ നമ്മെ അംഗീകരിക്കും.
ഈ നാലു ചുവരുകള്‍ക്കുള്ളില്‍ നാമിപ്പോ സുരക്ഷിതരാണ്.
വാതിലുകള്‍ മുറുകെ പൂട്ടിയിട്ടുണ്ട്. അത് ഞാന്‍ രണ്ടാവര്‍ത്തി ഉറപ്പു
വരുത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചമെയുള്ളൂ. അതും കെടുത്താവുന്നത്.
നിഴലുകള്‍ ഇരുട്ട് പുതച്ചുറങ്ങും. മൂലയില്‍ വല കെട്ടിയ എട്ടുകാലി
പോലും ഇര പിടിക്കുന്ന തിരക്കിലാവും. മറ്റ് പ്രാണികള്‍ ആ വല
തേടിയുള്ള പരക്കം പാച്ചിലിലാവും. അതും വെറും പ്രാണികള്‍.
അതിലെല്ലാമുപരി എന്റെ കൈകള്‍ക്കുള്ളില്‍ നീ പൂര്‍ണ്ണമായും
സുരക്ഷിതയാണ്.സ്വതന്ത്രയാണ്. എന്റെ ചൂടില്‍ നിന്റെ സ്വപ്നങ്ങള്‍
വിരിയുകയാണ്. കൊഴിയുകയല്ല വാടുകയല്ല.
ഇവിടെ നിറയാന്‍ പോകുന്ന വിയര്‍പ്പിന്റെ കണങ്ങള്‍ക്ക് പോലും ഇനി
നീയഴിച്ചു വെച്ച മുല്ലമാലയുടെ മണമാകും.
തട്ടില്‍ കറങ്ങുന്ന പഴഞ്ചന്‍ പങ്കയുടെ അലര്‍ച്ചയില്‍ പേടിച്ചരണ്ട്
നമ്മുടെ ദുഷിച്ച നിശ്വാസങ്ങള്‍ പോലും ഈ ചെറു മുറിയില്‍ പതുങ്ങും.
നീയെന്ന ബിന്ദുവില്‍ നിന്നും ഞാനെന്ന ബിന്ദുവിലേക്ക്
നീ സൂക്ഷിച്ചിക്കുന്ന അകലം ഇന്നില്ലാതാകും.
മഷി വീണു പടരരുത് എന്ന കരുതലോടെ പൊതിയിട്ടു സൂക്ഷിച്ച
നിന്റെ വെള്ളക്കടലാസു പുസ്തകത്തില്‍ ഞാന്‍ കോറിയിടാന്‍ പോകുന്ന
അക്ഷരങ്ങള്‍ വടിവൊത്തതാകും.
തെറ്റ് പറ്റാതെ നീയതു കൂട്ടി വയിക്കുമെന്നു കരുതുന്നു.
ആദ്യ പുറവും മറുപുറവും നീ എനിക്ക് മുന്നില്‍ മറിക്കണം.
എനിക്കുറപ്പുണ്ട് വരും താളുകള്‍ എല്ലാം എനിക്കെന്നു നീ ആണയിടും.
നീയെനിക്ക് വേണ്ടി തെളിക്കുന്ന ഓരോ താളിലും ഞാന്‍ കവിത രചിക്കും.
കണ്ണീര്‍ കവിതകളല്ല. പ്രണയം തുളുമ്പുന്നവ.
ഞാന്‍ നിന്നിലേക്ക് പകരാന്‍ പോകുന്നത് ഒരിക്കലും മത്ത് പിടിക്കാത്ത
മധുര ചഷകമാണ്. എന്റെ വിയര്‍പ്പ് കുമിളകള്‍
പാടെ വടിച്ചു മാറ്റി മൂര്‍ച്ചയേറിയ മഞ്ഞു കഷ്ണങ്ങള്‍ വിതറി നല്‍കും.
നിന്റെ ധമനികളില്‍ ഇനിയെന്റെ പിടച്ചിലുകള്‍ പ്രകമ്പനം സൃഷ്ടിക്കും.
എന്റെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള വ്യഗ്രതയില്‍
എല്ലായ്പ്പോഴും നിന്റെ ചെവിക്കരികില്‍ എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരിക്കും.
നിന്റെ തോന്നലുകളില്‍ അങ്ങകലെ കാണുന്നത് ഒരു പ്രളയമായിരുക്കും.
അത് പക്ഷെ ചാഞ്ഞു പെയ്യുന്ന ഒരു ചെറു ചാറ്റല്‍ മഴയാണ്.
ഇനിയൊരാവര്‍ത്തിയും നീയാ മഴ നനയാതിരിക്കാന്‍ തുനിയില്ല.
ഇനി വരേണ്ടത് അസ്തമയമാണ്. പൂര്‍ണ്ണമായും ഇരുള്‍ വീഴും.
മറച്ച തൂവാലയില്‍ നിന്റെ തളര്‍ച്ച പൊതിയാം. വാരി കുത്തുന്ന മുടി
ചുരുളുകള്‍ തട്ടമിട്ട് മറയ്ക്കാം. മാഞ്ഞ ചന്തിനെയോര്‍ത്തു വേവലാതിപ്പെടേണ്ട.
സന്ധ്യയിലതല്ലേലും അഭംഗിയാണ്. ചെമ്മാനത്തിനു കീഴെ നിഷ്പ്രഭമാണ്.
പുറത്തിടനാഴിയില്‍ കുറുനരികള്‍ പല്ലിളിക്കും കണ്ണുരുട്ടും. കണ്ണടയ്ക്കുക വയപൊത്തുക.
കോണിപ്പടിയ്ക്ക് താഴേ ചോദ്യം ചെയ്യപെട്ടേക്കാം. അഭിനയിച്ചേക്കുക.
നടു നിവര്‍ത്തിയ നീളന്‍ നോട്ടുകള്‍ പ്രദര്‍ശ്ശിപ്പിച്ചു കൊണ്ട് ഞാന്‍ മറുപടി നല്‍കും.
കൂടെ തലയാട്ടിയേക്കുക. പുറത്ത്‌ കടന്നാല്‍ കുറച്ചു കൂടി വിശാലമായിരിക്കും.
ശുദ്ധവായു ആവോളം ശ്വസിക്കാം. ധൃതി പിടിച്ച ഒരു കൂട്ടം മനുഷ്യര്‍
തലങ്ങും വിലങ്ങും പായുന്ന ഒരു വീഥിയില്‍ നാം ചേര്‍ന്നലിഞ്ഞില്ലാതാകും.
നിന്നെപ്പോലൊരുവള്‍ അക്കൂട്ടത്തിലുണ്ടാവും.എന്നെപ്പോലൊരുവനും.
ഹൃദയങ്ങള്‍ ഒന്നായി മാറിയതിനാലും ഭൂമി ഉരുണ്ടതിനാലും നമുക്ക് ഇനി
കാണാതിരിക്കാന്‍ കഴിയില്ല. ഇതുവരെ കാത്തു സൂക്ഷിച്ചതൊന്നു നീയെനിക്ക് നല്‍കിയത്
ഞാനെന്നുമോര്‍ക്കും. പകരം ജീവിതം നല്‍കാമെന്ന എന്റെ ഉറപ്പ് നിനക്ക് വിശ്വസിക്കാം.

2 comments:

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....