Friday, December 28, 2012

ഒരു പൈങ്കിളിക്കഥ

അവളെക്കാണാന്‍ ഇത് ഒരു പക്ഷെ നൂറാം തവണയാണ് ഇവിടേക്ക് വരുന്നത്. ഇതിനു മുന്‍പ്‌ എല്ലാ തവണയും എന്‍റെ കൈകളില്‍ പിടിച്ചു വലിച്ചു കൊണ്ടാണ്‌ അവള്‍ അകത്തേക്ക് ക്ഷണിക്കുന്നത് . പിന്നെ പിടിവിട്ടു അകത്തേക്ക് ഒരോട്ടമാണ്. അവളുടെ അമ്മയെ വിളിക്കും, ഞാന്‍ വന്ന കാര്യം പറയും. അവര്‍ ഒരു പുഞ്ചിരി പൊഴിച്ചിട്ടു ഒരു കപ്പ് കാപ്പി ഉറപ്പ്‌ നല്‍കി അകത്തേക്ക് കയറിപ്പോകും.  അവളെന്നെ അവളുടെ മുറിയിലേക്ക് വലിച്ചു കൊണ്ട് പോകും. പാവക്കൂട്ടങ്ങള്‍ക്കിടയിലെ പുതിയ അതിഥിയെ പരിചയപെടുത്തും. എന്നെ കൊണ്ട് അതിനൊരു ഉമ്മ കൊടുപ്പിക്കും. മോള്‍ക്കുമ്മയില്ലെന്നു പറഞ്ഞു പിണങ്ങും. അവള്‍ക്കറിയാം, അത് കേള്‍ക്കുമ്പോള്‍  ഞാന്‍ കവിളില്‍ ചുംബിച്ചു തോളില്‍ എടുത്തു ചുഴറ്റുമെന്നു. അവളുടെ കുഞ്ഞി പൊട്ടിച്ചിരി കാണാന്‍ എനിക്കും ഇഷ്ടമായിരുന്നു. അപ്പോഴേക്കും അമ്മ കാപ്പിയുമായി വരും. അങ്കിളിനെ ബുദ്ധിമുട്ടിക്കല്ലേ മോളെ എന്ന് പറയുമ്പോള്‍ അവളെന്നെ ഇറുകെ പുണരും.
        ഇന്നിപ്പോള്‍ ഇത് ഒരു പക്ഷെ നൂറാം തവണ, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെന്നെ വീണ്ടും വീട്ടിലേക്കു ക്ഷണിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ ആഗ്രഹങ്ങളിലൊന്ന് എന്റെ പഴയ കുരുന്നു കൂട്ടുകാരിയെ കാണണമെന്നാണ്... കുഞ്ഞി പല്ല് കട്ടിയുള്ള ചിരി കാണാന്‍ വീണ്ടും ആഗ്രഹം തോന്നിയിരുന്നു. ഒരിക്കല്‍ ‍, ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തില്‍  പ്രകാശം പരത്തിയിരുന്നത് അവള്‍ക്കൊപ്പമുള്ള നിമിഷങ്ങളായിരുന്നു. എനിക്ക് മീതെ ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ക്ക് കീഴെ എന്റെ കൈവിരലില്‍ തൂങ്ങി  ഒരു പൂമ്പാറ്റയെ പോലെ പാറിപറന്നു നടന്നിരുന്നു. ഒറ്റയാനായിരുന്നെങ്കിലും ജീവിക്കാന്‍ പണം ആവശ്യമായി വന്നപ്പോള്‍ ജോലിയന്വേക്ഷിച്ചു നാട് വിടേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, എന്റെ നാട്ടിലേക്ക്.. അവളോടപ്പൊമുള്ള അവസാന ദിവസം എനിക്കോര്‍മ്മയുണ്ടു.. ഒരു മഴക്കാലമായിരുന്നു  എനിക്ക് കടല് കടക്കേണ്ട ദിവസം. വൈകുന്നേരത്തെ സ്ഥിരം സന്ദര്‍ശനമെന്ന പോലെയാണ് അവിടെയെത്തിയത്. ചെല്ലുമ്പോള്‍ അവളുടെ അമ്മ ആകെ വിഷമത്തിലായിരുന്നു..മോള്‍ പനിച്ചു വിറയ്ക്കുന്നു. ആശുപത്രിയില്‍ കൊണ്ട് പോകണം. എടുത്ത് തോളില്‍ ഇടുമ്പോള്‍ ചുട്ടു  പൊള്ളുന്നുണ്ടായിരുന്നു. പനിച്ചൂടിന്റെ തളര്‍ച്ചയിലും അവളെന്നെ തിരിച്ചറിഞ്ഞു. അങ്കിള്‍ എന്ന് വിളിച്ചു കഴുത്തില്‍ മുറുകെ കൈ ചുറ്റി. യാത്രയെ കുറിച്ച് ഞാന്‍ വിസ്മരിച്ച മണിക്കൂറുകള്‍ . ഒടുവില്‍  ആശുപത്രി വരാന്തയില്‍ ഞെട്ടിയുണരുമ്പോള്‍ സമയം മാനമേറിയിരുന്നു. ആദ്യ അന്വേക്ഷണത്തില്‍ തന്നെ ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു. മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കിയിരിക്കുന്നു. ആശുപത്രി കിടക്കയില്‍ നിന്ന് കവിളില്‍ ഉമ്മ കൊടുത്തു മാറുമ്പോള്‍ തളര്‍ച്ച മാറിയ ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു. എന്റെ വിരല്‍ തുമ്പില്‍ നിന്നും അവളുടെ കുഞ്ഞു കൈ കട്ടിലിലേക്ക്  ഊര്‍ന്നു വീണു. എനിക്ക് പോകാതിരിക്കാന്‍ കഴിയില്ലായിരുന്നു.
       പന്ത്രണ്ട് വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ ആഗ്രഹങ്ങളിലൊന്ന് എന്റെ പഴയ കുരുന്നു കൂട്ടുകാരിയെ കാണണമെന്നാണ് ... കുഞ്ഞി പല്ല് കട്ടിയുള്ള  ചിരി കാണാന്‍ വീണ്ടും ആഗ്രഹം തോന്നിയിരുന്നു.
      അവിടം ഒരു പൂന്തോട്ടമായി മാറിയിരുന്നു. മുറ്റം നിറയെ പൂക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു. കണ്ണുകള്‍ കൊണ്ട് അവിടമാകെ ഞാനവളെ തിരഞ്ഞു. ഒരു പൂമ്പാറ്റ പോലെ അവള്‍ അവിടെ പാറി നടക്കുന്നുണ്ടോയെന്നു. ഇല്ലായിരുന്നു... ഗേറ്റ് തുറന്നു ചെല്ലുമ്പോള്‍ എന്നിലേക്ക് പറന്നു വരുന്ന ഒരു പൂമ്പാറ്റയായിരുന്നു, അവളെന്റെ ഓര്‍മ്മയില്‍ .
      ബെല്‍ മുഴക്കി കാത്തു നിന്നു. കാതുകളില്‍ വന്നലച്ച കാളിങ്ങ് ബെല്‍ കിളിയുടെ നീളന്‍ കരച്ചില്‍ പത്തു വര്‍ഷം പിന്നിലേക്ക്‌ കൂട്ടികൊണ്ട് പോയി.  അതിനു പിന്നാലെ പാദസ്വരത്തിന്റെ ചിലമ്പല്‍ അടുത്തു വന്നുകൊണ്ടിരുന്നു. വാതില്‍ പാതി തുറന്ന്‍ അവള്‍ അഥവാ ഒരു പെണ്‍കുട്ടി തല നീട്ടി. ഒരപരിചതനോടെന്നപോലെ കണ്ണുകള്‍ ചുളിച്ചു ആരെന്നന്ന്വേക്ഷിച്ചു. അങ്കിള്‍ എന്നതിനൊപ്പം എനിക്കെന്റെ പേര് കൂടി ചേര്‍ക്കേണ്ടി വന്നു. എനിക്കപരിചിതത്വം തോന്നിയത് അവളുടെ പാതിമാത്രം വിരിഞ്ഞ പുഞ്ചിരിയിലായിരുന്നു. വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു. ദൂരേക്ക്‌ മാറി കസേര കാട്ടി തന്നു. അവളുടെ കണ്ണുകളില്‍ നേരിയ ഭയം ഊറി നിന്നു . വിയര്‍പ്പ് പൊടിഞ്ഞ മൂക്കിന്‍ തുമ്പില്‍ ചോര ചുവന്നു . വരണ്ടതെന്ന പോലെ ചുണ്ട് നനച്ചു . ധരിച്ചിരിക്കുന്നു വസ്ത്രത്തില്‍ വിശ്വസമില്ലാത്ത പോലെ തുമ്പുകളില്‍ പിടിച്ചു താഴേക്കും  വശത്തേക്കും വലിച്ചു കൊണ്ടിരുന്നു.  അമ്മ ഉടനെ വരുമെന്ന് ഒന്നിലേറെ തവണ ഓര്‍മ്മിപ്പിച്ചു. എനിക്ക് അത്ഭുതവും അതിലേറെ അസ്വസ്ഥതയും ഉണ്ടാക്കിയത് അവളുടെ ശരീര വളര്‍ച്ചയായിരുന്നു. അവളില്‍ നഷ്ടപെട്ട കുട്ടിത്തമായിരുന്നു. കൗമാരത്തിന്റെ തുടിപ്പായിരുന്നു. കാലം വികൃതമാക്കിയ കണ്ണു കൊണ്ടു അതിനെ കാണേണ്ട.
       മെല്ലിച്ച കൈകളാല്‍ അവളെ ആകാശത്തേക്ക് എറിയാന്‍ എനിക്ക് കഴിയില്ലല്ലോ. കവിളില്‍ ചുംബിച്ചു തോളില്‍ എടുത്ത്‌ ചുഴറ്റാന്‍ ഇനിയെന്റെ എന്റെ ആരോഗ്യം അനുവദിക്കില്ലല്ലോ. ഞാന്‍ വിസ്മരിച്ചു പോയത് അല്ലെങ്കില്‍ ചിന്തിക്കാതെ പോയത് കാലത്തിന്റെ സഞ്ചാരത്തെ കുറിച്ചായിരുന്നു.  കഴിഞ്ഞു പോയ കാലം എന്നെ ഒരു മദ്ധ്യവയസ്ക്കനാക്കി മാറ്റിയിരിക്കുന്നു. ഒരിക്കല്‍ അവള്‍ക്ക്  എന്നിലേക്കുണ്ടായിരുന്ന ദൂരം ഒരു കളിക്കൂട്ടുകാരനിലേക്കുള്ളതായിരുന്നു. ഇന്ന്‍ ഒരു പെണ്ണില്‍ നിന്നും പുരുഷനിലേക്കുള്ളതാണ്. അതിനു ദൈര്‍ഖ്യമേറെയാണ്. പറയാന്‍ കഴിയുന്ന ഒരു ബന്ധവും ഞാനുമായി ഇല്ല.  ' സുഹൃത്ത് ബന്ധം ' എന്ന് പറഞ്ഞു ചിരിക്കാം. അതിലേക്കു പോലും ഒരു ഇടുങ്ങിയ പാതയുണ്ട്. കാലം തീര്‍ത്ത ഒരു പാത. സമൂഹം അതിര്‍ തീര്‍ത്ത പാത. അതിലൂടെ സഞ്ചരിക്കുകയെന്നത്  മനസ്സിനെ  കൈവെള്ളയിലേക്ക് എടുത്ത്‌ പിടിക്കുകയെന്ന പോലെ വിഷമം പിടിച്ചതാണ്. അല്ലെങ്കില്‍ അത് ഉള്ളില്‍ നിന്നും പല വഴി സഞ്ചരിക്കും. ചിലപ്പോള്‍ ആ ഇടുങ്ങിയ പാതയിലൂടെയും. ചുറ്റും നോക്കും, ഇരുട്ടാണോയെന്നു. ചുറ്റും നോക്കും, ശൂന്യതയുണ്ടോയെന്നു. ചുറ്റും നോക്കും, കണ്ണുകളടയ്ക്കപ്പെട്ടിട്ടുണ്ടോയെന്നു. ചുറ്റും നോക്കും, വിജനമാണോയെന്നു. അങ്ങനെയെങ്കില്‍ മിടിക്കാന്‍ തുടങ്ങും, താളം നഷ്ട്ടപ്പെട്ട ചങ്ക്. ധമനികളില്‍ നിണമുരുകും. ചിലയിടങ്ങളില്‍ ചോരയൂറി കൂടും. മനസ്സ്‌ അതിന്റെ പാട്ടിനു പോകും. അങ്ങനെയെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാന്‍, എടുത്ത്‌ കൈവെള്ളയില്‍ പിടിക്കേണ്ടതുണ്ട് . വിരലുകള്‍ക്കുള്ളില്‍ ഞെരിച്ചമര്‍ത്താം,  വഴുതി പോകാതെ.
         മകളെ ഞാന്‍ ആയിരത്തിലൊരുവനല്ല.... എന്നുള്ളം നരച്ച ജീവിത യാത്രയില്‍ വിളര്‍ച്ച ബാധിച്ചതാണ്..അതിനു ചോരയുടെ ചൂടോ ഗന്ധമോ ഇല്ല.. അതിന്റെ താളം പതിഞ്ഞതാണ്..  ഒടുവിലായൊരിക്കല്‍ താളം തെറ്റിയത് നിന്റെ പനിച്ചുടില്‍ വിറച്ചിട്ടാണ്.. നിന്റെ മിഴി പിടഞ്ഞാല്‍ എന്നുള്ളം നിശബ്ദതമാകും.. മകളെ ഞാന്‍ ആയിരത്തിലൊരുവനല്ല..
     അമ്മയ്ക്കൊപ്പം വളര്‍ന്നിരിക്കുന്നു. ചായ വാഗ്ദാനം ചെയ്തു അകത്തേക്ക് പോയി. ചലനങ്ങളില്‍ ചടുലത നഷ്ടപ്പെട്ടിരുന്നു. നേര്‍ത്ത്‌ പതിഞ്ഞ കാല്‍വെയ്പ്പുകളില്‍ പാദസ്വരം വായ്‌ പൊത്തി കരഞ്ഞു.
   ഓര്‍മ്മയുടെ അടിത്തട്ടില്‍ നിന്നും, മുഖം നഷ്ട്ടപെട്ട ഒരു പുരുഷന്‍ വന്നിരിക്കുന്നു..അയാള്‍ കോറിയിട്ട ഓര്‍മ്മകള്‍ പാതിയിലേറെ മാഞ്ഞിരിക്കുന്നു. ആരാണ് ഇയാള്‍ . അമ്മ പറഞ്ഞു തന്ന പുരുഷന്‍മാര്‍ പലതരത്തിലാണ്. അകന്നു നില്‍ക്കേണ്ടവര്‍ . അടുത്ത് ചെല്ലാവുന്നവര്‍ ‍. ഇയാള്‍ ,     അതിനുമപ്പുറം ആരോ ആണോ ?
     ടീപോയുടെ ചില്ലില്‍ മുഖം മിനുക്കി. മുടിയൊതുക്കി. എന്‍റെ മുഖം ആഭാസന്റെതു പോലെ കുറുകിയിരുന്നോ ? വ്യഭിചാരിയുടെതു പോലെ ചീര്‍ത്തിരുന്നോ ? ചെകുത്താന്റെതെന്നപോലെ കൊമ്പ് മുളച്ചിരുന്നോ ? ഇല്ല.. കാലം നര നട്ടിരിക്കുന്നു. പ്രായം ചുളിവും ഇരുളും ചേര്‍ത്ത് ഉഴുതു മറിച്ചിരിക്കുന്നു..
     അവളുടെ മുറിയുടെ വാതില്‍ അടച്ചിരിക്കുന്നു. മിക്കിയും ടോമും ജെറിയും നിറഞ്ഞു നിന്ന വാതിലില്‍ ഇപ്പോള്‍ കൗമാരം ചിത്രങ്ങളായും അക്ഷരങ്ങളായും നിറഞ്ഞു നില്‍ക്കുന്നു‍. " ഡോണ്ട് ഡിസ്റ്റര്‍ബ് മീ ". ഒരു തൊപ്പിക്കാരന്‍ വിരല്‍ ചൂണ്ടി ചോദിക്കുന്നു " ഹൂ ആര്‍ യൂ "
     അതിനുള്ളില്‍ ആ പഴയ പാവക്കൂട്ടം ഉണ്ടാവുമോ? അവള്‍ക്കു നല്കാന്‍ ഞാനുമൊന്നു കരുതിയിട്ടുണ്ട്. സ്വര്‍ണ്ണ തലമുടിയും നീല കണ്ണുകളുമുള്ള ഒന്ന്.  അവള്‍ എന്നെ അവിടേക്ക് ക്ഷണിക്കാതിരിക്കില്ല. അവളുടെ കണ്ണുകള്‍ പൊത്തിയിട്ടു കയ്യിലുള്ള പാവയെ നല്‍കും. ഉറപ്പ്‌ , ഇത് പോലെയൊന്ന് അവളുടെ പാവക്കൂട്ടത്തില്‍ ഉണ്ടാവില്ല.
     ചായ വളരെ വേഗം ലഭിച്ചു. അവളുടെ അമ്മ നല്‍കിയിരുന്നതിനേക്കാള്‍ വേഗം. ടീപ്പോയില്‍ വെച്ച് പിന്നിലേക്ക്‌ മാറി. ഒരു കവിള്‍ കുടിച്ചു തിരികെ വെച്ചു. അതില്‍ മധുരമുണ്ടായിരുന്നില്ല. മധുരം മുന്നില്‍ സ്പൂണ്‍ ഇട്ടു വെച്ചിട്ടുണ്ടായിരുന്നു. അമ്മ പഠിപ്പിച്ച പാഠങ്ങളില്‍ ആതിഥ്യമര്യാദയും വേണ്ടുവോളമുണ്ടായിരുന്നു. നിശബ്ദതയ്ക്ക് ഇടം നല്‍കാതെ ചോദ്യങ്ങള്‍ വന്നു കൊണ്ടിരുന്നു. യാത്രയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും പൂര്‍ണ്ണതയില്ലാത്ത ചോദ്യങ്ങള്‍. ഓരോന്നിനും ഒടുവില്‍ പാതിവിരിഞ്ഞ പുഞ്ചിരിയും നല്‍കി. അവള്‍ ഇടയ്ക്ക് ഗേറ്റില്‍ അമ്മയെ പ്രതീക്ഷിക്കുന്നണ്ടായിരുന്നു. ഞാന്‍ അവളുടെ മുറിയിലേക്കുള്ള ക്ഷണവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിലെ പാവകുട്ടി വാശി പിടിച്ചുകൊണ്ടിരുന്നു.  അവളുടെ നോട്ടം ഗേറ്റില്‍ തന്നെയാണ്. എന്റേത് ആ വാതിലിലേക്കും.

7 comments:

  1. അനിവാര്യമായ അകലങ്ങള്‍

    കഥ നന്നായി

    ReplyDelete
  2. കാലത്തിന്റെ കോലം! കഥ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete
  3. നന്നായിടുണ്ട്. കാലം മാറ്റിയ ബന്ധങ്ങള്‍

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്...അയാളുടെ കയ്യിലുള്ള ആ പാവക്കുട്ടിക്ക് അറിയില്ലല്ലോ കാലം വരുത്തിയ അകലം....

    ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....