Wednesday, August 17, 2011

ചിതല്പുറ്റ്



എന്നെ അറിയുകയെന്നത്, എന്നിലേക്ക് വീശുന്ന കാറ്റിൽ പാറിനടക്കുകയെന്നാണു്.  എന്നിലേക്ക് എത്തിപ്പെടുകയെന്നത്, കാറ്റിനൊപ്പമുള്ള ഒരു ഒളിച്ച് കളിയാണു.എന്നിലേക്ക് എത്തിപ്പെടേണ്ടതിന്റെ ആവശ്യകതയെന്നത് നീ തിരഞ്ഞെടുത്തതാണു. അതിനുള്ള കാരണം ഒരു വേനലിൽ കണ്ട പരിചയമാവാം. ഞാൻ എന്നത് എനിക്ക് തന്നെ പുറം തിരിഞ്ഞു നില്ക്കുന്ന ഉടലില്ലാത്ത ഒരു നിഴൽ രൂപമാണ്.  എന്നെക്കാൾ നീളമുള്ളതും, മെലിഞ്ഞതുമാണത്. പ്രകാശം പോലും എന്നിൽ നിന്നും വളരെ ദൂരെയോ,  ഉയരത്തിലോ ആണുള്ളത്. ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം, എന്റെ മുന്നിലുള്ള പാത വീതിയേറിയതും, നിരപ്പായതുമണു. കാറ്റ് നിന്റെ മേലുള്ള പിടിവിട്ടാൽ പോലും നിനക്കിഴഞ്ഞ് എന്നിലെത്താം. എന്നിലൊരു രക്ഷകനെ നീ പ്രതീക്ഷിക്കരുത്. ഞാൻ തന്നെ ശിക്ഷിക്കപ്പെടേണ്ടവാനാണു. മുൾമുരിക്കിൽ മുള്ളുകമ്പിയാൽ ബന്ധിക്കപ്പെട്ടവനാണു. എന്നെ രക്ഷിക്കാൻ മുതിർന്നാൽ നിന്റെ കൈ മുള്ളുകളാൽ മുറിയാം. പകരം തരാൻ എന്റെ ഉടലിൽ നിണമില്ല.  നീ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞവൾ. പൊടിക്കാറ്റിൽ നഗ്നത മറച്ചവൾ.
ഞാനോ പെരുമഴയിൽ താഴേക്കൊഴുകാൻ മുനമ്പൊടിഞ്ഞു നില്ക്കുന്ന മൺക്കൂന. ഇനിയൊരു വേനലിൽ, ഒരിളം കാറ്റിനൊപ്പം നിനക്കെന്നിലലിയാം.         ചിതല്പുറ്റിനൊപ്പം ഒന്നായിപ്പുണർന്നിണച്ചേർന്നു മാനം മുട്ടാം..

2 comments:

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....