Thursday, March 20, 2014

അവള്‍ പറയുന്നു

അവള്‍ പറയുന്നു എന്നെ കുറിച്ചുള്ള ചിന്തകള്‍ അവള്‍ക്കു 
മേലൊരു കാര്‍മേഘമായി ഉരുണ്ടു കൂടിയിട്ട് പെയ്യനാകാതെ 
ഇടിമിന്നല്‍ കൂട്ടുന്നുവെന്നു.

അവള്‍ പറയുന്നു എന്നിലേക്ക് വീശിയൊഴിക്കാന്‍ മഴവില്ല് 
പിഴിഞ്ഞെടുത്ത ഏഴ് നിറങ്ങള്‍ എത്ര ചാലിച്ചിട്ടും 
കറുപ്പായിപ്പോകുന്നുവെന്നു.

അവള്‍ പറയുന്നു ഏറെയായി കാത്തടച്ചു വെച്ചിരുന്ന 
സിന്ദൂര ചെപ്പ് തുറന്നപ്പോള്‍ ആരോ പിഴുതെടുത്തു മാറ്റിയ 
കണ്‍പ്പീലി തുണ്ടുകളെന്നു.

അവള്‍ പറയുന്നു ജീവിതം എന്നെ ചുറ്റി പറ്റിയാണെന്നു. 
എനിക്ക് ചുറ്റും ഒരു ഭ്രമണപഥം സൃഷിട്ച്ചു അതിലൂടെ
സഞ്ചരിക്കുവാണെന്നു.

അവള്‍ പറയുന്നു ഉദയം കാണാനൊരു ഹൃദയവുമായി 
എനിക്ക് ചുറ്റും വലം വെയ്ക്കുന്നുവെന്നു. എത്ര ചുറ്റിയിട്ടും അസ്തമയത്തിനു മുന്‍പ്‌ എത്താന്‍ കഴിയുന്നില്ലാന്ന്.

അവളൊന്നും പറയാതിരുന്നതിന് ശേഷം
പിന്നെ ആരോടെന്നില്ലാതെ ചോദിക്കുന്നു എത്ര പറഞ്ഞാലും 
എന്ത് പറഞ്ഞാലും എനിക്കെങ്ങനെ വെളുക്കെ ചിരിക്കാന്‍
കഴിയുന്നുവെന്നു.
  

Wednesday, March 19, 2014

തുരുമ്പെടുക്കുന്നതിനു മുന്‍പ്‌


മണ്ണിനടിയില്‍ സുഖസുഷുപ്തി
പിന്നെ കള്ളതൂക്കം തൂങ്ങി ത്രാസിലാടുന്നു.
അവിടുന്ന് പിന്നെ ആലയ്ക്ക് മൂലയില്‍
തീക്കനലില്‍ ചുട്ടു പഴുക്കുന്നു. 
താളം തെറ്റാതെ കൂടത്തിനടിയേറ്റു വാങ്ങി
മെരുങ്ങി കൂര്‍ത്ത് വളഞ്ഞു തിളങ്ങുന്നു.
ഉരുളന്‍ തടിയില്‍ പിടിയിട്ടു
വിയര്‍പ്പൊലിക്കുന്ന മുതുകിലൊട്ടിയൊരു
രാത്രി യാത്ര.
നിലവിളിക്ക് മേല്‍ വായുവിലൂടെ തലങ്ങും
വിലങ്ങും പറന്നിറങ്ങുമ്പോഴും 
തടയുന്ന കൈകളില്‍ ആഴ്ന്നിറങ്ങുംമ്പോഴും
കാവിക്കെന്നോ ചുവപ്പിനെന്നോ പച്ചയ്ക്കെന്നോ
അറിയാതെ അടിമയെപ്പോലെ കണ്ണടച്ച് 
കൊണ്ടൊരു കൃത്യ നിര്‍വഹണം.

കഥകഴിഞ്ഞു. 
വലിച്ചെറിയാനൊരിടം തേടി വീണ്ടും യാത്ര.
പുഴയിലോ കുളത്തിലോ കാട്ട്പൊന്തയിലോ
സുരക്ഷിതമായൊരു വലിച്ചെറിയല്‍.
കഥതുടരുന്നു.
നായ നക്കാനായി ജീവിതം ചോരമണം 
പേറിയതറിയാതെ കാത്ത് കിടപ്പ്.
കഥതുടങ്ങുന്നു.
തൂവാലയില്‍ പൊതിഞ്ഞു വിചാരണയ്ക്കായി
ഒരു ജീപ്പ് യാത്ര.

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....