ഭക്ഷണം കഴിക്കുമ്പോള്‍ അപ്പന്‍ അധികം സംസാരിക്കാറില്ല. അത് കൊണ്ട് തന്നെ ഇന്ന് ഉച്ചയൂണിനു ഇരുന്നപ്പോള്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. മേശക്കിരുപുറവും ഇരുന്ന പെങ്ങന്മാര്‍ ഒന്ന് ഞെട്ടി. ഒരു മൂന്നു നിമിഷത്തേക്ക് പെങ്ങന്മാരുടെ വായ്ക്കും കയ്യിലെ ഉരുളയ്കും ഇടയില്‍ ഒരു മുരിങ്ങാ കോലിന്റെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. ഉരുള തരിച്ചു പാത്രത്തിലേക്കിട്ടു അവര്‍ എന്നെയും അപ്പനെയും മാറി മാറി നോക്കി. അപ്പന് വല്യ ഭാവ വ്യത്യാസമൊന്നും ഉണ്ടായില്ല. പരിപ്പിന് മുകളിലെ പപ്പടം അടിച്ചു തകര്‍ത്ത് ചോറില്‍ കുഴച്ചു . അതെനിക്കെന്റെ മുഖത്തടിച്ചത് പോലെ തോന്നി. ഇതിനിടയില്‍ മൂത്ത പെങ്ങള്‍ ഒന്നര ഗ്ലാസ്സ് വെള്ളം കുടിച്ചു ഓക്കാനം വന്ന മോന്തയും വെച്ചിരിപ്പായി. രണ്ടാമത്തവള്‍ പരന്നൊലിച്ച ഇഞ്ചിക്കറിയില്‍ കുരിശ് വരച്ചിരുന്നു. ഇളയവള്‍, അടുക്കളയില്‍ അമ്മച്ചി നെഞ്ചത്തടിക്കുന്ന ശബ്ദം വല്ലതും കേള്‍ക്കുന്നുണ്ടോയെന്നു ചെവികൂര്‍പ്പിച്ചിരിന്നു. രണ്ടു ഉരുള അകത്താക്കി ഒരിറക്ക് വെള്ളവും കുടിച്ചു പരിപ്പിന് ഉപ്പില്ലയെന്നു അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞിട്ടാണ് അപ്പന്‍ എനിക്ക് മറുപടി തന്നത്. " ജാതീം മതോം ഒന്നും ചോദിക്കുന്നില്ല, പാരമ്പര്യമോ, കുടുംബമഹിമയോ ഒന്നും കാര്യമല്ല. നീ വിളിച്ചു കൊണ്ടു വാ.. ഞാനും നിന്റെ അമ്മച്ചിയും ഇരു കൈയും നീട്ടി സ്വീകരിക്കാം." ഒരു ഉരുരുള കൂടി അകത്താക്കിയിട്ട്.. "പക്ഷെ ഒന്ന്, നിന്റെയീ മൂന്നു പെങ്ങന്മാരെയും നിന്റെ സ്വന്തം ചെലവില്‍ കെട്ടിച്ചു വിടണം. അഞ്ചിന്റെ പൈസ ഞാന്‍ തരില്ല. എന്നിട്ടെന്താ.. പെങ്ങന്മാരെ കേട്ടിച്ചുവിട്ടത്തിന്റെ മുഴുവന്‍ പേരും നീയെടുത്തോ.. ങഹും എന്താ സമ്മതാണോ ? " ഇത്തവണയും ഞെട്ടിയത് പെങ്ങന്മാര്‍ തന്നെ. അവരുടെ മൂക്കില്‍ മുളയ്ക്കാന്‍ പോകുന്ന പല്ലിന്റെ ഇരപ്പ് കേട്ടിട്ടാകും ഇത്തവണ ഞെട്ടിയത്. അല്ലെങ്കില്‍ പുരനിറഞ്ഞു ഉത്തരത്തില്‍ തല മുട്ടുമോ എന്ന പേടിച്ചിട്ട്. മൂന്നെണ്ണവും ഒരു കണക്കാ, അപ്പന്റെയും അമ്മയുടെയും സൗന്ദര്യം മുഴുവന്‍ കിട്ടിയിരിക്കുന്നത് എനിക്കാ.. ഒരു വര്‍ക്കത്തുമില്ലത്താ ഇവറ്റകള്‍ക്ക് കല്യാണചന്തയില്‍ വല്യ മാര്‍ക്കറ്റൊന്നുമുണ്ടാവില്ല. ഒരമ്പത് പവന്‍ വെച്ചെങ്കിലും ഓരോന്നിന്റെ തലയില്‍ കെട്ടി വെച്ചേ ഇറക്കി വിടാന്‍ പറ്റൂ. മൂത്തവള്‍ എന്റൊപ്പം പിറന്നു വീണതാ. എന്റൊപ്പം എന്ന് പറഞ്ഞാല്‍ എനിക്ക് മുന്നേ, ഒരു സൂചി ഒന്ന് കറങ്ങി വന്ന വ്യത്യാസം. അതിന്റെ ഏനക്കേട് അവളെന്നോട് കാണിക്കുന്നുണ്ട്. പിച്ചും, തോണ്ടും ചിലപ്പോ തലയ്ക്കിട്ടും തട്ടും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. വല്യ സാമൂഹ്യപ്രവര്‍ത്തകയും, ഒടുക്കത്തെ ഫെമിനിസ്ടുമാ. സ്ത്രീധനം നിരോധിക്കുകാ, സ്‌ത്രീധന പീഡനം അവസാനിപ്പിക്കുക എന്നൊക്കെ പറഞ്ഞു ആകാശത്ത് കൈറിഞ്ഞു കുറെ ടാര്‍ കാലില്‍ പറ്റിച്ചതാ. അതിലൊന്നും ഒരു കാര്യവുംമില്ല. രാത്രിയില്‍ അടുക്കളയില്‍ ചട്ടിയില്‍ തലയിടുന്നതിനിടയില്‍ അമ്മയോടു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.." ഒരു നൂറു പവനെങ്കിലും ഇട്ടു തന്നില്ലെങ്കില്‍ ഞാന്‍ ഇവിടുന്നു ഇറങ്ങി പോകില്ല." പിന്നെ രണ്ടമത്തവള്‍ ഒടുക്കത്തെ പടുത്തമാ .. പേരിനു പിന്നാലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കോമയിട്ട് തിരിക്കുന്നത് ഒരു ഹരമായിട്ടു മാറിയിട്ടുണ്ടവള്‍ക്ക്.. അത് കൊണ്ട് തന്നെ അടുത്ത കാലത്തൊന്നും അവള് കല്യാണത്തിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല.. അപ്പോഴേക്കും പവന് അരലക്ഷമെങ്കിലും ആയിട്ടുണ്ടാകും.. പിന്നെയുള്ളതു ഇളയവള്‍ ദൈവദീനം കൊണ്ടു അവളുടെ പഠനം പത്താം ക്ലാസ്സോടു കൂടി അവസാനിക്കും.. പത്താം ക്ലാസ്സ് ജയിച്ചിട്ടു വേണ്ടെ തുടര്‍ന്നു പഠിക്കാന്‍.. പഴയ തയ്യല്‍ മെഷിന്‍ അമ്മച്ചി ഇടയ്ക്ക് എണ്ണയിട്ടു വെയ്ക്കുന്നത് കണ്ടു. അത് ഇവളെ ഉദ്ദേശിച്ചാവും.. വിദ്യാഭ്യാസം ഇല്ല എന്ന ഒറ്റ കാര്യം കൊണ്ടു തന്നെ സ്വര്‍ണ്ണം മാത്രം പോര ഒരു ഒരു പുത്തന്‍ കാറില്‍ കേറിയേ അവളിവിടുന്നു പോകു.. അമ്മാവനും, അപ്പച്ചിക്കും ഒരൊറ്റ ആണ്മക്കള്‍ പോലുമില്ല എന്നാണ്.. എങ്കില്‍ അവന്മാരോടു കടം പറയാമായിരുന്നു..
എന്നാലും എന്റപ്പാ.. വല്ലാത്തൊരു ഏര്‍പ്പാടായിപ്പോയി.. എന്നാല്‍ പിന്നെ പ്രേമിച്ചു.. ഏതേലും കാശൊള്ള വീട്ടിലെ ഒന്നിനെ പ്രേമിച്ചിരുന്നെങ്കില്‍ അന്തസ്സോടെ സമ്മതിക്കാമായിരുന്നു. ഇതിപ്പോ ഗാന്ധിയന്‍ കുമാരന്റെ ചെറുമകള്‍ ഇന്ദിര..സ്വന്തം പറമ്പില്‍ നട്ട് വളര്‍ത്തുന്ന ചേനയും കാച്ചിലും മാത്രം ഭക്ഷിക്കുന്ന മോഹന്‍ദാസിന്റെ മകള്‍ ഇന്ദിര.. സ്വന്തം പാടത്ത് വിളവെടുത്ത കുത്തരി വെച്ച് കഞ്ഞി കുടിക്കുന്ന ഇന്ദിര.. തുളസിക്കതിര്‍ ചൂടിയ ഈറന്‍ മാറത്താ നീളന്‍ മുടി കണ്ടാണ് ഞാനവളില്‍ അനുരാഗവിവശനായത്. അടുത്തു ചെന്നപ്പോള്‍ കാച്ചെണ്ണയുടെയും ചെമ്പരത്തി താളിയുടെയും സുഗന്ദം.. പിന്നെ കരിയെഴുതി വിടര്‍ത്തിയ കണ്ണുകള്‍.. തക്കാളി ചുവപ്പുള്ള ചുണ്ടുകള്‍.. പിന്നെയൊന്നും പറയുന്നില്ല.. ഉറപ്പിച്ചു ഇവളെന്റെ ആദ്യ കാമുകി.. എന്നിട്ടിപ്പോ ഇന്ദിരേ.. നിന്നെയെനിക്ക് വേണ്ടെന്നു വെയ്ക്കേണ്ടി വരുമെന്നാണല്ലോ തോന്നുന്നത്..
ടൗണില്‍ സ്വര്‍ണക്കട നടത്തുന്ന ഫിലിപ്പോസിന്റെ മകള്‍ ആന്‍സി ഇങ്ങോട്ട് വന്നു ഇഷ്ടമാണെന്ന് പറഞ്ഞതാ.. അവളുടെ ചുണ്ടിന്റെ താഴെ ഒരു കറുത്ത പാടുണ്ടെന്ന ഒറ്റ കാരണത്താലാണ് ഞാന്‍ അവളുടെ മുന്നില്‍ കൈ മലര്‍ത്തിയത്.. പിന്നെ പൗള്‍ട്രിഫാം നടത്തുന്ന സഫാധിന്റെ ഒറ്റമകള്‍ സൌഫീന.. ഒരൊന്നൊന്നര ഉരുപ്പിടി. ഞാനൊന്ന് കൈ ഞൊടിച്ചാല്‍ മതിയായിരുന്നു..പക്ഷെ എന്താ..? അവള്‍ അടുത്തു വരുമ്പോള്‍ ഒരു മാതിരി ഇറച്ചി കോഴിയുടെ മണമാ. ബ് ഹേ.. ഇറച്ചിക്കറിയുടെ ആണേലും വേണ്ടില്ലായിരുന്നു. പണ്ടാരം അതുമല്ല സഫാധിനു ഈ അടുത്തു ഒരു കോടി രൂപ ലോട്ടറിയും അടിച്ചു.. ഹും ഒറ്റ മകളായിരുന്നു..
ഹൊ വല്ലാത്തൊരു കെണിയിലാണല്ലോ വീണതു.. ഇതിപ്പോ കഷത്തിരിക്കുന്നതും ഉത്തരത്തില്‍ ഇരിക്കുന്നതും എല്ലാം പോകുമെന്ന തോന്നുന്നത്.. നന്‍പന്‍മാരോട് അഭിപ്രായം
ചോദിക്കാമെന്ന് വെച്ചാല്‍.. കാര്യം നടന്നാലും ഇല്ലേലും അവന്മാര്‍ക്ക് പാര്‍ട്ടി നടത്തണം.. ഇപ്പോഴാത്തെ സാമ്പത്ത്യസ്ഥിധി വെച്ച് അത് നടക്കില്ല..
അല്ലെങ്കില്‍ ഫെയ്സുബുക്കില്‍ ഇതിന്റെ പേരില്‍ ഒരു കമ്മ്യൂണിറ്റി തുടങ്ങിയാലോ.? എല്ലാത്തിനും ഇപ്പൊ അതാണല്ലോ.
ഇന്ദിരേ...എന്നെ ശപിക്കല്ലേ..പെങ്ങന്‍മാരെ അപ്പന്‍ തന്നെ കെട്ടിച്ചു വിടട്ടെ.. അത് കഴിഞ്ഞു പാക്കലാം, നീ കെട്ടിയിട്ടില്ലെങ്കില്‍...